കുഞ്ചിത്തണ്ണി (ഇടുക്കി): ചൊക്രമുടിയില്‍ അനധികൃതമായി നിര്‍മിച്ച തടയണയ്ക്ക് സമീപം സോയില്‍ പൈപ്പിങ് പ്രതിഭാസം. ജിയോളജി വകുപ്പിന്റെ പരിശോധനയിലാണ് ആശങ്കാകരമായ സ്ഥിതിവിശേഷം കണ്ടെത്തിയത്. ഇവിടത്തെ അനധികൃക നിര്‍മാണങ്ങള്‍, വയനാട്ടില്‍ ഉണ്ടായതിന് സമാനമായ ഉരുള്‍പൊട്ടലിന് കാരണമായേക്കാം എന്നും റിപ്പോര്‍ട്ടിലുണ്ട്.
ഭൂമിക്കടിയില്‍ മണ്ണൊലിപ്പുണ്ടാകുന്ന പ്രതിഭാസമാണ് സോയില്‍ പൈപ്പിങ്. ഇതുണ്ടായാല്‍ മണ്ണിടിഞ്ഞ് താഴും. ഒരുപ്രദേശം തന്നെ നശിക്കും. മേഖലയിലെ കൈയേറ്റവും നിര്‍മാണങ്ങളും പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ പരിസ്ഥിതിലോലമായ ഈ പ്രദേശം റവന്യൂ വകുപ്പ് ഏറ്റെടുക്കണമെന്നും ജിയോളജി വകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
മരങ്ങള്‍ വ്യാപകമായി പിഴുത് മാറ്റിയത് പരിസ്ഥിതി ആഘാതത്തിന് കാരണമായെന്നും പറയുന്നു. കേരളത്തിലെ പ്രധാന കൊടുമുടികളില്‍ ഒന്നായ ചൊക്രമുടിയില്‍ ഓഗസ്റ്റിലാണ് വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. അടിമാലി സ്വദേശി സിബി ജോസഫ് ഇവിടെ റോഡ് വെട്ടുകയും തടയണ നിര്‍മിക്കുകയും ചെയ്തു.
പ്ലോട്ടുകള്‍ തിരിച്ച് വില്‍ക്കുകയും നൂറുകണക്കിന് മരങ്ങള്‍ വെട്ടിനീക്കുകയും ചെയ്തു. ഒരു വീട് നിര്‍മിക്കുന്നതിനായി ദേവികുളം തഹസില്‍ദാര്‍ നല്കിയ എന്‍.ഒ.സി.യുടെ പിന്‍ബലത്തിലായിരുന്നു ഇതെല്ലാം. സംഭവം വിവാദമായതോടെ റവന്യൂ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക സംഘത്തിന്റെ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി.
ഇവിടത്തെ പട്ടയം വ്യാജമായി ചമച്ചതാണോയെന്ന് പരിശോധിക്കണമെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച വന്നിട്ടുണ്ടെന്നും അവരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കൂടാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ദേവികുളം സബ് കളക്ടര്‍ വി.എം. ജയകൃഷ്ണന്റെ നേതൃത്വത്തില്‍ റവന്യൂ, ജിയോളജി, വനം, മണ്ണ് സംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം സ്ഥലം സന്ദര്‍ശിച്ചത്. ഈ പരിശോധനയിലാണ് സോയില്‍ പൈപ്പിങ് ഉള്‍പ്പെടെയുള്ളത് കണ്ടെത്തിയത്. ഇതിന്റെ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് ഉടന്‍ സമര്‍പ്പിക്കും.