മുംബൈ: മഹാരാഷ്ട്ര മുന്‍മന്ത്രി ബാബാ സിദ്ദിഖിന്റെ കൊലയാളികള്‍ക്ക് അധോലോകസംഘവുമായി ബന്ധമെന്ന് പോലീസ് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോറന്‍സ് ബിഷ്ണോയിയുടെ സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് കൊലപാതകികളെന്നാണ് വിവരം. തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നടന്ന എന്‍.സി.പി നേതാവിന്റെ കൊലപാതകം സുരക്ഷാ ആശങ്കകളും ഉയര്‍ത്തുന്നുണ്ട്.
ശനിയാഴ്ച രാത്രി ഈസ്റ്റ് ബാന്ദ്രയിലെ മകന്റെ ഓഫീസിനടുത്തുവെച്ചാണ് ബാബ സിദ്ദിഖിന് വെടിയേല്‍ക്കുന്നത്. ഓഫീസില്‍ നിന്നിറങ്ങി കാറിനടുത്തേക്ക് നടക്കുമ്പോള്‍ ആക്രമികൾ വെടിയുതിര്‍ക്കുകയായിരുന്നു. അദ്ദേഹത്തിന് നേരെയുതിര്‍ത്ത ആറ് വെടിയുണ്ടകളില്‍ നാലെണ്ണം നെഞ്ചിലാണ് കൊണ്ടത്. ബാബ സിദ്ദിഖിയെ കൊലപ്പെടുത്താന്‍ കഴിഞ്ഞ ഒരുമാസമായി പദ്ധതിയിട്ട് കാത്തിരിക്കുകയാണെന്ന വിവരം പിടിയിലായവരില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. അക്രമികള്‍ രാത്രിയില്‍ ഓട്ടോറിക്ഷയിലാണ് ബാന്ദ്രയിലെത്തിയതെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു.കേസ് അന്വേഷണത്തിന് നാല് പ്രത്യേക അന്വേഷണസംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഹരിയാന, ഉത്തര്‍പ്രദേശ് സ്വദേശികളായ കര്‍ണാലി സിങ്, ധര്‍മരാജ് കശ്യപ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലംഗ സംഘമാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്. രണ്ട് പേര്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
കൊലപാതകം നടത്താന്‍ സംഘത്തിന് പണം മുന്‍കൂറായി ലഭിച്ചിരുന്നു. മൂന്ന് ലക്ഷം രൂപയാണ് മുന്‍കൂറായി നല്‍കിയത്. ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ തോക്കും ലഭിച്ചതായി പോലീസ് വ്യക്തമാക്കി. കൊലപാതകം നടത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് മാസമായി ബാന്ദ്രയില്‍ 14000 രൂപ വാടകയുള്ള വീടെടുത്ത് താമസിക്കുകയായിരുന്നു നാലംഗ സഘമെന്നും പോലീസ് പറഞ്ഞു.
ലോറന്‍സ് ബിഷ്ണോയിയുമായി ബന്ധപ്പെട്ട സംഘം, ചേരി പുനരധിവാസ കേസ് എന്നിങ്ങനെ രണ്ട് ദിശകളിലായാണ് പോലീസ് പ്രാഥമിക അന്വേഷണം നടത്തുന്നത്. രണ്ടാഴ്ചകള്‍ക്ക് മുന്‍പ് ബാബ സിദ്ദിഖിന് വധഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ലോറന്‍സ് ബിഷ്ണോയി നിലവില്‍ ഗുജറാത്തിലെ ജയിലിലാണുള്ളത്. സല്മാന് ഖാനുമായി ബാബ സിദ്ദിഖിനുള്ള അടുത്ത ബന്ധമാണ് ബിഷ്ണോയി സംഘത്തിന്റെ വൈരാഗ്യത്തിന്റെ കാരണമെന്നാണ് സൂചനകള്‍. സല്‍മാന്റെ സുഹൃത്തുക്കളെല്ലാം തങ്ങളുടെ ശത്രുക്കളായിരിക്കുമെന്ന് നേരത്തെ ബിഷ്ണോയിയുടെ അനുയായി ആ രോഹിത് ഗോദറ പറഞ്ഞിരുന്നു.
അതിനിടെ കൊലപാതകത്തിന്റെ കാരണം വ്യക്തമാവുന്നത് വരെ ബാബ സിദ്ദിഖിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സമ്മതിക്കില്ലെന്ന് മകനും എംഎല്‍എയുമായ സീഷാന്‍ സിദ്ദിഖ് പറഞ്ഞു. സിദ്ദിഖിന്റെ കൊലപാതകം മഹാരാഷ്ട്ര രാഷ്ട്രീയത്തിലും വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ക്രമസമാധാന നില പാടെ തകര്‍ന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.