‘തീരൻ അധികാരം ഒൻട്ര്’ സിനിമയുടെ പോസ്റ്റർ(ഇടത്ത്) തൃശ്ശൂർ കോലഴിയിൽ മോഷണം നടന്ന എ.ടി.എമ്മിനു മുന്നിൽ അന്വേഷണത്തിനെത്തിയ പോലീസുകാർ(വലത്ത്)
കോയമ്പത്തൂര്‍: നാമക്കല്‍ പള്ളിപാളയത്ത് അറസ്റ്റിലായ എം.ടി.എം. കവര്‍ച്ചസംഘത്തിലെ പ്രതികളെ കുമാരപാളയം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു. അന്വേഷണത്തിന് നാമക്കല്‍ എസ്.പി.യുടെ കീഴില്‍ നാലുസംഘങ്ങളെ നിയോഗിച്ചതായി പോലീസ് വ്യക്തമാക്കി.
ലോറി ഡ്രൈവര്‍ ജമാലുദ്ദീന്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റുമരിച്ചു. മറ്റൊരു പ്രതി അസര്‍ അലിക്ക് ഇരുകാലുകള്‍ക്കും വെടിയേല്‍ക്കുകയുംചെയ്തു. ഇയാള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശേഷിക്കുന്ന അഞ്ചുപേരെയും വെപ്പടൈ പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പ്രതികളെ വെള്ളിയാഴ്ച വൈകീട്ടും ശനിയാഴ്ച രാവിലെയുമായി കേരള, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ പോലീസ് സംഘങ്ങള്‍ വിശദമായി ചോദ്യംചെയ്തു.
അന്വേഷണസംഘങ്ങളില്‍ ഒന്ന് പ്രതികളുടെ നാടായ ഹരിയാണയില്‍ പോയി തെളിവെടുപ്പ് നടത്തും. കൊല്ലപ്പെട്ട ജമാലുദ്ദീന്റെ ബന്ധുക്കള്‍ ശനിയാഴ്ച രാവിലെ നാമക്കലിലെത്തി. സങ്കഗിരി സര്‍ക്കാര്‍ ആശുപത്രയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പോലീസിന്റെ ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്ട്രേറ്റ്തല അന്വേഷണവും തുടങ്ങി. ഹരിയാണയിലെ പല്‍വല്‍, നൂഹ് ജില്ലകളില്‍നിന്നുള്ള പ്രതികള്‍ എ.ടി.എം. കവര്‍ച്ച പതിവാക്കിയവരാണ്.
സെപ്റ്റംബര്‍ 21-ന് കൃഷ്ണഗിരി മഹാരാജകടയില് എ.ടി.എമ്മില്‍നിന്ന് ഒമ്പതുലക്ഷം രൂപ കവര്‍ന്നിരുന്നു. ജൂലായ് 14-ന് കൃഷ്ണഗിരിയിലെ രണ്ട് എ.ടി.എമ്മുകള്‍ തകര്‍ത്ത് മോഷണശ്രമമുണ്ടായി. ഇതേസമയത്ത് ആന്ധ്രാപ്രദേശിലും സമാനരീതിയില്‍ കവര്‍ച്ച നടന്നിരുന്നു.
തൃശ്ശൂരിലെ മൂന്ന് എ.ടി.എമ്മുകളില്‍ കവര്ച്ചനടത്തിയശേഷം പണവുമായി കണ്ടെയ്നര്‍ ലോറിയില്‍വന്ന സംഘത്തെ വെള്ളിയാഴ്ച രാവിലെ നാമക്കല്‍ പള്ളിപ്പാളയത്തുവെച്ചാണ് പോലീസ് സാഹസികമായി പിടികൂടിയത്.
മാരത്തോണ്‍ സി.സി.ടി.വി. പരിശോധന
തൃശ്ശൂര്‍: എ.ടി.എം. കവര്‍ച്ച മണിക്കൂറുകള്‍കൊണ്ട് തെളിയിക്കാനായത് മാരത്തോണ്‍ സി.സി.ടി.വി. പരിശോധനയിലൂടെ. കമ്മിഷണര്‍ ആര്. ഇളങ്കോയ്ക്കൊപ്പം നിന്ന പോലീസ് സംഘത്തിന്റെക്കൂടി മിടുക്കിലാണ് ഇത് സാധ്യമായത്. രാവിലെ ഏഴുമണിയോടെ മോഷ്ടാക്കള്‍ കാറുമായി കണ്ടെയ്നറിലായിരിക്കാം പോയത് എന്ന നിഗമനത്തില്‍ പോലീസ് എത്തി. വിപുലമായ സി.സി.ടി.വി. പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തില്‍ പോലീസ് എത്തിയത്.
ഇതിനായി ടോള്‍ ബൂത്തുകളിലാണ് പരിശോധന നടത്തിയത്. പന്നിയങ്കര, കൊഴിഞ്ഞാമ്പാറ, ഗോവിന്ദാപുരം, വഴിക്കടവ് എന്നിവിടങ്ങളിലെല്ലാം മോഷ്ടാക്കള്‍ ഉപയോഗിച്ച കാര്‍ തേടി സി.സി.ടി.വി. പരിശോധന നടത്തി. എവിടെയും കാര്‍ കണ്ടെത്താതായപ്പോഴാണ് കണ്ടെയ്നര്‍ പരിശോധിക്കണമെന്ന് മുന്‍ അനുഭവംവെച്ച് കമ്മിഷണര്‍ ആര്. ഇളങ്കോ നിര്‍ദേശിച്ചത്. തുടര്‍ന്ന് പന്നിയങ്കര ടോളില്‍ പരിശോധന ആരംഭിച്ചു. ഇതിനുമുന്നെത്തന്നെ സി.സി.ടി.വി.കളിലൂടെ കാറിന്റെ ദിശ മനസ്സിലാക്കിയിരുന്നു. തുടര്‍ന്നാണ് പന്നിയങ്കര ടോളിലൂടെ കടന്നുപോയ കണ്ടെയ്നറുകളുടെ കണക്കെടുത്തത്. മുപ്പതിലേറെ കണ്ടെയ്നര്‍ ലോറികള്‍ ഇതുവഴി ആ സമയം കടന്നുപോയിരുന്നു. ഇവയെല്ലാം പരിശോധിച്ച് സംശയാസ്പദമായ നമ്പറുകളാണ് നാമക്കല്‍ എസ്.പി.ക്ക് കൈമാറിയത്.
‘തീരന്‍ അധികാരം ഒന്‍ട്ര് ‘ സിനിമയുടെ തനിയാവര്‍ത്തനം
എച്ച്. വിനോദ് രചനയും സംവിധാനവും നിര്‍വഹിച്ച്, 2017-ല്‍ പുറത്തിറങ്ങിയ തമിഴ് ആക്ഷന്‍ ക്രൈം ത്രില്ലര്‍ ചലച്ചിത്രം ‘തീരന്‍ അധികാരം ഒന്‍ട്ര്’ കഥയെ അനുസ്മരിപ്പിക്കുന്നതായിരുന്നു വെള്ളിയാഴ്ച നടന്ന സംഭവങ്ങള്‍. ഉത്തരേന്ത്യന്‍ കവര്‍ച്ചസംഘത്തെ തമിഴ്നാട് പോലീസ് സാഹസികമായി പിടികൂടുന്നതാണ് സിനിമയുടെ ഇതിവൃത്തം. കാര്‍ത്തിയായിരുന്നു പ്രധാന വേഷത്തിലെത്തിയത്.
1995 മുതല്‍ 2005 വരെയുള്ള കാലയളവില്‍ തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടകം സംസ്ഥാനങ്ങളിലെ ദേശീയപാതയ്ക്കു സമീപമുള്ള വീടുകള്‍ കേന്ദ്രീകരിച്ച് ഒരു സംഘം വന്‍ കവര്‍ച്ചകളും കൊലപാതകങ്ങളും നടത്തിയതിന്റെ ചുരുളഴിക്കുന്നതാണ് സിനിമ പറയുന്നത്. തമിഴ്നാട് പോലീസിന് ഇതിനെക്കുറിച്ച് വിവരം ലഭിക്കുന്നതോടെ അന്വേഷണം ആരംഭിച്ചു.
ഉത്തര്‍പ്രദേശില്‍നിന്നുള്ള ‘ബവാരിയ’ എന്ന കുറ്റവാളിസംഘമാണ് പിന്നിലെന്ന് കണ്ടെത്തുന്നു. പിന്നീട് കുറ്റവാളികളെ പിടികൂടാന്‍ അന്വേഷണസംഘം ഉത്തരേന്ത്യ മുഴുവന്‍ സഞ്ചരിക്കുകയാണ്.
സാഹസികതയും വെല്ലുവിളികളും നിറഞ്ഞ ‘ഓപ്പറേഷന് ബവാരിയ’ എന്ന ദൗത്യത്തിലൂടെ തമിഴ്നാട് പോലീസ്സംഘം രാജസ്ഥാനില്‍നിന്നു കുറ്റവാളികളെ പിടികൂടുന്നു. ഈ സംഭവം തമിഴ്നാട് പോലീസിന് രാജ്യത്താകമാനം പ്രശസ്തി നേടിക്കൊടുത്തു. ഈ സംഭവമാണ് ‘തീരന്‍ അധികാരം ഒന്‍ട്ര്’ എന്ന പേരില്‍ സിനിമയായത്.