മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് ഒരു ചിത്രം വരുന്നുവെന്നുള്ള റിപ്പോർട്ടുകൾ ആരാധകരെയാകെ ആവേശത്തിലാഴ്ത്തിയിരുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുതാരങ്ങളും ഒരുമിച്ചെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ ശ്രീലങ്കയായിരിക്കും എന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
മമ്മൂട്ടികമ്പനിയും ആശീർവാദ് സിനിമാസും ഒരുമിച്ചാണ് ചിത്രം നിർമിക്കുന്നത്. 30 ദിവസം ശ്രീലങ്കയിൽ ചിത്രീകരണമുണ്ടാകും. കേരളം, ഡൽഹി, ലണ്ടൻ എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷനുകൾ.
സെപ്റ്റംബർ 15-ന് മഹേഷ് നാരായണൻ ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധനയുമായി പ്രധാനമന്ത്രിയുടെ വസതിയിൽവെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. മലയാളം സിനിമ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ആൻ്റോ ജോസഫും സംവിധായകനൊപ്പം ഉണ്ടായിരുന്നു.
നേരത്തെ നിർമാതാവ് ആന്റണി പെരുമ്പാവൂർ ആണ് മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ച് ആദ്യസൂചനകൾ നൽകിയത്. 11 വർഷത്തിന് ശേഷമാണ് ഇരുവരും ഒരു സിനിമയിൽ ഒന്നിച്ചെത്തുന്നത്.
നേര് ആണ് ആശീർവാദ് സിനിമാസ് നിർമിച്ച് ഒടുവിൽ തിയേറ്ററുകളിലെത്തിയ മോഹൻലാൽ ചിത്രം. ലൈക്ക പ്രൊഡക്ഷൻസിനൊപ്പം നിർമിക്കുന്ന എമ്പുരാൻ അണിയറയിൽ ഒരുങ്ങുകയാണ്. വൈശാഖ് സംവിധാനം ചെയ്ത ടർബോ ആണ് മമ്മൂട്ടി കമ്പനിയുടേതായി അവസാനം പുറത്തുവന്ന ചിത്രം.
എം.ടി. വാസുദേവൻ നായരുടെ വിവിധ തിരക്കഥകളെ ആസ്പദമാക്കി ഈയിടെ പുറത്തിറങ്ങിയ മനോരഥങ്ങൾ എന്ന ആന്തോളജി സീരിസിലെ രണ്ട് വ്യത്യസ്ത ചിത്രങ്ങളിൽ മമ്മൂട്ടിയും മോഹൻലാലും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.