കൊല്ലം: തിരുമുല്ലവാരത്ത് കടലിലെ പാരുകൾക്കിടയിലകപ്പെട്ട ബോട്ടിനെ വലിച്ചുനീക്കാനുള്ള ശ്രമം വിഫലം. കല്ലുനിറഞ്ഞ ഭാഗമായതിനാൽ കോസ്റ്റ് ഗാർഡിനും മറൈൻ എൻഫോഴ്സ്മെന്റിനും ബോട്ടിനടുത്ത് എത്താനായില്ല. വള്ളത്തിൽ, ബോട്ടിനരികിലെത്താനുള്ള ശ്രമവും പരാജയപ്പെട്ടു.
തിങ്കളാഴ്ച പുലർച്ചെയാണ് നീണ്ടകര പുത്തൻതുറ ജോർജ് കോട്ടേജിൽ മേരി ജോർജിന്റെ ഉടമസ്ഥതയിലുള്ള ഹന്നാമറിയം എന്ന ബോട്ട് തിരുമുല്ലവാരം ഭാഗത്ത് കടലിൽ പാരിൻകൂട്ടം നിറഞ്ഞ ഭാഗത്തേക്ക് ഇടിച്ചുകയറിയത്. 13 തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്.
നാലുലക്ഷത്തോളം രൂപ വിലവരുന്ന മീനും ബോട്ടിലുണ്ടായിരുന്നു. തൊഴിലാളികളെ മറ്റുള്ളവർ ചേർന്ന് രക്ഷപ്പെടുത്തി. മീൻ നശിച്ചുപോയി. ബോട്ട് കരയ്ക്കെത്തിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ തൊഴിലാളികൾ ആശങ്കയിലാണ്.