ബയ്റുത്ത്: ലെബനനിലെ ഇറാന്റെ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയ്ക്കെതിരേ, പേജറുകളുപയോഗിച്ച് സ്ഫോടനപരമ്പര നടത്താൻ ഇസ്രയേൽ മാസങ്ങൾക്കുമുൻപ് തയ്യാറെടുപ്പുതുടങ്ങിയിരുന്നെന്ന് റിപ്പോർട്ട്. ഈ വർഷമാദ്യം ഹിസ്ബുള്ള ഇറക്കുമതിചെയ്ത 5000 പേജറുകളിൽ ഇസ്രയേൽ ചാരസംഘടനയായ മൊസാദ് സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിരുന്നെന്ന് ലെബനീസ് സുരക്ഷാവിഭാഗത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ടുചെയ്തു.
അതിൽ 3000 എണ്ണമാണ് ചൊവ്വാഴ്ച ലെബനനിലും സിറിയയിലും പലയിടങ്ങളിലായി ഒരേസമയം പൊട്ടിത്തെറിച്ചത്. സ്ഫോടനപരമ്പരയിൽ ലെബനനിൽമാത്രം ഒൻപതുപേർ മരിച്ചു. മുവ്വായിരത്തിനടുത്താളുകൾക്ക് പരിക്കേറ്റു. പരിക്കുപറ്റിയ ഇറാന്റെ ലെബനനിലെ സ്ഥാനപതി മുജ്തബ അമീനിയുടെ ഒരു കണ്ണ് നഷ്ടപ്പെട്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടുചെയ്തു.
‘ഗോൾഡ് അപ്പോളോ’ എന്ന തയ്വാൻ കമ്പനിയുടേതാണ് ‘എ.പി.924’ മോഡലിലുള്ള പേജർ. പേജറുകളുടെ നിർമാണസമയത്തുതന്നെ പരമാവധി മൂന്നുഗ്രാംവരെ സ്ഫോടകവസ്തുക്കൾ ബാറ്ററിക്കടുത്തായി ഇസ്രയേൽ നിറച്ചിരുന്നിരിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.
കോഡ് സന്ദേശം ലഭിച്ചാൽ പൊട്ടിത്തെറിക്കാൻ പാകത്തിലുള്ളവയായിരുന്നു സ്ഫോടകവസ്തുക്കൾ. സ്കാനറുകളുപയോഗിച്ചുപോലും കണ്ടെത്താനാകാത്ത സൂക്ഷ്മഘടകങ്ങളായിരുന്നു ഇവ. ചൊവ്വാഴ്ച കോഡ് സന്ദേശം ലഭിച്ചപ്പോഴാണ് പേജറുകൾ പൊട്ടിയതെന്ന് ലെബനീസ് രഹസ്യാന്വേഷണവിഭാഗം പറയുന്നു. പൊട്ടിത്തെറിക്കു സെക്കൻഡുകൾ മുൻപ് സാധാരണ സന്ദേശങ്ങൾ വരുമ്പോഴുണ്ടാകാറുള്ള ബീപ് ശബ്ദം മുഴങ്ങിയിരുന്നു. അത് കേട്ട് മെസേജ് വായിക്കാനെടുത്തതിനാലാവാം മിക്കവർക്കും മുഖത്തും കണ്ണിനും പരിക്കേറ്റതെന്നുമാണ് കരുതുന്നത്.
കുറ്റവാളികളായ ശത്രുരാജ്യം നടത്തിയ കൂട്ടക്കൊലയ്ക്കും വഞ്ചനാപരമായ ആക്രമണത്തിനും ദൈവസഹായത്താൽ കണക്കുചോദിക്കുമെന്ന് ഹിസ്ബുള്ള പ്രതികരിച്ചു. ഇതുകൊണ്ടൊന്നും ഗാസയിലെ ഹമാസിന്റെ ചെറുത്തുനിൽപ്പിനെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കില്ലെന്നും വ്യക്തമാക്കി.
ഗാസയിൽ യുദ്ധം ആരംഭിച്ചശേഷം ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണവിഭാഗം നേരിട്ട ഏറ്റവും വലിയ വീഴ്ചയായാണ് പേജർ ആക്രമണത്തെ കണക്കാക്കുന്നത്. ഇസ്രയേൽ നിരീക്ഷിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 13-ന് സെൽഫോണുകൾ ഉപേക്ഷിക്കാൻ ഹിസ്ബുള്ള നേതാവ് ഹസ്സൻ നസ്രള്ള അംഗങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഫോണുകൾ പൊട്ടിച്ചുകളയുകയോ കുഴിച്ചിടുകയോ ഇരുമ്പുപെട്ടിയിൽ സൂക്ഷിക്കുകയോ ചെയ്യണമെന്ന് നസ്രള്ള പറഞ്ഞു. പകരം പേജറുകൾ ഇറക്കുമതി ചെയ്ത് വിതരണം ചെയ്തു. ഗാസയിലെ യുദ്ധത്തിനു സമാന്തരമായി ലെബനീസ് അതിർത്തിയിൽ നടന്നുവരുന്ന ഇസ്രയേലുമായുള്ള സംഘർഷത്തിൽ 170 ഹിസ്ബുള്ള പോരാളികളാണ് കൊല്ലപ്പെട്ടത്.
പേജറുകൾ ഗോൾഡ് അപ്പോളോയുടെപേരിൽ നിർമിച്ചത് യൂറോപ്യൻ കമ്പനി ലെബനനിലും സിറിയയിലും ചൊവ്വാഴ്ചയുണ്ടായ സ്ഫോടനപരമ്പയിൽ പൊട്ടിത്തെറിച്ച പേജറുകൾ തയ്വാനിലെ പ്രമുഖ പേജർ നിർമാതാക്കളായ ഗോൾഡ് അപ്പോളോയുടേത്. എന്നാൽ, പൊട്ടിത്തെറിച്ച എ.പി.-924 മോഡൽ പേജറുകൾ തങ്ങളല്ല നിർമിച്ചതെന്ന് കമ്പനി പറഞ്ഞു.തങ്ങളുടെ ബ്രാൻഡിന്റെ ട്രേഡ്മാർക്ക് ഉപയോഗിച്ച് പേജറുകൾ നിർമിക്കാൻ ലൈസൻസുള്ള, ഹംഗറിയിലെ ബുഡാപെസ്റ്റ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ബി.എ.സി.കൺസൽട്ടിങ്’ എന്ന കമ്പനിയാണ് ഇവ നിർമിച്ചതെന്ന് ഗോൾഡ് അപ്പോളോ സ്ഥാപകൻ സു ചിങ് കുവാങ് അറിയിച്ചു. ഈ മോഡലിന്റെ നിർമാണവും വിതരണവും ബി.എ.സി.യാണ് നടത്തുന്നതെന്നും പറഞ്ഞു.
ആദ്യഘട്ടത്തിൽ വിതരണക്കാർ മാത്രമായിരുന്നെന്നും പിന്നീട് അവർക്ക് ഗോൾഡ് അപ്പോളോയുടെ ബ്രാൻഡ് നെയിം ഉപയോഗിച്ച് പേജറുണ്ടാക്കാൻ അനുമതി നൽകുകയായിരുന്നെന്നും കുവാങ് പറഞ്ഞു.
2022 മേയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ബി.എ.സി., ഒരു കടലാസ് കമ്പനിയാണെന്നും റിപ്പോർട്ടുകളുണ്ട്്. എന്നാൽ, പൊട്ടിത്തെറിച്ച പേജറുകൾ തങ്ങളുടേതല്ലെന്ന് ബി.എ.സി. പറഞ്ഞു.
പേജർ പഴഞ്ചൻ; എന്നിട്ടും ഹിസ്ബുള്ളയുടെ പ്രിയൻ
സെൽഫോണുകളുടെ മുൻഗാമിയായ പേജർ ലോകവിപണിയിൽ കാലഹരണപ്പെട്ടെങ്കിലും എന്തുകൊണ്ടാണ് ഹിസ്ബുള്ളയുടെ പ്രിയപ്പെട്ട ആശയവിനിമയോപാധിയായത്? ലെബനനിലെയും സിറിയയിലെയും പേജർ സ്ഫോടനപരമ്പരയ്ക്കുപിന്നാലെ ഉയർന്ന ചോദ്യമാണത്. ഇസ്രയേലിന്റെ ചാരക്കണ്ണുകളിൽനിന്ന് രക്ഷപ്പെടാനും സുരക്ഷിതമായി വിവരങ്ങൾ കൈമാറാനും പേജർ തന്നെ വിശ്വസ്തമെന്ന് ഹിസ്ബുള്ള കരുതി.
- ഒരു കാലത്ത് വിപണികൾ വലിയതോതിൽ കൈയടക്കിയ, കൈയിൽകൊണ്ടുനടക്കാവുന്ന ആദ്യത്തെ ആശയവിനിമയോപാധിയാണ് പേജറുകൾ.
- 2000-ന്റെ തുടക്കത്തിൽ സ്മാർട്ട്ഫോണുകളുടെ വരവോടെ പേജർ കാലഹരണപ്പെട്ടു.
- എങ്കിലും രഹസ്യാന്വേഷണത്തിലടക്കം വിശ്വാസ്യയോഗ്യമായ ഉപകരണമായി ചിലർ ഇപ്പോഴും ഉപയോഗിച്ചുവരുന്നു.
പ്രത്യേകതകൾ
- കൈയിലൊതുങ്ങുന്ന ചെറുപെട്ടിയുടെ വലുപ്പത്തിലുള്ള ഉപകരണം
- ചെറുസന്ദേശങ്ങളയക്കാം
- ഇന്റർനെറ്റുമായി ബന്ധമില്ലെന്നതിനാൽ നിരീക്ഷിക്കാനാവില്ല
- സ്വന്തം ആവൃത്തിയിലാണ് പ്രവർത്തിക്കുന്നത്, മൊബൈൽ- ടെലിഫോൺ-വൈഫൈ നെറ്റ് വർക്കുകളെപ്പോലെ സിഗ്നൽ പ്രശ്നങ്ങളോ മറ്റുതടസ്സങ്ങളോ പേജർ വഴിയുള്ള ആശയവിനിമയത്തിൽ കുറവാണ്
- ആരോഗ്യം, അടിയന്തരസേവനങ്ങൾ, വ്യവസായം തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കുന്നു. ഒപ്പം സായുധസംഘങ്ങളും മാഫിയാസംഘങ്ങളും ലഹരി-കള്ളക്കടത്തുസംഘങ്ങളും പ്രയോജനപ്പെടുത്തുന്നു.
ചരിത്രം
- എൺപതുകളും തൊണ്ണൂറുകളുമായിരുന്നു പേജറുകളുടെ പ്രതാപകാലം
- 1994-ൽ ലോകത്തുടനീളം 6.1 കോടി പേജറുകൾ പ്രചാരത്തിലുണ്ടായിരുന്നു
- 2017-ലെ ഒരു സർവേ പ്രകാരം യു.എസിലെ ആരോഗ്യമേഖലയിൽ 80 ശതമാനം ഡോക്ടർമാർ പേജറുകൾ ഉപയോഗിക്കുന്നുണ്ടത്രേ
- 1949-ൽ ആൽഫ്രഡ് ഗ്രോസ് എന്നയാളാണ് പേജർ രൂപകല്പന ചെയ്തതെന്ന് പേജർ നിർമാതാക്കളായ ‘സ്പോക്’ പറയുന്നു
- അതേസമയം, പേജർ എന്ന പദം ഒൗദ്യോഗികമായി രജിസ്റ്റർ ചെയ്തത് മോട്ടറോള കമ്പനിയാണ്. അവർ തന്നെയാണ് 1964-ൽ ‘പേജർബോയ് 1’ എന്ന പേരിൽ ആദ്യ പേജർ നിർമിച്ചതും.