ഹരിയാണയിൽ ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല തോളിലൊരു മാറാപ്പുമായാണ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്. ഒരർഥത്തിൽ അത് ദുഷ്യന്തിന്റെ അവസരവാദരാഷ്ട്രീയത്തിന് ജനങ്ങൾ നൽകിയ സമ്മാനമാണ്. ചൗധരി ദേവിലാൽ സ്ഥാപിച്ച ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐ.എൻ.എൽ.ഡി.) പിളർത്തി 2018-ൽ സ്വന്തം പാർട്ടിയുണ്ടാക്കിയ ദുഷ്യന്തിന്റെ വിജയം താത്കാലികമായിരുന്നു. 2019-ൽ ഉച്ചാനയിൽ കോൺഗ്രസ് സ്ഥാനാർഥിയെ തോൽപ്പിച്ച് ജാട്ടുകളുടെ വോട്ടുനേടി വിജയിച്ച ദുഷ്യന്ത് കർഷകസമരത്തിൽ ബി.ജെ.പി.ക്കൊപ്പംനിന്ന് കർഷകസമൂഹത്തെ ഒന്നടങ്കം വഞ്ചിച്ചുവെന്ന ആരോപണങ്ങൾ ശക്തമാണ്. ഈ ആരോപണങ്ങൾ ദുഷ്യന്തിന്റെ ഒപ്പമുണ്ട്. ബി.ജെ.പി. സഖ്യം ഉപേക്ഷിച്ചെങ്കിലും വോട്ടർമാരുടെ വിശ്വാസം തിരിച്ചുപിടിക്കാൻ സാധിച്ചിട്ടില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ., ഇന്ത്യ സഖ്യങ്ങൾ തമ്മിലുള്ള മത്സരങ്ങൾക്കുനടുവിൽ തിരഞ്ഞെടുപ്പുചിത്രത്തിൽനിന്നുപോലും ജെ.ജെ.പി. പുറത്തായിരുന്നു. ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെ.ജെ.പി. 14.9 ശതമാനം വോട്ടുകളാണ് നേടിയത്.
സീറ്റുചർച്ചകൾ പരാജയപ്പെട്ടതോടെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി.യുമായുള്ള സഖ്യം അവസാനിപ്പിച്ചു.
ഇത്തവണ ഭീം ആർമി സ്ഥാപകൻ ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയുമായാണ് സഖ്യം. ജെ.ജെ.പി-എ.എസ്.പി. സഖ്യം ഒന്നിച്ച് അധികാരത്തിന്റെ വാതിൽ തുറക്കുമെന്നാണ് ദുഷ്യന്തിന്റെ പ്രതീക്ഷ.