ടെല്‍ അവീവ്: കിഴക്കന്‍ ജറുസലേമിലെ അല്‍-അഖ്സ പള്ളിവളപ്പില്‍ ജൂതപ്പള്ളി പണിയുമെന്ന വിവാദ പ്രസ്താവനയുമായി ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രി ബെന്‍ ഗ്വിര്‍ രംഗത്ത്. അല്‍-അഖ്സ പള്ളിയും ഫലസ്തീന് ദേശീയ ചിഹ്നവും ഭീഷണിയുടെ വക്കിലാണെന്ന ആരോപണത്തെ ശെരിവെക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.
തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ഓട്സ യഹൂദിന്റെ നേതാവായ ബെന്‍ ഗ്വിര്‍ ഇത്തരത്തിലുള്ള വിവാദ പ്രസ്താവനകളിലൂടെ മുമ്പും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്.
അല്‍ അഖ്സ പള്ളിയില്‍ ജൂതപ്പള്ളി നിര്‍മ്മിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അതെ എന്ന് ഉത്തരം നല്കിയ ബെന്‍ ഗ്വിര്‍ എനിക്ക് സാധിക്കുമെങ്കില്‍ അവിടെ ഇസ്രഈലി ഫ്ളാഗ് സ്ഥാപിക്കുമെന്നും അഭിപ്രായപ്പെട്ടു.
‘അറബികള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തൊക്കെ പ്രാര്‍ത്ഥന നടത്താം, അതുകൊണ്ട് തന്നെ ജൂതന്മാര്ക്കും അവര്‍ക്ക് താത്പര്യമുള്ളിടത്തൊക്കെ പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കണം. നിലവിലെ പോളിസികള്‍ പ്രകാരം ജൂതന്മാര്ക്ക് അല്‍ അഖ്സയില്‍ പ്രാത്ഥന നടത്താന്‍ അനുവാദമുണ്ട്,’ ബെന്‍ ഗ്വിര്‍ പറഞ്ഞു.
എന്നാല്‍ ഇദ്ദേഹത്തിന്റെ വാദങ്ങള്‍ തള്ളി ഇസ്രഈല്‍ പ്രതിരോധമന്ത്രിയായ യെവ് ഗാലന്റ് രംഗത്തെത്തി. അല്‍ അഖ്സ പള്ളിയുടെ നിലവിലെ അവസ്ഥയില്‍ മാറ്റം വരുന്നത് അപകടമാണെന്ന് പറഞ്ഞ ഗാലന്റ് ജൂതപ്പള്ളി പണിയാനുള്ള നീക്കം അനാവശ്യവും നിരുത്തരവാദപരവുമാണെന്ന് അഭിപ്രായപ്പെട്ടു. കൂടാതെ ബെന്‍ ഗ്വിറിന്റെ നിലപാട് ഇസ്രഈലിന്റെ അന്താരാഷ്ട്ര സമൂഹത്തിലെ അംഗീകാരത്തെ ദോഷകരമായി ബാധിക്കുമെന്നും ലെബനന് നേരെ നടത്തുന്ന ആക്രമണത്തെ താന്‍ എതിര്‍ക്കുന്നതായും ഗാലന്റ് പ്രതികരിച്ചു.
എന്നാല്‍ ലെബനന് നേരെ ഗാലന്റ് സ്വീകരിച്ച നിലപാട് ഹിസ്ബുള്ളയ്ക്ക് മുമ്പില്‍ ഇസ്രഈലിനെ പരാജയപ്പെടുത്തുമെന്ന് പറഞ്ഞ ഗ്വിര്‍ ഹിസ്ബുള്ളയ്ക്കെതിരെ യുദ്ധം നടത്തി അവരുടെ ഭീഷണി ഇല്ലാതാക്കണമെന്നും ഗാലന്റിന് മറുപടി നല്കി.
എന്നാല്‍ അല്‍ അഖ്സയ്ക്ക് പുറമെ മസ്ജിദുല്‍ അഖ്സയിലും പ്രാര്‍ത്ഥന നടത്താന്‍ ജൂതന്മാരെ അനുവദിക്കണമെന്ന് ബെന്‍ ഗ്വിര്‍ ഇതിന് മുമ്പ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഇദ്ദേഹത്തിന്റെ വാദം തള്ളി അല്‍ അഖ്സയില്‍ ജൂതന്മാരെ പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്. അല്‍ അഖ്സയില്‍ മുസ്ലിങ്ങള്‍ അല്ലാത്തവരുടെ പ്രാര്‍ത്ഥന വിലക്കുന്ന നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന നിയമം ഇനിയും തുടരുമെന്നും പ്രാധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അറബ് വംശജര്‍ പുണ്യഭൂമിയായി കണക്കാക്കപ്പെടുന്ന അല്‍ അഖ്സ പള്ളി നിലനില്‍ക്കുന്ന പ്രദേശം നിലവില്‍ ഇസ്രഈല്‍ സെക്യൂരിറ്റി ഫോഴ്സിന്റെ കീഴില്‍ ആണെങ്കിലും ആരാധാനയലത്തിന്റെ കോമ്പൗണ്ട് ജോര്‍ദാന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ്.