വിമാനയാത്ര ഏവര്‍ക്കും ആവേശകരമായ ഒന്നാണെങ്കിലും യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞാന്‍ ബോറടിയും ആരംഭിക്കും. വിമാനങ്ങളിൽ യാത്രികരുടെ സീറ്റുകള്‍ക്ക് മുന്നിൽ ചെറിയ സ്ക്രീനുകളില്‍ സിനിമ കാണാന്‍ അവസരമുണ്ടാവും. അത്തരത്തിൽ ഒരു യാത്രയ്ക്കിടെ സ്ക്രീനില്‍ വന്ന സിനിമയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.
സിഡ്നിയില്‍ നിന്ന് ജപ്പാനിലെ ഹനേഡയിലേക്ക് പോവുകയായിരുന്ന QF59 എന്ന വിമാനത്തിലാണ് സംഭവം. ഫ്ളൈറ്റ് എന്റര്‍ടൈന്‍മെന്റ് സിസ്റ്റത്തിലെ തകരാര്‍ മൂലം യാത്രികരുടെ സ്ക്രീനില്‍ ഒരു സിനിമയിൽ നിന്നുള്ള സെക്സ് രംഗം വന്നു. അസാധാരണമായ ഈ സംഭവത്തില്‍ യാത്രക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധരായി. വീഡിയോ നിര്‍ത്താനുള്ള ഓപ്ഷൻ ഇല്ലാതിരുന്നതിനാൽ യാത്രക്കാര്‍ എന്തുചെയ്യണമെന്ന് അറിയാതെ കുഴങ്ങി പോവുകയും ചെയ്തു.
കുടുംബത്തോടൊപ്പമാണ് ഞങ്ങള്‍ യാത്രചെയ്തത്. കുഞ്ഞുങ്ങളെല്ലാം ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. എല്ലാവര്ക്കും ഇത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കി– യാത്രികരിലൊരാള്‍ ഒരു അന്താരാഷ്ട്ര മാധ്യമത്തോട് വ്യക്തമാക്കി. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2023 ല്‍ പുറത്തിറങ്ങിയ ആർ റേറ്റഡ് ചിത്രമായ ഡാഡിയോ എന്ന ഹോളിവുഡ് സിനിമയിലെ രംഗങ്ങളാണിവ.
സംഭവത്തിനു പിന്നാലെ വിഷയത്തില്‍ എയര്‍ലൈന്‍ അധികൃതര്‍ മാപ്പുപറഞ്ഞു. സംഭവിച്ചത് ടെക്നിക്കല്‍ തകരാറാണെന്നും യാത്രക്കാരുടെ ഇഷ്ടങ്ങള്‍ കൂടി പരിഗണിച്ച് എല്ലാവര്ക്കും സിനിമകള്‍ വെച്ചുനല്ക്കാന് ശ്രമിച്ചുവെന്നുമാണ് എയര്‍ലൈനിന്റെ വിശദീകരണം.