2009 ജൂണ്‍ 25 നാണ് പോപ് ഇതിഹാസം മൈക്കിള്‍ ജാക്സണ് അന്തരിച്ചത്. അന്ന് അന്‍പതുവയസ്സായിരുന്നു താരത്തിന്റെ പ്രായം. പ്രോപോഫോള്‍ എന്ന അനസ്തേഷ്യയ്ക്കുപയോഗിക്കുന്ന മരുന്നിന്റെ അമിതോപയോഗമാണ് മരണകാരണമെന്ന് കണ്ടെത്തുകയും മൈക്കിള്‍ ജാക്സണിന്റെ ഡോക്ടര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കുറ്റംചുമത്തി ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഇതായിരുന്നില്ല താരത്തിന്റെ മരണത്തിന്റെ യഥാര്ഥകാരണമെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അക്കാലത്ത് അദ്ദേഹത്തിന്റെ അംഗരക്ഷകനായി വര്‍ത്തിച്ചിരുന്ന ബില്‍ വൈറ്റ്ഫീല്‍ഡ്. പോപ് രാജാവിന്റെ 66-ാം ജന്മവാര്ഷികദിനമായ ഓഗസ്റ്റ് 29ന് ദ സണ്‍’ ന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് വൈറ്റ്ഫീല്‍ഡ് ഉള്ളിലുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
“ആര്‍ക്കെങ്കിലും പിഴവുണ്ടായതായി നിങ്ങള്‍ കരുതുന്നുണ്ടോ, ശരിയാണ് പിഴവ് സംഭവിച്ചു, കരുതിക്കൂട്ടി വരുത്തിയ പിഴവാണെന്നുള്ള അഭിപ്രായങ്ങളെക്കുറിച്ച് ഞാന്‍ വളരെയേറെ ചിന്തിച്ചു”, വൈറ്റ് ഫീല്‍ഡ് പറഞ്ഞു. മൈക്കിള്‍ ജാക്സന്റെ അവസാനനാളുകളില്‍ അദ്ദേഹം സാധാരണ ഉള്ളതിനേക്കാള്‍ അനാരോഗ്യനായിരുന്നുവെന്നും വൈറ്റ്ഫീല്‍ഡ് കൂട്ടിച്ചേര്‍ത്തു. മൈക്കിള്‍ ജാക്സന്റെ വമ്പന്‍ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന ‘ദിസ് ഈസ് ഇറ്റ് ഷോ’ ആരംഭിക്കുന്നതിനുമുമ്പ് കാര്യങ്ങള്‍ വല്ലാതെ മാറിയിരുന്നതായി വൈറ്റ്ഫീല്‍ഡ് പറഞ്ഞു. “അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് ധാരാളമാളുകള്‍ കടന്നുവരികയും അദ്ദേഹത്തിന്റെ കാര്യങ്ങളില്‍ ഇടപെടുകയും ജീവിതം വല്ലാതെ തിരക്കേറിയ അവസ്ഥയിലേക്ക് ഗതിമാറുകയും ചെയ്തു. റിഹേഴ്സലുകളുടെ എണ്ണം കൂടി, ഇവയെല്ലാം അദ്ദേഹത്തെ മോശമായി ബാധിച്ചു”, വൈറ്റ്ഫീല്‍ഡ് പറഞ്ഞു.
അതേസമയം, കരുതിക്കൂട്ടി ആരെങ്കിലും താരത്തിന്റെ ജീവനെടുത്തതാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ മരണത്തിനുപിന്നില്‍ നിരവധി കാരണങ്ങളുണ്ടെന്നും താനുള്‍പ്പെടെ എല്ലാവരും അതിനുത്തരവാദികളാണെന്നും അദ്ദേഹത്തില്‍ നിന്ന് എന്തെങ്കിലും നേടിയെടുക്കണമെന്നും പലര്‍ക്കും മോഹമുണ്ടായിരുന്നതായും വൈറ്റ്ഫീല്‍ഡ് പറഞ്ഞു. “അദ്ദേഹം കടുത്ത മാനസികസമ്മര്‍ദം അനുഭവിച്ചിരുന്നു. മാനസികസമ്മര്‍ദം മരണത്തിലേക്ക് നയിക്കും”, വൈറ്റ്ഫീല്‍ഡ് പറഞ്ഞു.
മൈക്കിള്‍ ജാക്സണിനെതിരേ ഉയര്‍ന്ന ലൈംഗികപീഡന ആരോപണങ്ങളെക്കുറിച്ചും വൈറ്റ്ഫീല്‍ഡ് സംസാരിച്ചു. “അദ്ദേഹത്തെ മനസ്സിലാക്കണമെങ്കില്‍ അദ്ദേഹത്തിന്റെ അടുത്തുണ്ടാവണം, ഞാന്‍ അദ്ദേഹത്തിന്റെ ചുറ്റുവട്ടത്തുണ്ടായിരുന്നു. അദ്ദേഹത്തിന് ഒരിക്കലും ഒരു കുഞ്ഞിനെ ഉപദ്രവിക്കാനാകില്ല, എനിക്കദ്ദേഹത്തെ നന്നായറിയാം. ഒരു കുഞ്ഞിനെ ഉപദ്രവിക്കുന്നതിനുമുമ്പ് തന്റെ കൈഞരമ്പ് മുറിക്കുമെന്ന് അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായി. എനിക്കറിയാം, ഒരിക്കലും അദ്ദേഹത്തിനെതിരേ ആരോപിക്കപ്പെട്ട കാര്യങ്ങള്‍ അദ്ദേഹത്തിന് ചെയ്യാനാകില്ല. ഈ ആരോപണങ്ങളൊക്കെ അദ്ദേഹത്തെ വിപരീതമായി ബാധിച്ചിട്ടുണ്ടാകാം”, വൈറ്റ്ഫീല്‍ഡ് തുടര്‍ന്നു.
2006 മുതലാണ് വൈറ്റ്ഫീല്‍ഡ് മൈക്കിള്‍ ജാക്സനൊപ്പം പ്രവര്‍ത്തിക്കാനാരംഭിച്ചത്. 1993 ലാണ് മൈക്കിള്‍ ജാക്സനെതിരേ ലൈംഗികാരോപണം ഉയര്‍ന്നത്. തെളിവുകളുടെ അഭാവത്തില്‍ 2005 ല്‍ അദ്ദേഹത്തെ എഫ്ബിഐ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. പിന്നീടും അദ്ദേഹത്തിനെതിരേ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.