സിങ്കപ്പൂർ: നവംബർ അഞ്ചിന് യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനേയും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസിനേയും രൂക്ഷമായി വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. 12 ദിന ഏഷ്യ-പസഫിക് സന്ദർശനത്തിന് ശേഷം റോമിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിയേറ്റത്തൊഴിലാളികൾക്കെതിരായ നയം സ്വീകരിച്ചതിനായിരുന്നു ട്രംപിനെതിരായ വിമർശനം. അതേസമയം, ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്ന കമലാ ഹാരിസിന്റെ നിലപാടാണ് മാർപ്പാപ്പയെ ചൊടിപ്പിച്ചത്. കുടിയേറ്റക്കാരെ ഉപേക്ഷിക്കുന്നനും കുഞ്ഞുങ്ങളെ കൊല്ലുന്നവനും ജീവനെതിരാണെന്ന് മാർപ്പാപ്പ തുറന്നടിച്ചു. ഇരുവരുടേയും പേര് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
‘ഞാൻ ഒരു അമേരിക്കക്കാരനല്ല. എനിക്ക് അവിടെ വോട്ടില്ല. കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാതിരിക്കുന്നതും അവർക്ക് ജോലി ചെയ്യാനുള്ള അവസരം നൽകാത്തതും പാപമാണ്. ഗർഭഛിദ്രം കൊലപാതകമായതിനാലാണ് സഭ ഇക്കാര്യത്തെ എതിർക്കുന്നത്’, മാർപ്പാപ്പ പറഞ്ഞു.
വോട്ടർമാർ എന്ത് നിലപാട് എടുക്കണമെന്ന ചോദ്യത്തിന് കുറഞ്ഞ തിന്മയെ സ്വീകരിക്കാനായിരുന്നു മറുപടി. ആ സ്ത്രീയാണോ പുരുഷനാണോ കുറഞ്ഞ തിന്മ ചെയ്യുന്നതെന്ന് തനിക്കറിയില്ല. ജനങ്ങൾ മനസാക്ഷിപൂർവം ചിന്തിച്ച് വോട്ട് രേഖപ്പെടുത്താനും മാർപ്പാപ്പ ആവശ്യപ്പെട്ടു.
കുടിയേറ്റത്തൊഴിലാളികളുടെ അന്തസ്സ് കാക്കണമെന്നും അവർക്ക് ന്യായമായ വേതനമുറപ്പാക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു. കുടിയേറ്റത്തൊഴിലാളികൾ സമൂഹത്തിന് കാര്യമായ സംഭാവനചെയ്യുന്നുണ്ടെന്നും പാപ്പ ഓർമ്മപ്പെടുത്തിയിരുന്നു.