നാലു പതിറ്റാണ്ടിനുശേഷമാണ് പുറംകടലിലേക്ക് ചൈന ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐ.സി.ബി.എം.) പരീക്ഷണം നടത്തുന്നത്. അമേരിക്ക വരെ എത്താന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണ് പസഫിക് സമുദ്രത്തിലേക്ക് ചൈന തൊടുത്തുവിട്ടത്. ചൈനീസ് തീരത്തുനിന്ന് തൊടുത്തുവിട്ട മിസൈല്‍ സമുദ്രത്തില്‍ എവിടെയാണ് പതിച്ചതെന്നോ അതിന്റെ പാതയെക്കുറിച്ചോ അവര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ഹൈനാന്‍ (Hainan) ദ്വീപില്‍ നിന്നാണ് (ഐ.സി.ബി.എം. വിക്ഷേപിച്ചതെന്നാണ് ഗുവാം ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ പസഫിക് സെന്റര്‍ ഫോര്‍ ഐലന്‍ഡ് സെക്യൂരിറ്റി (Pacific Center for Island Security) പറയുന്നത്. തെക്കന്‍ പസഫിക് സമുദ്രത്തിലേക്ക് 12,000 കിലോ മീറ്റര്‍ സഞ്ചരിച്ച മിസൈല്‍ ഫ്രഞ്ച് പോളിനേഷ്യ(French Polynesia)യ്ക്ക് സമീപം സമുദ്രത്തില്‍ പതിച്ചുവെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. ഒരു ഡമ്മി വാര്‍ഹെഡും വഹിച്ച് കുതിച്ചുയര്‍ന്ന മിസൈല്‍ പ്രതീക്ഷിച്ചത്ര ദൂരത്തില്‍ കടലില്‍ ലക്ഷ്യസ്ഥാനത്ത് മിസൈല്‍ പതിച്ചതായി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. വാര്‍ഷിക സൈനിക പരിശീലന പരിപാടിയുടെ ഭാഗമായാണ് പരീക്ഷണമെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ചൈന അവകാശപ്പെട്ടു.
1980-ല്‍ പരീക്ഷിച്ച ഡി.എഫ്.-5 ആണ് ഇതിനുമുന്‍പ് ചൈന കടലിലേക്ക് വിജയകരമായി പരീക്ഷിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍. ചൈനയുടെ ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഡി.എഫ്.-5 വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഗന്‍സു(Gansu)വിലെ ജിയുക്വാന്‍ (Jiuquan) ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് ദക്ഷിണ പസഫിക്കിലേക്കാണ് അന്ന് വിക്ഷേപിച്ചത്. പിന്നീട് ഏറെക്കാലം സമുദ്രത്തിലേക്കുള്ള മിസൈൽ പരീക്ഷണം അവർ ഒഴിവാക്കിയിരുന്നു. എന്നാലിപ്പോൾ, ഏഷ്യ-പസഫിക് മേഖലയില്‍ മിസൈല്‍ പരീക്ഷണങ്ങള്‍ ഊര്‍ജിതമായി നടക്കുന്ന സമയത്താണ് ചൈനയുടെ പരീക്ഷണം. ഈ മാസം ആദ്യം ജപ്പാന് കടലിലേക്ക് ഉത്തര കൊറിയ നിരവധി ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. 2017-ല്‍ അവതരിപ്പിച്ച 12,000 കിലോ മീറ്റര്‍ മുതല്‍ 15,000 കിലോ മീറ്റര്‍ വരെ ദൂരപരിധി കണക്കാക്കുന്ന ഡി.എഫ്-41 മിസൈലാകാം ചൈന വിക്ഷേപിച്ചതെന്നാണ് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. ചൈന വികസിപ്പിച്ച ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഡി.എഫ്-41 യു.എസിന്റെ ഭൂപ്രദേശത്ത് ആക്രമണം നടത്താനുള്ള ശേഷിയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡോങ്ഫെങ് (ഡി.എഫ്.) പരമ്പര മിസൈലുകള്‍
സോവിയറ്റ് യൂണിയനുമായുള്ള സൗഹൃദമാണ് ചൈനയുടെ ബാലിസ്റ്റിക് മിസൈല്‍ സാങ്കേതിക വിദ്യയ്ക്ക് അടിത്തറയിടുന്നത്. 1950-ല്‍ സൗഹൃദം, സഖ്യം, പരസ്പര സഹായം എന്നിവ ഉറപ്പാക്കുന്ന സിന്റോ-സോവിയറ്റ് ഉടമ്പടി ഒപ്പുവെച്ചതോടെ സോവിയറ്റ് യൂണിയന് ചൈനയുടെ സൈനിക ഗവേഷണവികസനത്തിന് പരിശീലനവും സാങ്കേതിക സഹായവും നിര്‍മ്മാണ ഉപകരണങ്ങളും നല്കി. സോവിയറ്റ് സൈന്യം ആര്-1, ആര്-2, ആര്-11 എ എന്നീ ബാലിസ്റ്റിക് മിസൈലുകളുടെ സാങ്കേതികവിദ്യ ചൈനയ്ക്ക് കൈമാറി. തുടക്കകാലത്തെ ചൈനീസ് ബാലിസ്റ്റിക് മിസൈലുകള്‍ സോവിയറ്റ് യൂണിയന്റെ മിസൈല്‍ സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഡോങ്ഫെങ് (Dongfeng) മിസൈലുകളില്‍ ആദ്യത്തേത്, ഡി.എഫ്.-1 സോവിയറ്റ് മിസൈലായ ആര്-ഒന്നിന്റെ ലൈസന്‍സ്ഡ് പകര്‍പ്പായിരുന്നു. 550 കിലോമീറ്റര്‍ ദൂരപരിധിയും 500 കിലോഗ്രാം പോര്‍മുന വഹിക്കാനുള്ള ശേഷിയും ഈ മിസൈലിനുണ്ടായിരുന്നു. 1960-കളില്‍ പരിമിതമായ എണ്ണം ഡി.എഫ്.-1 ഉത്പാദിപ്പിക്കപ്പെട്ടു. അതിനുശേഷം, ബാലിസ്റ്റിക് മിസൈല്‍, റോക്കറ്റ് സാങ്കേതികവിദ്യയില്‍ ചൈന വലിയ മുന്നേറ്റം നടത്തി. ബഹിരാകാശ വിക്ഷേപണത്തിന് സജ്ജമായ മിസൈലുകള്‍ ഡോങ്ഫെങ് പരമ്പരയില്‍ അവര്‍ നിര്‍മിച്ചു.
1960-കളില്‍ തന്നെ ചൈന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കാന്‍ ആരംഭിച്ചിരുന്നു. 1980-ല്‍ ചൈന വികസിപ്പിച്ച രണ്ട് ഘട്ടങ്ങളുള്ള രണ്ടാംതലമുറ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായിരുന്നു ഡി.എഫ്-5. ഇതിന് 10,000 മുതല്‍ 13,000 കിലോമീറ്റര്‍ വരെ ദൂരപരിധിയുണ്ടെന്നാണ് കണക്കാക്കുന്നത്. അമേരിക്കയുടെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ വരെ എത്താന്‍ ലക്ഷ്യമിട്ടാണ് ചൈന വികസിപ്പിച്ചത്. ചൈനയുടെ വടക്കുകിഴക്കന്‍ പ്രവിശ്യകളുടെ കിഴക്കന്‍ ഭാഗങ്ങളില്‍ നിന്ന് വിക്ഷേപിച്ചാല്‍ അമേരിക്കയുടെ എല്ലാ പ്രധാന ഭൂപ്രദേശങ്ങളും എത്താന്‍ ഇതിന് സാധിക്കും. 1971-ല്‍ ആദ്യ പരീക്ഷണം നടത്തിയ ഇത് ഏതാണ്ട് 10 വര്‍ഷത്തിന് ശേഷമാണ് പ്രവര്‍ത്തനക്ഷമമായത്. 1980 മെയ് മാസത്തില്‍ പസഫിക് സമുദ്രത്തിലേക്കാണ് അവസാനത്തെ പരീക്ഷം നടത്തിയത്. 1986 മുതല്‍ ചൈന ഇതിന്റെ മെച്ചപ്പെട്ട വേരിയന്റുകള്‍ വികസിപ്പിച്ചു. ദൂരപരിധി 15,000 കിലോമീറ്ററിലധികമായി ഉയര്‍ത്തുകയും കൂടുതല്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശ സംവിധാനം സജ്ജീകരിക്കുകയും ചെയ്തു. 2012-ല്‍ ഡി.എഫ്.-5 ന് പകരം ഖരഇന്ധനമുള്ള ഡി.എഫ്.-41 സജ്ജമാക്കാന്‍ പദ്ധതിയിട്ടു. എന്നാല്‍ 2015-ല്‍ ഏറ്റവും പുതിയ വേരിയന്റ് ഡി.എഫ്.- 5 ബി വികസിപ്പിച്ചു.
ഡി.എഫ്.-31, ഡി.എഫ്.- 41 എന്നിവയാണ് ഡി.എഫ്.- അഞ്ചിന് പുറമേ ചൈന ഉപയോഗിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍. ഡോങ്ഫെങ് മിസൈല്‍ പരമ്പരയിലെ ഖര-ഇന്ധനം ഉപയോഗിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ഡോങ്ഫെങ്- 31. പഴയ ബാലിസ്റ്റിക് മിസൈലുകള്‍ക്ക് പകരമായാണ് ഡി.എഫ്.-31 വികസിപ്പിച്ചത്. 2017-ലെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ദിന പരേഡിലാണ് ആദ്യമായി പൊതുമധ്യത്തില്‍ ഔദ്യോഗികമായി പ്രത്യക്ഷപ്പെട്ടത്. 8,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഇതിന് 1,000 കിലോടണ്‍ വാര്‍ഹെഡുകള്‍ വരെ വഹിക്കാന്‍ കഴിയും. ഒരു മെഗാടണ്‍ തെര്‍മോ ന്യൂക്ലിയര്‍ ആയുധം അല്ലെങ്കില്‍ 150 കിലോ ടണ്‍വരെയുള്ള മൂന്ന് എം.ഐ.ആര്.വി. (മള്‍ട്ടിപ്പിള്‍ ഇന്ഡിപ്പന്റന്ഡ്ലി ടാര്‍ഗെറ്റബിള്‍ റീ-എന്‍ട്രി വെഹിക്കിള്‍) വാര്‍ഹെഡ് വഹിക്കാവുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ മെച്ചപ്പെടുത്തിയ പതിപ്പായ ഡി.എഫ്.-31 എയ്ക്ക് 11,000 കിലോമീറ്ററിലധികം പരിധിയുണ്ട്. ബീജിംഗില്‍ നിന്ന് ലോസ് ഏഞ്ചല്സിലെത്താന് പര്യാപ്തമാണിത്. പത്തോ പന്ത്രണ്ടോ എം.ഐ.ആര്.വി. വാര്‍ഹെഡുകള്‍ ഉപയോഗിക്കാന്‍ ശേഷിയുള്ള തരത്തിലാണ് ഡി.എഫ്.-41 വികസിപ്പിച്ചിരിക്കുന്നത്. 12,000 മുതല്‍ 15,000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള ഡി.എഫ്.-41 ചൈനയുടെ ആയുധ ശേഖരത്തിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലായിരുന്നു.
ലോകത്തെ വെല്ലുവിളിക്കുന്ന ചൈനയുടെ ആയുധശേഷി
ലോകത്തിലെ ഏറ്റവും വലിയ കരസേനയും ഏറ്റവും വലിയ നാവികസേനയുമുള്ള രാജ്യമാണ് ചൈന. അമേരിക്കയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്തോ-പസഫിക്കിലെ ഏറ്റവും വലിയ വ്യോമസേനയും ചൈനയ്ക്കുണ്ട്. പകുതിയിലധികം യുദ്ധവിമാനങ്ങളും നാലാമത്തെയോ അഞ്ചാമത്തെയോ തലമുറ മോഡലുകളുമാണ്. സ്റ്റെല്‍ത്ത് എയര്‍ക്രാഫ്റ്റുകള്‍, ആണവായുധങ്ങള്‍ എത്തിക്കാന്‍ കഴിവുള്ള ബോംബറുകള്‍, നൂതന കപ്പലുകള്‍, ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനികള്‍ എന്നിവയ്ക്കൊപ്പം മിസൈലുകളുടെ വന്‍ശേഖരവും ചൈനയ്ക്ക് ഉണ്ട്. സൈനിക ബജറ്റാവട്ടെ അമേരിക്കയ്ക്ക് പിന്നില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തേതുമാണ്. സമീപവര്‍ഷങ്ങളില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറഞ്ഞെങ്കിലും 2015 മുതല്‍ അവരുടെ പ്രതിരോധ ബജറ്റ് ഇരട്ടിയിലധികമായി. ഒരു ദശാബ്ദത്തിലേറെയായി അധികാരത്തില്‍ തുടരുന്ന സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന് ചെയര്മാന് കൂടിയായ പ്രസിഡന്റ് ഷീ ജിങ്പിങ് സായുധ സേനയുടെ നവീകരണത്തിന് നേതൃത്വം നല്കി. ഇതോടെ നൂതന സൈനിക സാങ്കേതികവിദ്യകളിലെ നിക്ഷേപങ്ങള്‍ക്കൊപ്പം ചൈന പടിപടിയായി ആണവായുധശേഖരവും വര്‍ധിപ്പിച്ചു. നിലവില്‍ ചൈനയ്ക്ക് 500-ലധികം പ്രവര്‍ത്തനക്ഷമമായ ആണവപോര്‍മുനകള്‍ ഉണ്ടെന്നും ഇത് 1000-ല്‍ അധികമായി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും യുഎസ് റിപ്പോര്‍ട്ട്. പക്ഷേ, ചൈന തങ്ങളുടെ ആണവായുധ ശേഖരത്തിന്റെ വലിപ്പം വെളിപ്പെടുത്തിയിട്ടില്ല.
സമീപവര്‍ഷങ്ങളില്‍ ചൈന ആണവശേഖരം വര്‍ധിപ്പിച്ചെന്നും സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എസ്.ഐ.പി.ആര്.ഐ.) കണക്കുകള്‍ പറയുന്നു. 2023 ജനുവരി മുതല്‍ 2024 ജനുവരി വരെ ചൈന ആണവായുധ ശേഖരം 410-ല്‍ നിന്ന് 500 ആയി വര്‍ദ്ധിപ്പിച്ചതായാണ് കണക്കുകള്‍. മറ്റേതൊരു രാജ്യത്തേക്കാളും വേഗത്തില്‍ ചൈന അതിന്റെ ആണവായുധശേഖരം വിപുലീകരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയ്ക്കും യു.എസിനും പിന്നില്‍ ഏറ്റവുമധികം ആണവായുധ ശേഖരമുള്ളത് ചൈനക്കാണ്. ഏകദേശം 500 ആണവ പോര്‍മുനകളാണ് ചൈനയ്ക്കുള്ളത്. എന്നാല്‍ ആണവായുധങ്ങള്‍ വിന്യസിച്ചിരിക്കുന്ന കാര്യത്തില്‍ യു.കെയ്ക്കും ഫ്രാന്‍സിനും ഏറെ പിന്നിലാണ് ചൈന. ഫ്രാന്‍സ് 280 ആണവായുധങ്ങളും യു.കെ. 120 എണ്ണവും വിന്യസിച്ചിട്ടുള്ളപ്പോള് ചൈന 24 എണ്ണം മാത്രമാണ് വിന്യസിച്ചിട്ടുള്ളത്. പക്ഷേ, ചൈന യുദ്ധേതരസാഹചര്യത്തില് ചെറിയ തോതിലെങ്കിലും പോര്‍മുനകള്‍ വിന്യസിക്കുന്നത് ഇതാദ്യമാണ്. ചൈന അതിവേഗം ആണവായുധശേഖരം വര്‍ധിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മറ്റേതൊരു രാജ്യത്തേക്കാളും വേഗത്തിലാണ് ചൈന തങ്ങളുടെ ആണവായുധശേഖരം വിപുലീകരിക്കുന്നത്. യു.കെയുടേയും ഫ്രാന്‍സിന്റെയും ആണവായുധങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടരുമ്പോള്‍ ചൈനയുടേയ് 90 എണ്ണമാണ് വര്‍ധിച്ചത്. 2027-ഓടെ ചൈന ആണവായുധങ്ങളുടെ എണ്ണം 700 ആയും 2030-ഓടെ 1,000 ആയും വര്‍ധിപ്പിക്കുമെന്ന് പെന്റഗണിന്റെ 2021-ലെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
എന്തുകൊണ്ട് ഇപ്പോള്‍ ഒരു പരീക്ഷണം?
മിസൈല്‍ പരീക്ഷണം നടത്താന്‍ ചൈന തിരഞ്ഞെടുത്ത സമയവും സ്ഥലവുമാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. ചൈന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ അന്താരാഷ്ട്ര സമുദ്രത്തിലേക്ക് പരീക്ഷിക്കുന്നത് അപൂര്‍വമാണ്. 1980 മെയ് മാസത്തിലാണ് ഇത്തരത്തിലുള്ള അവസാനത്തെ പരീക്ഷണം നടന്നത്. ആ പരീക്ഷണത്തില്‍ ചൈന ഡി.എഫ്-5 മിസൈല്‍ ദക്ഷിണ പസഫിക്കിലേക്ക് വിക്ഷേപിച്ചു. ചൈന സാധാരണയായി അവരുടെ കിഴക്കന്‍ തീരത്ത് നിന്ന് പടിഞ്ഞാറന്‍ ഭാഗത്തുള്ള മരുഭൂമികളിലേക്കാണ് മിസൈലുകള്‍ പരീക്ഷിക്കുക. എന്നാലിപ്പോള്‍ അന്താരാഷ്ട്ര സമുദ്രത്തിലേക്ക് അവര്‍ നടത്തിയ മിസൈല്‍ പരീക്ഷണത്തെ അസാധാരണം എന്നാണ് ഈ രംഗത്തെ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്. 44 വര്‍ഷമായി ചെയ്യാതിരുന്ന ഒരു കാര്യം ചെയ്യുമ്പോഴാണ് അത് പ്രാധാന്യമര്ഹിക്കിന്നതെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി നടന്നുകൊണ്ടിരിക്കെയായിരുന്നു പരീക്ഷണം. ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളിലൊന്നായ ചൈനയുടെ ഈ പ്രവര്‍ത്തി ലോകരാജ്യങ്ങള്‍ക്കുള്ള കൃത്യമായ മറുപടി കൂടിയിയായിരുന്നു.
എന്നാല്‍ റോക്കറ്റ് ഫോഴ്സിന്റെ വാര്‍ഷിക സൈനിക പരിശീലനത്തിന്റെ ‘പതിവ് ക്രമീകരണം’ മാത്രമാണ് മിസൈല്‍ പരീക്ഷണം എന്നാണ് ചൈന ഔദ്യോഗികമായി പറഞ്ഞത്. വിക്ഷേപണം ചൈനയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ വിലയിരുത്തലും അടയാളപ്പെടുത്തലുമാണന്നാണ് സൈനിക കമന്റേറ്റര്‍ സോങ് സോങ്പിങ്ങിനെ ഉദ്ധരിച്ച് ചൈനീസ് മാധ്യമമായ സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. ‘പസഫിക് സമുദ്രത്തിന്റെ ഒരു പ്രത്യേക പ്രദേശത്തേക്ക് മിസൈല്‍ വിക്ഷേപിക്കുകയും അതിന്റെ പാത നിരീക്ഷിക്കുകയും ചെയ്തു. ഇത് ആയുധ സംവിധാനത്തിന്റെ സമഗ്രമായ വിലയിരുത്തലിനെ പ്രതിനിധീകരിക്കുന്നു’-അദ്ദേഹം പറഞ്ഞു. ചൈന പരീക്ഷിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഡി.എഫ്.-31 അല്ലെങ്കില്‍ ഡി.എഫ്.- 41 ആകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചൈനയ്ക്കെതിരായ ആണവ ബലപ്രയോഗത്തില്‍ നിന്ന് ചില രാജ്യങ്ങളെ പിന്തിരിപ്പിക്കാന് പരീക്ഷണത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതോടെ പരീക്ഷണത്തിനായി പസഫിക് സമുദ്രത്തെ ചൈന തിരഞ്ഞെടുത്തത് അവരുടെ ആണവശേഷി പ്രദര്‍ശിപ്പിക്കാനും അമേരിക്കയ്ക്കും മേഖലയിലെ അവരുടെ സഖ്യകക്ഷികള്‍ക്കുമുള്ള മുന്നറിയിപ്പെന്ന നിലയിലാണെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. യു.എസിന്റെ സഖ്യകക്ഷികളായ ജപ്പാനും ഫിലിപ്പൈന്‍സുമായി ഏറെനാളായി ചൈനയുടെ ബന്ധം അത്ര സുഖകരമല്ല. ഒപ്പം ചൈന അതിന്റെ ഭാഗമെന്ന് അവകാശപ്പെടുന്ന തായ്വാനുമായും സംഘര്‍ഷങ്ങളുണ്ട്. മേഖലയില്‍ ചൈന നടത്തുന്ന മറ്റ് സൈനികാഭ്യാസങ്ങളും മിസൈല്‍ വിക്ഷേപണവും നിരീക്ഷിച്ചു വരികയാണെന്നാണ് തായ്വാന് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചത്. പ്രാദേശിക സുരക്ഷാ പിരിമുറുക്കങ്ങള്‍ വര്‍ധിച്ചുവരുന്ന സമയത്താണ് ചൈന പസഫിക്കിലേക്ക് ഭൂഖണ്ഡാനന്തര മിസൈല്‍ തൊടുത്തുവിടുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും യു.എസ്. പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ കൂടിക്കാഴ്ച നടന്നേക്കുമെന്ന് പ്രതീക്ഷിക്കുന്ന സമയത്തുമാണ് പരീക്ഷണം. ചൈനയില്‍ അഴിമതി അറസ്റ്റുകളുടെ ഒരു പരമ്പര നടക്കുന്ന സമയത്ത് നടന്ന വിക്ഷേപണത്തിന് ആഭ്യന്തര രാഷ്ട്രീയത്തിലും വലിയ പ്രാധാന്യമുണ്ട്. പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്ന് രാജ്യത്തിനുള്ളിലും അന്താരാഷ്ട്ര സമൂഹത്തേയും ഒരുപോലെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു ചൈനയുടെ ലക്ഷ്യമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.