ന്യൂഡൽഹി: സ്ത്രീപീഡന സംഭവങ്ങളിൽ പരാതിനൽകാൻ വൈകുന്നതിന് അന്താരാഷ്ട്രതലത്തിൽത്തന്നെ ഒട്ടേറെ ഉദാഹരണങ്ങളുണ്ടെന്ന് കേരളം സുപ്രീംകോടതിയിൽ. അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരേ ലൈംഗികപീഡനക്കേസ് രജിസ്റ്റർചെയ്തത് 21 വർഷത്തിനുശേഷമാണെന്നും സംസ്ഥാന സർക്കാർ പറഞ്ഞു. ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
തിരുവനന്തപുരത്തെ മാസ്കോട്ട് ഹോട്ടലിൽ 2016 ജനുവരി 28-ന് സിദ്ദിഖ് ബലാത്സംഗംചെയ്തു എന്നാണ് പരാതിക്കാരിയുടെ ആരോപണം. സിദ്ദിഖിന് അറസ്റ്റിൽനിന്ന് ഇടക്കാലസംരക്ഷണം നൽകിയ സുപ്രീംകോടതി, ജാമ്യഹർജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് സംസ്ഥാനസർക്കാർ സമർപ്പിച്ചത്.
എഴുത്തുകാരിയെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിലെ സംഭവം നടന്നത് 1996-ലാണെങ്കിൽ പരാതിനൽകിയത് 2017-ലാണ്. അമേരിക്കൻ സിനിമാനിർമാതാവായ ഹാർവി വെയിൻസ്റ്റെയിനെതിരേ 30 വർഷത്തോളം പഴക്കമുള്ള സംഭവങ്ങളിലാണ് ഒട്ടേറെ സ്ത്രീകൾ 2018-ൽ പീഡനപരാതി നൽകിയത്. ഇത്തരം ഉദാഹരണങ്ങൾ കേരളത്തിന്റെ റിപ്പോർട്ടിലുണ്ട്. കുടുംബത്തിന്റെ സത്പേര് കളങ്കപ്പെടുമെന്നതുൾപ്പെടെ വിവിധകാരണങ്ങൾകൊണ്ടാണ് ഇന്ത്യൻ സമൂഹത്തിൽ സ്ത്രീപീഡനക്കേസുകൾ റിപ്പോർട്ടുചെയ്യാൻ വൈകുന്നത്. പരാതിനൽകാൻ വൈകി എന്നതുകൊണ്ടുമാത്രം കേസ് തള്ളിക്കളയരുതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.