വാഷിങ്ടണ്‍: അധിനിവേശ വെസ്റ്റ് ബാങ്കില്‍ തുര്‍ക്കി-അമേരിക്കന്‍ ആക്ടിവിസ്റ്റ് അയ്സനുര്‍ ഇസ്ജി ഈജിയെ ഇസ്രഈല്‍ കൊലപ്പെടുത്തിയത് പ്രകോപനരഹിതമായാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പറഞ്ഞു. ആക്ടിവിസ്റ്റിനെ ഇസ്രഈല്‍ കൊലപ്പെടുത്തിയതില്‍ ഒരു ന്യായവുമര്‍ഹിക്കുന്നില്ലെന്നും ബ്ലിങ്കന്‍ പറഞ്ഞു. യു.കെ യുടെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ബ്ലിങ്കന്റെ പ്രതികരണം.
ഇസ്രഈലിനെതിരെ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് അമേരിക്കന്‍ ആക്ടിവിസ്റ്റായ അയ്സനുര്‍ ഇസ്ജി ഈജിയെ ഇസ്രഈല്‍ സൈന്യം കൊലപ്പെടുത്തിയത്.
പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്നുകരുതി ആരെയും വെടിവെച്ചു കൊല്ലാന്‍ പാടില്ലെന്നും ഇസ്രഈലി സുരക്ഷ സൈന്യത്തിനാല്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ അമേരിക്കന്‍ പൗരനാണ് ഈജിയെന്നും ബ്ലിങ്കന്‍ പരാമര്‍ശിച്ചു.
വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അടിസ്ഥാനമായ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും ഇസ്രഈലുമായുള്ള ബന്ധങ്ങള്‍ നിലനിര്‍ത്തുന്ന നിയമങ്ങളടക്കം പൊളിച്ചെഴുതേണ്ടതുണ്ടെന്നും ബ്ലിങ്കന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ നബസ് നഗരത്തിന് പുറത്തുള്ള ബീറ്റ എന്ന പട്ടണത്തില്‍ അനധികൃത ഇസ്രഈലി കുടിയേറ്റങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനിടെ ഇസ്രഈല്‍ സേനയുടെ വെടിയേറ്റാണ് അയ്സനൂര്‍ ഇസ്ജി ഈജി കൊല്ലപ്പെട്ടത്.
പ്രതിഷേധം നടക്കുന്ന പ്രധാനസ്ഥലത്ത് നിന്നും ഈജി മാറി നിന്നിരുന്നുവെങ്കിലും തലയ്ക്ക് വെടിയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ലെന്നായിരുന്നു ദൃക്സാക്ഷികള്‍ പറഞ്ഞത്.
ഇസ്രഈലിനെതിരെയുള്ള പ്രതിഷേധത്തില്‍ സൈന്യം പ്രതിഷേധക്കാര്‍ക്കെതിരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു.
അതേസമയം ബീറ്റയിലെ സമാധാന വിരുദ്ധസെറ്റില്മെന്റ് പ്രൊട്ടസ്റ്റില്‍ ഈജി പങ്കെടുത്തിരുന്നുവെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വെസ്റ്റ് ബാങ്കില്‍ അനധികൃതമായി താമസിക്കുന്ന ഇസ്രഈല്‍ കുടിയേറ്റക്കാര്‍ അവിടെ താമസിക്കുന്ന ഫലസ്തീനികളെ അവരുടെ വീടുകളില്‍ നിന്നും പുറത്താക്കാന്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടുള്ള ഇന്റര്‍നാഷണല്‍ സോളിഡാരിറ്റി മൂവ്മെന്റിന്റെ വളന്റിയറായാണ് ഈജി വെസ്റ്റ്ബാങ്കില്‍ എത്തിയത്.