കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി മഠത്തിന്റെ ഇത്തവണത്തെ അമൃതകീര്‍ത്തി പുരസ്കാരത്തിന് കവി പ്രൊഫ. വി. മധുസൂദനന് നായര്‍ അര്‍ഹനായി. 1,23,456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത സരസ്വതീശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
തിരുവനന്തപുരം സെയ്ന്റ് സേവ്യേഴ്സ് കോളേജില്‍ മലയാളവിഭാഗം മേധാവിയായിരുന്നു പ്രൊഫ. വി. മധുസൂദനന് നായര്‍. വൈദിക ദാര്‍ശനിക ആശയങ്ങളെ നൂതന ബിംബങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും ശൈലിയിലൂടെയും സൗന്ദര്യവത്താക്കുന്ന അദ്ദേഹത്തിന്റെ രചനാപാടവത്തിനാണ് പുരസ്കാരമെന്ന് മാതാ അമൃതാനന്ദമയി മഠം ട്രസ്റ്റി സ്വാമി തുരീയാമൃതാനന്ദപുരി പറഞ്ഞു.
മാതാ അമൃതാനന്ദമയിയുടെ 71-ാം പിറന്നാള്‍ദിനമായ 27-ന് അമൃതപുരി ആശ്രമത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പിറന്നാളിന് വിപുലമായ ആഘോഷങ്ങള്‍ ഒഴിവാക്കി. വയനാട് ദുരിതാശ്വാസത്തിനായി മഠം പ്രത്യേക പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്.