ടെൽ അവീവ്: ലെബനനിലെ ഇറാൻ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയ്ക്കുനേരേയുള്ള ഇസ്രയേൽ യുദ്ധമുഖം തുറന്നതോടെ ഇടപെടലുമായി യു.എസ്. സർവസന്നാഹങ്ങളുമായി മിഡിൽ ഈസ്റ്റിലെ തങ്ങളുടെ സൈനിക സാന്നിധ്യം വർധിപ്പിക്കുകയാണ് യു.എസ്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ സൈനികരെ മേഖലയിലേക്ക് അയക്കുമെന്ന് പെന്റഗൺ അറിയിച്ചു.
40,000 സൈനികർ നിലവിൽ പ്രദേശത്തുണ്ടെന്നിരിക്കെയാണ് തുടർന്നുള്ള വിന്യാസം. വിർജീനിയയിലെ നോർഫോക്കിൽ നിന്നും വിമാനവാഹിനിക്കപ്പൽ തിങ്കളാഴ്ച തന്നെ പുറപ്പെട്ടിരുന്നു. ഇവ കൂടാതെ, രണ്ട് യുദ്ധക്കപ്പലുകളും (Navy destroyer) ഒരു ക്രൂയിസറും യു.എസ് അയച്ചിട്ടുണ്ട്.
യുദ്ധം ഒഴിവാക്കുന്നതിന് തങ്ങളാൽ കഴിയുന്നതെന്തും ചെയ്യാമെന്ന നിലപാടിലാണ് പ്രസിഡന്റ് ജോ ബൈഡൻ. അതേസമയം, സംഘർഷം പൂർണയുദ്ധത്തിലേക്ക് വഴിമാറിയേക്കാമെന്ന് സാഹചര്യം നിലനിൽക്കുന്നതിനാൽ ബെയ്റൂത്തിലെ യു.എസ് പൗരന്മാരോട് രാജ്യംവിടാൻ യു.എസ് ആവശ്യപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 492 പേർ കൊല്ലപ്പെട്ടിരുന്നു. 2006-ലെ ഇസ്രയേൽ-ഹിസ്ബുള്ള യുദ്ധത്തിനുശേഷം ഇത്രയധികംപേർ ആക്രമണത്തിൽ മരിക്കുന്നത് ഇപ്പോഴാണ്. ആയിരത്തിലേറെപ്പേർക്ക് പരിക്കേറ്റു.
ഹിസ്ബുള്ളയ്ക്കുനേരേയുള്ള സൈനികനടപടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തെക്കും കിഴക്കും ലെബനനിൽനിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങളോട് ഇസ്രയേൽസൈന്യം തിങ്കളാഴ്ച നിർദേശിച്ചിരുന്നു.
ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, ആംബുലൻസുകൾ എന്നിവയെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയതായി ലെബനീസ് ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹിസ്ബുള്ളയുടെ ആയുധകേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്നും 1300 ഇടത്ത് ആക്രമണം നടത്തിയെന്നും ഇസ്രയേൽ അറിയിച്ചു.
ലെബനനിലെ സ്കൂളുകളും സർവകലാശാലകളും അടയ്ക്കാൻ സർക്കാർ ഉത്തരവിട്ടു. തെക്കുനിന്ന് പലായനം ചെയ്യുന്നവർക്കായി അഭയകേന്ദ്രങ്ങൾ സജ്ജമാക്കിത്തുടങ്ങിയതായി സർക്കാർ അറിയിച്ചു. അടിയന്തര ആവശ്യമില്ലാത്ത ശസ്ത്രക്രിയകൾ മാറ്റിവെക്കാൻ തെക്കൻ ലെബനനിലെയും കിഴക്കുള്ള ബെക്കാ വാലിയിലെയും ആശുപത്രികളോട് നിർദേശിച്ചു. ഇസ്രയേലിന്റെ ആക്രമണം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ പരിക്കേറ്റെത്തുന്നവരെ ചികിത്സിക്കാനുള്ള സൗകര്യമൊരുക്കാനാണിത്.
ഞായറാഴ്ച ഹിസ്ബുള്ള ഇസ്രയേലിനുനേരേ വിപുലമായ റോക്കറ്റാക്രമണം നടത്തിയതിനുപിന്നാലെയാണ് ഈ നടപടി. 150-ഓളം റോക്കറ്റും മിസൈലും ഡ്രോണും വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുള്ള തൊടുത്തിരുന്നു. ഹിസ്ബുള്ളയുടെ ഉന്നത കമാൻഡർ ഇബ്രാഹിം ആഖിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനുള്ള തിരിച്ചടിയായിരുന്നു ഇത്.