തെൽ അവീവ് : ഗസയ്ക്കെതിരായ ഇസ്രയേൽ ആക്രമണം നിർഭയമായി റിപ്പോർട്ട് ചെയ്ത നാല് ഫലസ്തീൻ മാധ്യമ പ്രവർത്തകരെ 2024 ലെ സമാധാനത്തിനുള്ള നൊബേൽസമ്മാനത്തിന് നാമനിർദ്ദേശം ചെയ്തു.ഫോട്ടോ ജേണലിസ്റ്റ് മൊതാസ് അസൈസ, ടിവി റിപ്പോർട്ടർ ഹിന്ദ് ഖൗദരി, പത്രപ്രവർത്തകനും ആക്ടിവിസ്റ്റുമായ ബിസാൻ ഔദ, മുതിർന്ന റിപ്പോർട്ടർ വെയ്ൽ അൽ ദഹ്ദൂഹ് എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ചത്.നാല് പേരും തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് സന്തോഷം പങ്കുവെച്ചത്.
ഗസയിലെ അതിക്രമങ്ങളെക്കുറിച്ച് ലോകത്തിന് കൃത്യമായ വിവരങ്ങൾ നൽകിയതിനും അവരുടെ നിർഭയമായ മാധ്യമപ്രവർത്തനത്തിനും ഗസയ്ക്കെതിരായ ഇസ്രായേൽ ആക്രമണത്തെ കുറിച്ചുള്ള നിശ്ചയദാർഢ്യമുള്ള റിപ്പോർട്ടിംഗിനുമാണ് ഇവരെ നാമനിർദ്ദേശം ചെയ്തത്.
കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ടിട്ടും, ഈ മാധ്യമപ്രവർത്തകർ അവരുടെ ദൗത്യത്തിൽ പ്രതിജ്ഞാബദ്ധരാണ്.ഫലസ്തീൻ ജനത അഭിമുഖീകരിക്കുന്ന ദാരുണമായ അവസ്ഥകൾ ആഗോള ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്ക് വഹിക്കുച്ച ഇവരുടെ അചഞ്ചലമായ പ്രതിബദ്ധത കണക്കിലെടുത്താണ് ഈ അംഗീകാരമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സമാധാനം കൈവരിക്കുന്നതിന് ഗണ്യമായ സംഭാവനകൾ നൽകിയ വ്യക്തികളെയോ ഗ്രൂപ്പുകളെയോ ആണ് നോർവീജിയൻ നോബൽ കമ്മിറ്റി നൽകുന്ന സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായി പരിഗണിക്കാറുള്ളത്.ഈ വർഷം, 196 വ്യക്തികളും 89 സംഘടനകളും ഉൾപ്പെടെ 285 നോമിനേഷനുകളാണ് കമ്മിറ്റിക്ക് ലഭിച്ചത്.2024 ലെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവിനെ ഒക്ടോബർ 11 ന് പ്രഖ്യാപിക്കും.
അതേസമയം,ഗസയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ ഇതുവരെ 40,600-ലധികം ഫലസ്തീനികൾ മരിക്കുകയും 94,000-ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.ആയിരക്കണക്കിന് ആളുകളെ കാണാതായിട്ടുണ്ട്.കാണാതായവർ ആക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയോ കൂട്ടക്കുഴിമാടങ്ങളിൽ അടക്കം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ടാകുമെന്നാണ് നിഗമനം.