കൊച്ചി: സി.എ. വിദ്യാർഥിനിയായിരുന്ന മിഷേൽ ഷാജിയെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സി.ബി.ഐ. അന്വേഷണം വേണമെന്ന പിതാവിന്റെ ആവശ്യം അനുവദിക്കാതെ ഹൈക്കോടതി. മരണത്തെ സംബന്ധിച്ച് വിട്ടുപോയ കാര്യങ്ങൾകൂടി വിശദമായി പരിശോധിച്ച് അന്വേഷണം ഉടൻ പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിന് കോടതി നിർദേശവും നൽകി. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്ന പിതാവ് പിറവം മുളക്കുളം എണ്ണയ്ക്കാപ്പിള്ളിൽ ഷാജിയുടെ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് സി.എസ്. സുധയുടെ ഉത്തരവ്.
അമിക്കസ് ക്യൂറിയെ നിയോഗിച്ച് കേസ് ഡയറിയടക്കം വിശദമായി പരിശോധിച്ച കോടതി മിഷേലിന്റേത് മുങ്ങിമരണമാണെന്ന ക്രൈംബാഞ്ചിന്റെ കണ്ടെത്തലിനോട് യോജിച്ചുകൊണ്ടാണ് സി.ബി.ഐ. അന്വേഷണ ആവശ്യം തള്ളിയത്.
എറണാകുളത്ത് സി.എ. ഫൗണ്ടേഷൻ കോഴ്സ് വിദ്യാർഥിനിയായിരുന്ന മിഷേലിനെ 2017 മാർച്ച് ആറിനാണ് കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലേന്ന് വൈകീട്ട് ഹോസ്റ്റലിൽ നിന്നിറങ്ങിയ മിഷേൽ, കലൂർ പള്ളിയിൽ പ്രാർഥനയ്ക്കു ശേഷം സന്ധ്യയോടെ ഗോശ്രീ പാലത്തിലൂടെ നടന്നുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് കായലിൽ ചാടി ജീവനൊടുക്കിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ഫോൺ റെക്കോഡുകൾ പരിശോധിച്ചതിൽനിന്ന്, പ്രേരണക്കുറ്റത്തിന് മിഷേലിന്റെ സുഹൃത്തായിരുന്ന പിറവം സ്വദേശി ക്രോണിൻ അലക്സാണ്ടർ ബേബിക്കെതിരേ കേസെടുത്തിരുന്നു. അന്വേഷണം തൃപ്തികരമല്ലെന്നും മകളുടെ ദുരൂഹ മരണത്തിൽ സി.ബി.ഐ. അന്വേഷണം വേണമെന്നുമായിരുന്നു പിതാവിന്റെ ആവശ്യം. പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയതടക്കമുള്ള കാരണങ്ങളാണ് പിതാവ് ഉന്നയിച്ചത്.
എന്നാൽ, ഇതൊക്കെ വിശദമായി പരിശോധിച്ച കോടതി ഇതിൽ കഴമ്പില്ലെന്ന് വിലയിരുത്തിയാണ് സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന നിഗമനത്തിൽ എത്തിയത്. എന്നാൽ, ചില കാര്യങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നതിൽ ക്രൈംബ്രാഞ്ചിന് വീഴ്ചയുണ്ടായി എന്നും കോടതി വിലയിരുത്തി.
അന്വേഷണസംഘത്തിന്റെ വീഴ്ചകൾ
- മിഷേൽ ഗോശ്രീ രണ്ടാം പാലത്തിൽനിന്ന് കായലിൽ ചാടിയതാണെന്നതിന് വ്യക്തമായ തെളിവില്ല. അതിലേ കടന്നുപോയ അമൽ ജോർജിന്റെ മൊഴിയാണ് ഇതിന് ആധാരം. സാക്ഷി പറഞ്ഞ ഇടം കേന്ദ്രീകരിച്ചാണ് കായലിൽ പരിശോധന നടത്തിയത്. അതിനാൽ ബാഗും വാച്ചും ഷൂസും കണ്ടെടുക്കാനായില്ല. ഗോശ്രീ ഒന്നാം പാലത്തിനടുത്തേക്കും തിരച്ചിൽ വ്യാപിപ്പിക്കേണ്ടതായിരുന്നു.
- ദേഹം ജീർണിക്കാത്തതിനു കാരണമായി പറഞ്ഞത് വെള്ളത്തിലെ ഉപ്പുരസം അടക്കമുള്ള കാരണങ്ങളാണ്. എന്നാൽ, ശാസ്ത്രീയ പരിശോധനകൾക്ക് മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ ജലസാംപിൾ മാത്രമാണ് ശേഖരിച്ചത്. പെൺകുട്ടി ചാടിയെന്ന് പറയുന്നിടത്തെ വെള്ളം ശേഖരിച്ചില്ല.
- മട്ടാഞ്ചേരി വാർഫിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വേലിയിറക്കത്തിന്റെ ഫലമായാണ് ശരീരം ഒഴുകിയതെന്ന പോലീസിന്റെ നിഗമനം ശരിയാണ്. എന്നാൽ, ദേഹം വെള്ളത്തിൽ കിടന്ന 20 മണിക്കൂറിനിടെ എത്ര വേലിയിറക്കമുണ്ടായെന്ന് പഠനം നടത്തിയിട്ടില്ല.
- മിഷേലിന്റെ വയറ്റിൽ കാരറ്റിന്റെ അംശമുണ്ടായിരുന്നു. ഹോസ്റ്റൽ പാചകത്തിന് കാരറ്റ് ഉപയോഗിച്ചിരുന്നില്ല. മറ്റാർക്കെങ്കിലും ഒപ്പം പുറത്തുനിന്ന് ഭക്ഷണം കഴിച്ചിരിക്കാനുള്ള സാധ്യതകൾ വീട്ടുകാർ ചൂണ്ടിക്കാട്ടിയിട്ടും സമീപത്തെ ഹോട്ടലുകളിൽ അന്വേഷിച്ചില്ല. ഏഴു വർഷം കടന്നുപോയതിനാൽ ഇക്കാര്യം ഇനി അന്വേഷിച്ചിട്ടു കാര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
യുവാവ് ഡിലീറ്റ് ചെയ്തത് 60 എസ്.എം.എസുകൾ
ആത്മഹത്യ പ്രേരണക്കുറ്റത്തിന് പ്രതിചേർക്കപ്പെട്ട ക്രോണിൻ അലക്സാണ്ടർ മിഷേലിനെ കാണാതാകുന്ന ഡിസംബർ അഞ്ചിന് അഞ്ചുമണിക്കൂറിനുള്ളിൽ 60 മെസേജുകളാണ് മിഷേലിന് അയച്ചത്. ഇവയൊക്കെ മിഷേലിനെ കാണാതായി എന്ന് അറിഞ്ഞതോടെ ഡിലീറ്റ് ചെയ്തിട്ടുണ്ട്. മിഷേൽ അവസാനം ഫോണിൽ സംസാരിച്ചതും ക്രോണിനോടാണ്. എന്നാൽ, യുവാവ് ഡിലീറ്റ് ചെയ്ത മെസേജുകൾ വീണ്ടെടുക്കാനായിട്ടില്ല. ക്രോണിന്റെ ഫോണിൽനിന്ന് കണ്ടെടുത്ത ഒരു അൺസെൻഡ് സന്ദേശം മനസ്സ് ഉലയ്ക്കുന്ന വിധത്തിലുള്ളതാണെന്നും ഹൈക്കോടതി വിലയിരുത്തി. ഇരുവരുടെയും സൗഹൃദത്തിന് മിഷേലിന്റെ വീട്ടുകാർ എതിരായിരുന്നുവെന്ന് വ്യക്തമാണ്. അവസാന ദിവസങ്ങളിലെ ഫോൺ വിളി വിവരങ്ങൾ നോക്കുമ്പോൾ ഇരുവരും തമ്മിലുള്ള ബന്ധം വഷളായെന്ന് സൂചനകളുണ്ട്. എന്നാൽ, യുവാവ് കുറ്റക്കാരനാണോ എന്ന് വിചാരണക്കോടതിയാണ് തീരുമാനിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.