ബയ്റൂത്ത്: ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘമായ ഹിസ്ബുള്ള അംഗങ്ങൾ ഉപയോഗിച്ചതെന്ന് ആരോപിക്കപ്പെടുന്ന തുരങ്കത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐ.ഡി.എഫ്). ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് സൈന്യം ബുധനാഴ്ച പങ്കുവെച്ചത്.
ഗാസയിൽ ഹമാസ് നിർമിച്ച തുരങ്കങ്ങൾ പോലെയുള്ളതല്ല ഈ തുരങ്കങ്ങളെന്ന് വീഡിയോയിൽ പറയുന്നു. എ.കെ. 47 തോക്കുകൾ, ഇരുചക്രവാഹനങ്ങൾ, വാട്ടർ ടാങ്കുകൾ, ഇരുമ്പ് വാതിലുകൾ തുടങ്ങിയവ 100 മീറ്ററോളം ദൂരമുള്ള തുരങ്കത്തിലുണ്ട്. ലെബനനിലെ സാധാരണക്കാരെ മറയാക്കി ഹിസ്ബുള്ള ആക്രമണത്തിന് പദ്ധതിയിടുന്നുവെന്നാണ് ഇസ്രയേൽ ആരോപണം.
‘തെക്കൻ ലെബനനിലെ ഗ്രാമങ്ങളിൽ ഹിസ്ബുള്ള എന്താണ് ചെയ്യുന്നതെന്നറിയാൻ ഞങ്ങൾ അതിർത്തി കടന്ന് പോകുകയാണ്. ജനങ്ങളുടെ വീടിന് താഴെ നിന്നുകൊണ്ട് അവർ ഒക്ടോബർ ഏഴിനേതിന് സമാനമായി ആക്രമണത്തിന് തയ്യാറാടെക്കുന്നു. ഹിസ്ബുള്ള അംഗങ്ങൾക്ക് ആഴ്ചകളോളം ഇവിടെ താമസിക്കാനാകും’, ദൃശ്യങ്ങളിൽ ഇസ്രയേൽ സൈനിക പറയുന്നു.
ദിവസങ്ങൾക്ക് മുമ്പ് വടക്കന്‍ ഇസ്രയേലിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 61 പേർക്ക് അന്ന് പരിക്കേറ്റിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇസ്രയേലിനു നേരെയുണ്ടാകുന്ന ശക്തമായ ഡ്രോണ്‍ ആക്രമണങ്ങളില്‍ ഒന്നായിരുന്നു ഇത്.
വ്യാഴാഴ്ച ഇസ്രയേല്‍ ലെബനോനില്‍ നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയാണ് സൈനിക കേന്ദ്രത്തിലെ ഡ്രോണ്‍ ആക്രമണമെന്നാണ് ഹിസ്ബുള്ള അറിയിച്ചത്. ഈ ആക്രമണത്തില്‍ 22 പേര് കൊല്ലപ്പെട്ടു. 117 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.