ന്യൂഡല്‍ഹി : ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജര്‍ വധത്തില്‍ ഇന്ത്യയ്ക്കെതിരേ വ്യക്തമായ തെളിവില്ലെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ തുറന്നു പറച്ചിലില്‍ പ്രതികരിച്ച് ഇന്ത്യ.
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയ്ക്കെതിരായ ആരോപണമെന്ന് ട്രൂഡോ സമ്മതിച്ചതിന് പിന്നാലെയാണിത്.
ഫോറിന് ഇന്റര്‍ഫിയറന്‍സ് കമ്മിഷന് മുന്‍പാകെയാണ് ട്രൂഡോ ഇത് തുറന്ന് പറഞ്ഞത്. ഇന്ത്യ പലതവണ പറഞ്ഞ കാര്യമാണ് ട്രൂഡോ ഇപ്പോള്‍ പറഞ്ഞതെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഇന്ത്യയ്ക്കെതിരായ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവും നല്കുന്നതില് കാനഡ പരാജയപ്പെട്ടുവെന്നും ഇതില്‍ പറയുന്നുണ്ട്.
ട്രൂഡോ സാഹചര്യം കൈകാര്യം ചെയ്ത രീതിയേയും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞതിന്റെ ഉത്തരവാദിത്തം ട്രൂഡോയ്ക്ക് മാത്രമായിരിക്കുമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നിജ്ജര്‍ വധവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്ന അവകാശവാദം വിഴുങ്ങിയാണ് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ തുറന്നുപറച്ചില്‍.