ടെലഗ്രാം മേധാവിയും സ്ഥാപകനുമായ പാവേല്‍ ദുരോവിന്റെ കസ്റ്റഡി നീട്ടി. ശനിയാഴ്ച വൈകീട്ട് പാരീസിനടുത്തുള്ള ബുര്‍ഗെ വിമാനത്താവളത്തിലാണ് അറസ്റ്റുചെയ്തത്. ഞായറാഴ്ച ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതിയാണ് കസ്റ്റഡി നീട്ടി നല്‍കിയത്. ടെലിഗ്രാമിനെ ക്രിമിനല്‍ക്കുറ്റകൃത്യങ്ങളില്‍ ഉപയോഗിക്കുന്നത് തടയുന്നതില്‍ പരാജയപ്പെട്ടെന്നാരോപിച്ചാണ് നടപടി. ദുബായില്‍ താമസിക്കുന്ന ദുറോവ്, അസര്‍ബയ്ജാനില്‍നിന്ന് സ്വകാര്യജെറ്റില്‍ പാരീസിലെത്തിയതായിരുന്നു.
പരമാവധി 96 ദിവസം വരെ ദുരോവിന് കസ്റ്റഡിയില്‍ കഴിയേണ്ടിവരും. ഈ കാലാവധി കഴിഞ്ഞാല്‍ അദ്ദേഹത്തെ സ്വതന്ത്രനാക്കണോ അതോ റിമാന്‍ഡ് ചെയ്ത് കസ്റ്റഡിയില്‍ വെക്കണോ എന്ന് കോടതി തീരുമാനിക്കും.
തട്ടിപ്പുകള്‍, മയക്കുമരുന്ന് കടത്ത്, സംഘടിത കുറ്റകൃത്യങ്ങള്‍, ഭീകരവാദം പ്രോത്സാഹിപ്പിക്കല്‍ ഉള്‍പ്പടെയുള്ളവ ടെലഗ്രാമില്‍ നടക്കുന്നവെന്ന ആരോപണത്തില്‍ നടക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് അധികാരികള്‍ ദുരോവിനെതിരെ അറസ്റ്റ് വാറന്റ് പുറത്തിറക്കിയിരുന്നു. ടെലഗ്രാമിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ ദുരോവ് പരാജയപ്പെട്ടുവെന്ന് അധികൃതര്‍ ആരോപിക്കുന്നു.
എന്നാല്‍ തങ്ങള്‍ യൂറോപ്പിലെ ഡിജിറ്റല്‍ സേവന നിയമം ഉള്‍പ്പടെയുള്ള നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും, വ്യവസായ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് തങ്ങള്‍ ഉള്ളടക്കം മോഡറേറ്റ് ചെയ്യുന്നതെന്നും ടെലഗ്രാം പറയുന്നത്. പ്ലാറ്റ് ഫോം ദുരുപയോഗം ചെയ്യുന്നതിന് ഉത്തരവാദി കമ്പനിയും ഉടമയുമാണെന്ന് പറയുന്നതില്‍ അസംബന്ധമാണെന്നും ടെലഗ്രാം പറഞ്ഞു.
റഷ്യന്‍ വംശജനായ ദുറോവിന് ഫ്രഞ്ച് പൗരത്വമുണ്ടെങ്കിലും ദുബായിലാണ് താമസം. ടെലിഗ്രാമിന്റെ ആസ്ഥാനവും ഇവിടെയാണ്. 2013-ല്‍ സഹോദരന് നിക്കോളയുമായി ചേര്‍ന്നാണ് ദുറോവ് ടെലിഗ്രാം സ്ഥാപിച്ചത്. ഇന്ന് നൂറുകോടിക്കടുത്ത് സക്രിയ ഉപയോക്താക്കളുണ്ടതിന്. യുക്രൈനിലും റഷ്യയിലുമാണ് കൂടുതല്‍. 1550 കോടി ഡോളറാണ് (12.99 ലക്ഷം കോടി രൂപ) ദുറോവിന്റെ ആസ്തി.
ടെലിഗ്രാമിനുമുന്‍പ് ‘വികോണ്ടാക്ടെ’ എന്ന പേരിലുള്ള സാമൂഹികമാധ്യമ പ്ലാറ്റ്ഫോം ദുറോവ് സ്ഥാപിച്ചിരുന്നു. അതിലെ പ്രതിപക്ഷവുമായി ബന്ധപ്പെട്ട കമ്യൂണിറ്റികള്‍ പൂട്ടണമെന്ന റഷ്യന്‍ ഭരണകൂടനിര്‍ദേശം പാലിക്കാതെ 2014-ല്‍ ദുറോവ് മോസ്കോ വിടുകയായിരുന്നു. പിന്നീട് ആ ആപ്ലിക്കേഷന്‍ വിറ്റു. 2022-ല്‍ റഷ്യ, യുക്രൈനില്‍ അധിനിവേശമാരംഭിച്ചപ്പോള്‍ യുദ്ധവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ദൃശ്യങ്ങളും സെന്‍സര്‍ ചെയ്യാതെ ഏറ്റവുംകൂടുതല്‍ പ്രചരിച്ചത് ടെലിഗ്രാമിലൂടെയാണ്. അതില്‍ ചിലതൊക്കെ തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമാണെന്ന ആരോപണം നിലനിന്നിരുന്നു.