ലണ്ടന്‍: സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് ലണ്ടനില്‍ ഉണ്ടായ കുടിയേറ്റവിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂള്‍ കുട്ടികള്‍ക്ക് ബോധവത്കരണം നടത്താനൊരുങ്ങി ബ്രിട്ടന്. സ്കൂള്‍ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തിക്കൊണ്ടാണ് ബ്രിട്ടന് ബോധവത്കരണം നടത്തുന്നത്. വ്യാജ വാര്‍ത്തകളും തീവ്രവാദ ഉള്ളടക്കവും ഓണ്‍ലൈനില്‍ എങ്ങനെ കണ്ടെത്താമെന്ന് കുട്ടികളെ പഠിപ്പിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് യു.കെ വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സണ്‍ പറഞ്ഞു.
‘പ്രൈമറി, സെക്കന്‍ഡറി സ്കൂളുകളില്‍ നിന്ന് തന്നെ വ്യാജവാര്‍ത്തകള്‍ക്കെതിരെ കുട്ടികളെ ജാഗരൂകരാക്കാനുള്ള മാറ്റമാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. ഓണ്‍ലൈനില്‍ കാണുന്നതിനെ മനസിലാക്കാനുള്ള അറിവും വൈദഗ്ധ്യവും കുട്ടികള്‍ക്ക് നല്‍കേണ്ടത് പ്രധാനമാണ്. സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന തെറ്റായ വിവരങ്ങള്‍, ഗൂഢാലോചന സിദ്ധാന്തങ്ങള്‍, വ്യാജ വാര്‍ത്തകള്‍ എന്നിവക്കെതിരെ അവബോധമുള്ളവരാക്കനുള്ള പാഠ്യപദ്ധതിയാണ് രൂപീകരിക്കുന്നത്,’ ബ്രിഡ്ജറ്റ് ഫിലിപ്സണ്‍ പറഞ്ഞു.
മേഴ്സിസൈഡില്‍ കഴിഞ്ഞയാഴ്ച ടെയ്ലര് സ്വിഫ്റ്റിന്റെ സംഗീത പരിപാടിക്കിടെ മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ലണ്ടനിലേക്ക് കുടിയേറിയെത്തിയ മുസ്ലിം യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീവ്രവലതുപക്ഷ സംഘടനകള്‍ മുസ്ലിങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ ആരംഭിച്ചത്.
രാജ്യത്തെ മോസ്കുകള്‍ക്ക് നേരെ വ്യാപകമായി അക്രമമുണ്ടായി. ഇത് വളരെ വേഗം കുടിയേറ്റ വിരുദ്ധ കലാപമായി മാറിയതോടെ പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ കഴിഞ്ഞ ദിവസം അടിയന്തര യോഗം വിളിച്ചിരുന്നു.