റഷ്യന്‍ ‘ചാര’ത്തിമിംഗിലമെന്ന് സംശയിച്ചിരുന്ന ‘വാല്‍ഡിമിര്‍’ ചത്തത് വെടിയേറ്റല്ലെന്ന് നോര്‍വീജിയന്‍ പോലീസ്. തിമിംഗിലത്തെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവം ഏറെ വിവാദമായതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസ് യഥാര്‍ഥ മരണകാരണം കണ്ടെത്തിയത്. വെടിയേറ്റിട്ടല്ല തിമിംഗിലം ചത്തതെന്നും വായിലെ മുറിവും ഇതേത്തുടര്‍ന്നുണ്ടായ അണുബാധയുമാണ് മരണകാരണമെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. തടിക്കഷണം വായില്‍ കുടുങ്ങിയതാണ് മുറിവുണ്ടാകാന്‍ കാരണമായതെന്നും പോലീസ് പറഞ്ഞു.
ഓഗസ്റ്റ് 31-നാണ് നോര്‍വെയിലെ സ്റ്റാവഞ്ചര്‍ കടല്‍ത്തീരത്ത് റഷ്യ അയച്ചതെന്ന് സംശയിക്കുന്ന തിമിംഗിലത്തെ ചത്തനിലയില്‍ കണ്ടെത്തിയത്. എന്നാല്‍, റഷ്യയുടെ ചാരത്തിമിംഗിലമാണെന്ന സംശയമുള്ളതിനാല്‍ തിമിംഗിലത്തെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പരാതികളുയര്‍ന്നു. തിമിംഗിലത്തെ വെടിവെച്ച് കൊന്നതാണെന്നായിരുന്നു മൃഗസംരക്ഷണ സംഘടനകളടക്കം ആരോപിച്ചിരുന്നത്.
തുടര്‍ന്നാണ് സാന്ഡ്നെസ്സിലെ വെറ്ററിനറി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ തിമിംഗിലത്തിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനിടെ തിമിംഗലത്തിന്റെ വായില്‍നിന്ന് 35 സെന്റിമീറ്റര്‍ നീളത്തിലുള്ള തടിക്കഷണം കണ്ടെത്തി. ഈ തടിക്കഷണം വായില്‍ കുടുങ്ങിക്കിടന്നതിനാലാണ് മുറിവുണ്ടായതെന്നും ഇതേത്തുടര്‍ന്നുണ്ടായ അണുബാധയാണ് മരണത്തിന് കാരണമായതെന്നുമായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. വെടിയുണ്ടകളോ മറ്റുവസ്തുക്കളോ തിമിംഗിലത്തിന്റെ ജഡത്തില്‍നിന്ന് കണ്ടെത്തിയിട്ടില്ലെന്നും എക്സറേ പരിശോധനയടക്കം നടത്തിയെന്നും പോലീസ് പറഞ്ഞു.
2019-ലാണ് ആണ് ബെലൂഗ തിമിംഗിലമായ വാല്‍ഡിമിറിനെ ആദ്യമായി കണ്ടെത്തുന്നത്. 1225 കിലോഗ്രാമോളം ഭാരവും 14 അടി നീളവുമുള്ള വെള്ളനിറത്തിലുള്ള കുഞ്ഞന്‍ തിമിംഗിലമായിരുന്നു ഇത്. വടക്കന്‍ നോര്‍വേയിലെ തീരനഗരമായ ഹമ്മര്‍ഫെസ്റ്റിന് സമീപം കടലില്‍ മത്സ്യത്തൊഴിലാളികളാണ് ആദ്യമായി വാല്‍ഡിമിനെ കണ്ടത്.
കഴുത്തില്‍ ‘സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ (റഷ്യന്‍ നഗരം) നിന്നുള്ള ഉപകരണം’ എന്ന് രേഖപ്പെടുത്തിയ കോളര്‍ ബെല്‍റ്റ് കണ്ടതോടെയാണ് വാല്‍ഡിമിര്‍ റഷ്യയുടെ ചാരത്തിമിംഗിലമാണെന്ന സംശയമുയര്‍ന്നത്. കോളര്‍ബെല്‍റ്റില്‍ ക്യാമറയും ഘടിപ്പിച്ചിരുന്നു. നോര്‍വീജിയന്‍ ഭാഷയില്‍ തിമിംഗിലം എന്നര്‍ഥം വരുന്ന ‘വാല്(വെയ്ല്)’, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ പേരിന്റെ ഭാഗമായ ‘വ്ളാഡിമിര്‍’ എന്നീ വാക്കുകള്‍കൂട്ടിച്ചേര്‍ത്താണ് ഈ തിമിംഗലത്തിന് പിന്നീട് വാല്‍ഡിമിര്‍ എന്ന പേര് നല്‍കിയത്. അതേസമയം, റഷ്യ വാല്‍ഡിമിറിന്റെ ഉടമസ്ഥത ഏറ്റെടുക്കാത്തതിനാല്‍ ഇത് ചാരത്തിമിംഗിലമാണോ എന്ന കാര്യം ഇപ്പോഴും ചുരുളഴിയാത്ത രഹസ്യമാണ്.