ബെയ്റൂത്ത്: ലെബനനിലും സിറിയയിലും ചൊവ്വാഴ്ചയുണ്ടായ പേജർ സ്ഫോടനപരമ്പരയ്ക്ക് പിന്നിൽ ദീർഘകാലമായി നടത്തിവന്ന ആസൂത്രണമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. തെക്കൻ ലെബനൻ, ബെകാവാലി, ബെയ്റൂട്ട്, സിറിയൻ തലസ്ഥാനം എന്നിവിടങ്ങളിലായി ആയിരക്കണക്കിന് പേജറുകളിൽ ഒരേസമയമാണ് ബാറ്ററികൾ പൊട്ടിത്തെറിച്ചത്. മുമ്പെങ്ങും കേട്ടിട്ടില്ലാത്ത ആക്രമണതന്ത്രം. അതിവിദഗ്ധമായാണ് ഇത് നടപ്പിലാക്കിയത്. ഒമ്പത് പേരുടെ മരണമാണ് നിലവിൽ സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും നിരവധി പേർ ഗുരുതരാവസ്ഥയിലാണ്. ഏകദേശം മൂവായിരത്തോളം പേർക്കാണ് സ്ഫോടനങ്ങളിൽ പരിക്കേറ്റിട്ടുള്ളത്.
ലെബനനിലേക്ക് ഇറക്കുമതി ചെയ്ത തായ്വാനീസ് നിര്‍മിത പേജറുകളാണ് പൊട്ടിത്തെറിച്ചത്. തായ്വാനിലെ ഗോള്‍ഡ് അപ്പോളോ എന്ന വയര്‍ലെസ് കമ്പനിയില്‍ നിന്നാണ് ഹിസ്ബുള്ള പേജറുകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുള്ളതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം അയ്യായിരത്തോളം പേജറുകൾ ഇത്തരത്തില്‍ ഓർഡർ ചെയ്തെന്നാണ് റിപ്പോര്‍ട്ട്. സ്ഫോടകവസ്തുക്കള്‍ നിറച്ച ഒരു ബോര്‍ഡ് പേജറുകള്‍ക്കുള്ളില്‍ സ്ഥാപിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ബോർഡിന് കോഡുകൾ സ്വീകരിക്കാനും സാധിക്കും. ഒരു തരത്തിലും കണ്ടുപിടിക്കാന്‍ സാധിക്കാത്ത തരത്തിലാണ് പ്രവര്‍ത്തനമെന്നാണ് ലെബനീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
അതേസമയം ഗോള്‍ഡ് അപ്പോളോ കമ്പനിയുടെ സ്ഥാപകന്‍ സു ചിങ്-ക്വാങ് വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. സ്ഫോടനപരമ്പരകളില്‍ ഉള്‍പ്പെട്ട പേജറുകള്‍ നിര്‍മിച്ചത് തങ്ങളല്ലെന്നാണ് അദ്ദേഹം പറയുന്നത്. പൊട്ടിത്തെറിച്ച പേജറുകള്‍ ഒരു യൂറോപ്യന്‍ കമ്പനിയുടേതാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ബ്രാന്‍ഡ് ട്രേഡ്മാര്‍ക് അംഗീകാരം മാത്രമേ തങ്ങള്‍ നല്‍കുന്നുള്ളൂവെന്നും പേജറിന്റെ ഡിസൈനിലോ നിര്‍മാണത്തിലോ പങ്കില്ലെന്നുമാണ് കമ്പനി വിശദീകരിക്കുന്നത്.
ആക്രമണത്തിന് പൂർണ ഉത്തരവാദി ഇസ്രയേലാണെന്ന് ഹിസ്ബുള്ള ആരോപിക്കുന്നത്. ആക്രമണം നടത്തിയത് ഇസ്രയേലാണെങ്കിൽ അതിനായി അവരുടെ ചാരസംഘടനയായ മൊസാദ് പേജറുകളുടെ ഉത്പാദന-വിതരണ സമയംമുതലുള്ള ഘട്ടങ്ങളിൽതന്നെ ഇടപെട്ടിട്ടുണ്ടെന്നുവേണം അനുമാനിക്കാൻ. ഇസ്രയേലിന് തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ളയും പ്രഖ്യാപിച്ചിട്ടുണ്ട്.