വടകര: താങ്ങുവിലയ്ക്ക് കേരളത്തിൽനിന്ന് സംഭരിച്ച കൊപ്ര ഗുണനിലവാരം ഇല്ലാത്തതിനെത്തുടർന്ന് സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷന്റെ സംഭരണശാലയിൽനിന്ന് തിരിച്ചയച്ചത് മൂന്നുതവണ. രാജ്യത്തുതന്നെ മികച്ച ഗുണനിലവാരവുമുള്ള കൊപ്ര കേരളത്തിൽനിന്നുള്ളതായിരിക്കേ ഇതുസംബന്ധിച്ച് ദുരൂഹത ഉയർന്നിട്ടുണ്ട്.
വെറും 102 ടൺ കൊപ്രയ്ക്കുള്ള തേങ്ങയാണ് വി.എഫ്.പി.സി.കെ. കേരളത്തിൽനിന്ന് സംഭരിച്ചത്. ഇത് സംസ്കരിച്ച് കൊപ്രയാക്കിയത് ഇവർതന്നെ നിശ്ചയിച്ച സ്വകാര്യസ്ഥാപനമാണ്. കൊപ്ര പാലക്കാട്ടെയും മലപ്പുറത്തെയും വെയർഹൗസിങ് കോർപ്പറേഷൻ സംഭരണശാലയിൽ എത്തിച്ചെങ്കിലും ഗുണനിലവാരപരിശോധനയിൽ പരാജയപ്പെട്ടു. എഫ്.എ.ക്യു (ഫെയർ ആവറേജ് ക്വാളിറ്റി) നിലവാരമുളള കൊപ്രയാണ് നാഫെഡ് സ്വീകരിക്കുക.
പിന്നീട് രണ്ടുതവണ കൊപ്ര കൊണ്ടുവന്നെങ്കിലും ഇതിനും ഗുണനിലവാരം പാലിക്കാൻ കഴിഞ്ഞില്ല. വേറെ കൊപ്രയാണ് പിന്നീട് കൊണ്ടുവന്നതെന്നാണ് സംശയം. സംഭരണശാല മാറ്റി കൊപ്ര നൽകാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മഞ്ഞനിറം, മൊരിച്ചിലില്ലായ്മ, ഈർപ്പം കൂടുതൽ എന്നിവയൊക്കെയാണ് കൊപ്ര തിരസ്കരിക്കാൻ കാരണമായി പറഞ്ഞത്. കേരളത്തിലെ തേങ്ങ സംസ്കരിച്ചുണ്ടാക്കുന്ന കൊപ്ര ഒരിക്കലും ഇത്രത്തോളം മോശമാകാറില്ല. ഇവിടെയാണ് സംശയം ഉയരുന്നത്.
കൊപ്ര നൽകുന്നതിന് സമയം നീട്ടിക്കിട്ടാൻ വി.എഫ്.പി.സി.കെ. സംസ്ഥാനസർക്കാർ മുഖേന കേന്ദ്രത്തിന് കത്തയച്ചെങ്കിലും അനുമതി ലഭിച്ചിട്ടില്ല. ഇത്രയും വൈകിയ സ്ഥിതിക്ക് ഇനി അനുമതി കിട്ടാനുള്ള സാധ്യത കുറവാണ്. അനുമതി കിട്ടിയാൽത്തന്നെ പഴയ കൊപ്ര എന്തായാലും കൊടുക്കാൻ കഴിയില്ല. പുതിയ കൊപ്രയ്ക്കാണെങ്കിൽ നല്ലവിലയുണ്ട്. ഈ വിലയ്ക്ക് കൊപ്ര വാങ്ങിനൽകിയാൽ വി.എഫ്.പി.സി.കെ.ക്ക് നഷ്ടമാകും. കൊപ്രയുടെ ഗുണനിലവാരം കുറയാനിടയാക്കിയ സാഹചര്യം അന്വേഷിച്ച് ഉത്തരവാദിയായവരിൽനിന്ന് നഷ്ടം ഈടാക്കണമെന്ന ആവശ്യമാണുയരുന്നത്.