കൗമാരക്കാർക്കിടയിലെ മൊബൈൽ ഫോൺ ഉപയോഗം വർധിക്കുന്നതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള പരസ്യമാണ് ഇപ്പോൾ രക്ഷിതാക്കളുടെ കണ്ണ് നനയിക്കുന്നത്. സ്പാനിഷ് സ്പോർട്സ് വെയർ നിർമ്മാണ ബ്രാൻഡ് ആയ സിറോകോയാണ് പരസ്യം പുറത്തിറക്കിയത്. നിരവധി പേരാണ് പരസ്യത്തിലെ ഉള്ളടക്കത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തുന്നത്.
‘ചെറുപ്പക്കാരായവരുടെ കുട്ടിക്കാലം സ്മാർട് ഫോണുകൾ കവരുന്നു’ എന്ന അഭിപ്രായം പങ്കുവെച്ച് ഹാരി രാജകുമാരനും ചർച്ചക്ക് തുടക്കമിട്ടിട്ടുണ്ട്. ഹൃദയഭേദകമായ പരസ്യത്തിന്റെ ചുവടുപിടിച്ചാണ് ഹാരി രാജകുമാരനും മുന്നറിയിപ്പുമായി രംഗത്തെത്തിയതെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
‘നിങ്ങളുടെ ജീവിതം എത്രത്തോളം സ്മാർട് ഫോൺ കാർന്നുതിന്നുന്നു’ എന്ന ചോദ്യമാണ് പരസ്യത്തിൽ കൂടി കമ്പനി മുമ്പോട്ട് വെക്കുന്നത്. ഒരുമിനിറ്റ് വീഡിയോയിൽ സ്മാർട്ഫോൺ ഉപയോഗം കൗമാരക്കാരിൽ ഉണ്ടാക്കുന്ന ഭീകരതയാണ് വ്യക്തമാക്കുന്നത്.
പിറന്നാൾ സമ്മാനമായി പെൺകുട്ടിക്ക് ഫോൺ സമ്മാനിക്കുന്നതോടെയാണ് പരസ്യം ആരംഭിക്കുന്നത്. തുടർന്ന് ഊണിലും ഉറക്കിലും ഫോണിന് അടിമപ്പെട്ട് ജീവിക്കുന്ന കുട്ടിയുടെ നിമിഷങ്ങളാണ് തുടർന്നങ്ങോട്ട് പരസ്യത്തിൽ കാണിക്കുന്നത്. സെൽഫികൾ, വീഡിയോകൾ, കൂട്ടുകാർ, യാത്ര, ഭക്ഷണം… ഉറക്കം പോലും നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഫോൺ ഉപയോഗം അവളെ വൈകാതെ തന്നെ ക്ഷീണിതയും മാനസിക സമ്മർദ്ദത്തിനടിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഒടുവിൽ പെൺകുട്ടിയുടെ കൈയിൽ നിന്ന് ഫോൺ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വികാരപ്രകടനങ്ങളും ദൃശ്യങ്ങളിൽ കാണാം. തന്റെ കുട്ടിക്കാലം ഓർമ്മപ്പെടുത്തുന്ന പഴയകാല കളിക്കോപ്പുകളിലേക്ക് പെൺകുട്ടിയുടെ കണ്ണുകളെത്തിപ്പെടുന്നതോടെയാണ് പരസ്യത്തിന്റെ അവസാനഭാഗം.
സ്പോർട്സ് വെയർ കമ്പനിയുടെ പരസ്യമാണെങ്കിലും രക്ഷിതാക്കൾ പരസ്യത്തിലുള്ള സന്ദേശത്തെ ഏറ്റെടുത്തിട്ടുണ്ട്. അതിശയിപ്പിക്കുന്ന പരസ്യമെന്നാണ് പലരും പറയുന്നത്.
ഈ പരസ്യമെന്നെ കരയിച്ചു. എനിക്ക് ആറ് വയസ് പ്രായമുള്ള കുട്ടിയുണ്ട്. അവളുടെ ഭാവിയെ ഡിജിറ്റൽ ഡിവൈസുകൾ എത്രത്തോളം ബാധിക്കുമെന്ന കാര്യത്തിൽ ഭയപ്പെടുന്നുവെന്ന് ഒരു മാതാവ് കുറിച്ചു. നിരവധി പേരാണ് പരസ്യത്തിലെ ഉള്ളടക്കത്തെ അഭിനന്ദിച്ചു കൊണ്ടും തങ്ങളുടെ മക്കളുടെ ഭാവിയിൽ ആശങ്ക പങ്കുവെച്ചു കൊണ്ടും രംഗത്തെത്തുന്നത്.