ടെഹ്റാൻ: ഹമാസിന്റെ തലവൻ യഹ്യ സിൻവാറെ ഇസ്രയേൽ വധിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ. പലസ്തീൻ വിമോചനത്തിനായി രംഗത്തിറങ്ങുന്ന യുവാക്കൾക്കും കുട്ടികൾക്കും യഹ്യ മാതൃകയാകും. അധിനിവേശവും ആക്രമണവുമുള്ളിടത്തോളം പ്രതിരോധം നിലനിൽക്കും. രക്തസാക്ഷികൾ മരിക്കുന്നില്ല, അവർ പോരാട്ടത്തിനുള്ള പ്രചോദനമായി തുടരുമെന്നും ഇറാൻ വ്യക്തമാക്കി.
സമാധാനത്തിനും ചർച്ചകൾക്കും ഇനി സ്ഥാനമില്ലെന്ന് ഇറാൻ സൈന്യവും അറിയിച്ചു. ഒന്നുകിൽ നമ്മൾ വിജയിക്കും, മറിച്ചാണെങ്കിൽ മറ്റൊരു കർബല സംഭവിക്കുമെന്നും സൈന്യം എക്സിൽ കുറിച്ചു. ഗാസയിൽ കഴിഞ്ഞദിവസങ്ങളിൽ നടന്ന സൈനികനടപടിക്കിടെയാണ് സിൻവർ കൊല്ലപ്പെട്ടത്. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളാണെന്നാണ് ആരോപണം.
ജൂലായിൽ ഇറാനിൽ ആക്രമണം നടത്തി ഹനിയെയെ ഇസ്രയേൽ വധിച്ചതോടെയാണ് ഗാസയിൽ ഒളിച്ചുകഴിഞ്ഞിരുന്ന സിൻവാർ ഹമാസിന്റെ രാഷ്ട്രീയകാര്യനേതാവാകുന്നത്. ഓഗസ്റ്റിൽ ചുമതലയേറ്റെടുത്തു. 2017 മുതൽ ഹമാസിന്റെ ഗാസയിലെ നേതാവും ഹമാസിന്റെ സുരക്ഷാകാര്യവിഭാഗം സഹസ്ഥാപകനുമായിരുന്നു. ഇറാനുമായി അടുത്തബന്ധം പുലർത്തിയിരുന്നു.
1962-ൽ ഖാൻ യൂനിസിലെ പലസ്തീൻ അഭയാർഥിക്യാമ്പിലാണ് സിൻവാറിന്റെ ജനനം. രണ്ട് ഇസ്രയേലി സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതുൾപ്പെടെ വിവിധകേസുകളിലായി നാലുജീവപര്യന്തം സിൻവാറിന് ഇസ്രയേൽ വിധിച്ചിരുന്നു. പിന്നീട് 22 വർഷത്തെ ജയിൽവാസത്തിനുശേഷം 2016-ൽ നടന്ന തടവുകാരുടെ കൈമാറ്റത്തിനിടെ ഇസ്രയേൽ സിൻവാറിനെ മോചിപ്പിച്ചു. 2021-ലുണ്ടായ വധശ്രമം സിൻവാർ അതിജീവിച്ചു. 2015-ലാണ് സിൻവാറിനെ യു.എസ്. ഭീകരനായി പ്രഖ്യാപിച്ചത്.