ലോകത്തിന്റെ ഭക്ഷ്യസുസ്ഥിരതയ്ക്ക് ഇന്ത്യന്‍ ഭക്ഷണസംസ്കാരം ഏറെ ഗുണം ചെയ്യുമെന്ന പഠനവുമായി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (ഡബ്യു.ഡബ്യു.എഫ്.). ജി-20 രാജ്യങ്ങളില്‍ ഏറ്റവും നല്ല ഭക്ഷണസംസ്കാരം ഉള്ളത് ഇന്ത്യയ്ക്കാണെന്നും ഇത് മറ്റ് രാജ്യങ്ങളും ശീലമാക്കുകയാണെങ്കില്‍ കാലാവസ്ഥാമാറ്റം അടക്കമുള്ള കാര്യങ്ങളില്‍ വലിയ മാറ്റം കൊണ്ടുവരാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡബ്യു.ഡബ്യു.എഫ്. പുറത്തുവിട്ട ലിവിങ് പ്ലാനറ്റ് റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. പ്രകൃതിയുടെ സംരക്ഷണം, ഗവേഷണം, പുനരുദ്ധാരണം എന്നിവയ്ക്കുവേണ്ടി തുടങ്ങിയ ഒരു അന്താരാഷ്ട്ര സംഘടനയാണ് വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (ഡബ്യു.ഡബ്യു.എഫ്.). അര്‍ജന്റീന, ഓസ്ട്രേലിയ, യു.എസ്. എന്നീ രാജ്യങ്ങളാണ് സുസ്ഥിരമായ ഭക്ഷണ സംസ്കാരത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നിലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ലോകത്തിലെ വലിയ സാമ്പത്തിക ശക്തികള്‍ നിലവില്‍ കൈക്കൊണ്ടിട്ടുള്ള ഭക്ഷ്യഉപഭോഗം പ്രകൃതിക്ക് ഗുണംചെയ്യില്ല. ഈ ഉപഭോഗരീതി തുടരുകയാണെങ്കില്‍ ഭക്ഷ്യഉത്പാദനം വര്‍ധിപ്പിക്കേണ്ടിവരും. ഇത് 2050-ഓടെ ഹരിതഗൃഹവാതകത്തിന്റെ പുറന്തള്ളലിനെ കുത്തനെ ഉയര്‍ത്തും. ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തില്‍ ഇന്ത്യ സ്വീകരിച്ചിട്ടുള്ള മില്ലറ്റ് സംരംഭങ്ങള്‍ ലോകത്തിനാകെ ഉദാഹരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.