ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറി, ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറികളിൽ ഒന്നാണ്. നൂറ്റാണ്ടുകളായി ഈ ലൈബ്രറി ലോകത്തെമ്പാടുമുള്ള വിജ്ഞാനരാശികളും അതിസമ്പന്നമായ സാഹിത്യ സംഭാവനകളും സംരക്ഷിച്ചു വരുന്നു. ഇപ്പോൾ ബ്രിട്ടീഷ് ലൈബ്രറിയിൽ ശ്രീനാരായണ ഗുരുവിന്റെ ഗ്രന്ഥങ്ങളും ഉൾപ്പെടുത്തുന്നു എന്ന വാർത്ത എല്ലാ മലയാളികൾക്കും അഭിമാനകരമാണ്.
ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രവും, കൃതികളും മറ്റു ഗ്രന്ഥങ്ങളും ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2ന് ബ്രിട്ടീഷ് ലൈബ്രറിയിൽ നടക്കുന്ന ചടങ്ങിൽ സൗത്ത് ഏഷ്യൻ വിഭാഗം മേധാവി ആരണി ഇളങ്കുബേരന്റെയും സംസ്കൃത വിഭാഗം മേധാവി പാസ്ക്വേൽ മാൻസോവിന്റെയും സാന്നിധ്യത്തിൽ ബ്രിട്ടീഷ് ലൈബ്രറിയിലെ ഇംഗ്ലീഷ് വിഭാഗം ഡയറക്ടർ മിസ്സ് ലൂസി റോളണ്ടിനു ഗ്രന്ഥങ്ങൾ കൈമാറും
ബ്രിട്ടീഷ് ലൈബ്രറിയിൽ ആദ്യമായി ഒരു ഇന്ത്യൻ ധാർമ്മിക നേതാവിന്റെ ദാർശനിക കൃതികൾ ഉൾപ്പെടുത്തുന്നു എന്നത് നാഴികക്കല്ലാണ്. ലോകം മുഴുവൻ കാഴ്ചവയ്ക്കാൻ ഗുരുവിന്റെ മഹത്തായ ചിന്തകളും ദാർശനിക വിദ്യകളും ഇതിലൂടെ പുതിയ തലത്തിലേക്ക് ഉയരും.
ഗാന്ധിജയന്തി ദിനത്തിൽ നടക്കുന്ന ഈ ചടങ്ങ് ഇന്ത്യൻ സമരത്തിന്റെയും നവോത്ഥാനത്തിന്റെയും മൂല്യങ്ങളെ അനുസ്മരിപ്പിക്കുന്ന ഒന്നായി മാറും . മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുവും തമ്മിലുള്ള ആശയ ബന്ധം ഏറെ പ്രസക്തമാണ്.
ശിവഗിരി മഠത്തിന്റെ ഇന്ത്യയ്ക്ക് വെളിയിലുള്ള ആദ്യ അഫിലിയേറ്റഡ് സെന്റർ ആയ യുകെ യിലെ ശിവഗിരി ആശ്രമം ശ്രീനാരായണ ഗുരുദർശനം ലോകത്തെ അറിയിക്കുക എന്ന മഹത്തരമായ ദൗത്യം ആണ് ഏറ്റെടുത്തിരിക്കുകയാണ്.
ഗുരുവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെ ലോക സമാധാനത്തിനും വൈരുദ്ധ്യങ്ങളെ തരണം ചെയ്യാനുമുള്ള ഒരു വലിയ സമർപ്പണമായിരിക്കുമെന്ന് ആശ്രമത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് അറിയിച്ചു.