കോഴിക്കോട്: ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍ കേന്ദ്രസഹായത്തിനായി സമര്‍പ്പിച്ച മെമ്മോറാണ്ടത്തില്‍ എസ്.ഡി.ആര്.എഫിന്റെ മാനദണ്ഡത്തില്‍ ഇല്ലാത്ത സന്നദ്ധപ്രവര്‍ത്തകരുടെ ചെലവ് അടക്കമുള്ളവ ഉള്‍പ്പെടുത്തിയത് വീഴ്ചയെന്ന് വിമര്‍ശനം. സൗജന്യസേവനം നല്കിയ സന്നദ്ധപ്രവര്‍ത്തകരുടെ ഭക്ഷണം, യാത്രാച്ചെലവ് എന്നിവ ഉള്‍പ്പെടുത്തിയതില്‍ കേന്ദ്രസര്‍ക്കാര്‍ തടസ്സവാദമുന്നയിക്കാന്‍ കാരണമാവുമെന്നും അത് മൊത്തത്തിലുള്ള സഹായത്തെ ബാധിക്കുമെന്നുമാണ് ദുരന്തനിവാരണരംഗത്തെ വിദഗ്ധര്‍ പറയുന്നത്.
സന്നദ്ധപ്രവര്‍ത്തകരുടെയും സൈന്യത്തിന്റെയും ഭക്ഷണത്തിനും കുടിവെള്ളത്തിനുമായി 10 കോടിയും യാത്രാച്ചെലവിനായി നാലുകോടിരൂപയുമാണ് മെമ്മോറാണ്ടത്തില്‍ പ്രതീക്ഷിത ചെലവായി കാണിച്ചിരിക്കുന്നത്. മാനദണ്ഡത്തില്‍ ഇല്ലാത്തകാര്യം ഉള്‍പ്പെടുത്തിയതും ഇത്രയേറെ ചെലവുകള്‍ കൂട്ടിക്കാണിച്ചതും തിരിച്ചടിയാവുമെന്ന് സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെന്റര്‍ മുന്‍ മേധാവി കെ.ജി. താര പറയുന്നു.
എസ്.ഡി.ആര്.എഫിന്റെ മാനദണ്ഡത്തില്‍ ഇല്ലാത്ത ചെലവുകള്‍ പ്രത്യേകപാക്കേജായി ആവശ്യപ്പെടുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. യഥാര്ഥചെലവുകള് വേറെയും നല്‍കേണ്ടിയിരുന്നെന്നും അവര്‍ പറയുന്നു. എന്നാല്‍, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടയിലാണ് മെമ്മോറാണ്ടം തയ്യാറാക്കിയത്. പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനത്തിന് മുന്നോടിയായി ഇത് പൂര്‍ത്തിയാക്കേണ്ടിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രതീക്ഷിക്കുന്ന ചെലവുകൂടെ ഉള്‍പ്പെടുത്തിയേ തയ്യാറാക്കാന്‍ കഴിയൂ എന്നാണ് റവന്യു വകുപ്പ് പറയുന്നത്.
ഉമ്മന്‍ചാണ്ടിയുടെ കാലത്ത് നല്‍കിയത് 13,000 കോടിയുടെ മെമ്മോറാണ്ടം- റവന്യൂ മന്ത്രി
കോഴിക്കോട്: എസ്.ഡി.ആര്.എഫ്. മാനദണ്ഡപ്രകാരമാണെങ്കില്‍ 218 കോടിയേ ലഭിക്കുകയുള്ളൂ എന്ന് റവന്യൂ മന്ത്രി കെ. രാജന് പറഞ്ഞു. അത്രയല്ലല്ലോ വയനാട്ടിലുണ്ടായ നഷ്ടം. കൂടുതല്‍ വേണ്ടതുകൊണ്ടാണ് മെമ്മോറാണ്ടം കൊടുത്തത്. 2012 മുതല്‍ മറ്റു സംസ്ഥാനങ്ങള്‍ നല്കിയ മെമ്മോറാണ്ടങ്ങള്‍ പരിശോധിച്ചാല്‍ കാര്യം വ്യക്തമാവും. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് 13,000 കോടിയുടെ മെമ്മോറാണ്ടമാണ് നല്‍കിയത്. ഭാവിയില്‍ ഉണ്ടാവുന്ന ചെലവുകള്‍ കൂടെ മുന്നില്‍ക്കണ്ടാണ് കണക്കുനല്കിയത്.
എസ്റ്റിമേറ്റിലുള്ള തുകവേണ്ട. യഥാര്‍ഥത്തില്‍ ചെലവായ തുക നല്കിയാല് മതി എന്നതുകൊണ്ടാണ് ഓരോ കണക്കിന്റെകൂടെയും ആക്ച്വല്‍ എന്നുകൂടെ ചേര്‍ത്തതെന്നും മന്ത്രി പറഞ്ഞു.