കാന്തല്ലൂർ: കാലാവസ്ഥ വ്യതിയാനം, വന്യജീവി ആക്രമണം, കീടശല്യം. ശീതകാല പച്ചക്കറി കൃഷിക്കാർ ഇത്തവണ നേരിട്ട വെല്ലുവിളികൾക്ക് കൈയും കണക്കുമില്ല. അഞ്ചുനാട്ടിലെ മറ്റ് പല മേഖലകളിലും കർഷകർ പച്ചക്കറി കൃഷി ഉപേക്ഷിച്ചപ്പോൾ കൊളുത്താമലക്കാർ ധൈര്യപൂർവം വിത്തിറക്കി. ഓണം ഇങ്ങെത്തിയപ്പോഴേക്കും പച്ചക്കറിപ്പാടം നൂറുമേനി വിളഞ്ഞു.
മഴയെ അതിജീവിച്ച്
ഓണസദ്യവട്ടങ്ങളിലെ അംഗങ്ങളായ കാബേജ്, കാരറ്റ്, ബീറ്റ്റൂട്ട്, കോളിഫ്ളവർ, ഉരുളക്കിഴങ്ങ് വിവിധയിനം ബീൻസുകൾ ഒക്കെ വ്യാപകമായി വിളയുന്ന കേരളത്തിലെ ഒരേയൊരു പ്രദേശമാണ് കാന്തല്ലൂർ, വട്ടവട മേഖല ഉൾപ്പെട്ട അഞ്ചുനാട്. വിഷു, ഓണ സീസണുകൾ ലക്ഷ്യമിട്ടാണ് ഇവിടെ കൃഷിയിറക്കുന്നത്. ഏറെ പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും കൊളുത്താമലക്കാർ പരമ്പരാഗത കൃഷി കൈവിട്ടില്ല. മഴ കിട്ടിയപ്പോൾ ജൂൺ മാസത്തിൽ കൃഷിയിറക്കി. എന്നാൽ, മഴ പെയ്തത് കണക്കുകൂട്ടലുകൾക്കും അപ്പുറമായിരുന്നു. വിത്തെല്ലാം ചീഞ്ഞ് നശിക്കുമെന്ന് എല്ലാവരും കരുതി. എന്നാൽ, ഭാഗ്യം കർഷകർക്കൊപ്പമായിരുന്നു. കാര്യമായ നാശമുണ്ടായില്ല. നല്ല ആരോഗ്യത്തോടെ പച്ചക്കറികൾ വളർന്നു. ഇപ്പോൾ വിളവെടുപ്പിന് പാകമായി.
മുമ്പിൽ ഉരുളക്കിഴങ്ങ്
കൊളുത്താമലയിൽ ആലത്ത് രാജൻ എന്ന റിസോർട്ട് ഉടമ റിസോർട്ടിന് ചുറ്റുമുള്ള മുഴുവൻ മരങ്ങളും പിഴുതുമാറ്റി നിലമൊരുക്കിയിരുന്നു. എൻജിനിയറിങ് ബിരുദധാരിയായ ഗോവിന്ദരാജിന്റെ നേതൃത്തിലാണ് ഇവിടെ കൃഷി ചെയ്യുന്നത്. താഴ്വാരകളാണ് മറ്റുള്ളവരുടെ കൃഷി. ഇത്തവണ ഉരുളക്കിഴങ്ങിനാണ് ഏറ്റവും കൂടുതൽ വിളവ്. കാബേജും കാരറ്റും ബീൻസുകളും നന്നായി കായിട്ടിട്ടുണ്ട്. ബീറ്റ്റൂട്ടുമുണ്ട്. പച്ചമുളക്, തക്കാളി തുടങ്ങിയ കൃഷിയും ഇവിടെയുണ്ട്.
പ്രതീക്ഷ
പൂർണമായും ജൈവരീതിയിലാണ് കൊളുത്താമലയിൽ പച്ചക്കറി കൃഷി ചെയ്തിരിക്കുന്നത്. കാട്ടാനകൾ കൃഷി നശിപ്പിക്കാതിരിക്കാൻ ഉറക്കംപോലുമില്ലാതെയാണ് കർഷകർ കാവലിരുന്നത്. ഹോർട്ടികോർപ്പ് പച്ചക്കറികൾ സംഭരിക്കുമെന്നും നല്ല വിലകിട്ടുമെന്നുമാണ് ഇവരുടെ പ്രതീക്ഷ.