ലോര്‍ഡ്സ്: ഇംഗ്ലണ്ട്-ഓസ്ട്രേലിയ ഏകദിനത്തിനിടെ ഓസ്ട്രേലിയയുടെ പേസ് താരം മിച്ചല്‍ സ്റ്റാര്‍ക്കിനെ അടിച്ചൊതുക്കി ഇംഗ്ലണ്ടിന്റെ ലാം ലിവിങ്സ്റ്റണ്. അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ നാലാം മത്സരത്തില്‍ ഇംഗ്ലണ്ട് 186 റണ്‍സിന്റെ കൂറ്റന്‍ ജയം നേടി. ഇതോടെ ഒരു മത്സരം ബാക്കിയിരിക്കേ പരമ്പര 2-2 സമനിലയില്‍. അവസാന ഏകദിം ഞായറാഴ്ച ബ്രിസ്റ്റളില്‍ നടക്കും.
ലിവിങ്സ്റ്റണ് 27 പന്തില്‍ 62 റണ്‍സുമായി പുറത്താവാതെ നിന്നത് ഇംഗ്ലണ്ട് സ്കോറിന് ബലം ചെയ്തു. 39 ഓവറില്‍ അഞ്ച് വിക്കറ്റിന് 312 റണ്‍സാണ് ഇംഗ്ലണ്ടിന്റെ സമ്പാദ്യം. മറുപടി ബാറ്റിങ്ങില്‍ ഓസ്ട്രേലിയ 126 റണ്‍സിനിടെ പുറത്തായി. ഓസ്ട്രേലിയയുടെ സൂപ്പര്‍താരം സ്റ്റാര്‍ക്കിനെ ഇംഗ്ലണ്ട് താരം ലിവിങ്സ്റ്റണ് കൈകാര്യം ചെയ്തതാണ് മത്സരത്തിലെ ഹൈലൈറ്റ്.
സ്റ്റാര്‍ക്ക് ഇന്നിങ്സിലെ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ 300-ലെത്താന്‍ 16 റണ്‍സ്കൂടി വേണ്ടിയിരുന്നു. ക്രീസിലുള്ളത് ലിവിങ്സ്റ്റണും ജേക്കബ് ബതെലും. ലിവിങ്സ്റ്റണ് സ്റ്റാര്‍ക്കിന്റെ ആ ഓവര്‍ 6,0,6,6,6,4 എന്ന വിധം കൈകാര്യം ചെയ്തു. തുടര്‍ച്ചയായ മൂന്ന് സിക്സും ബൗണ്ടറിയും ഉള്‍പ്പെടെ ഓവറില്‍ 28 റണ്‍സ് വഴങ്ങി. മത്സരത്തില്‍ എട്ട് ഓവറെറിഞ്ഞ സ്റ്റാര്‍ക്ക് 70 റണ്‍സ് വിട്ടുനല്‍കി. അവസാന ഓവറില്‍ ടീം സ്കോര്‍ 300 കടത്താനും ഇംഗ്ലണ്ടിന് കഴിഞ്ഞു.