ജെറുസലേം: ഇസ്രയേലിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ ലോകത്തിന്റെ ശ്രദ്ധ മുഴുവൻ പശ്ചിമേഷ്യയിലേക്കാണ്. ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ ഓർമ പുതുക്കുന്ന വേളയിലും ലെബനനിലും ഗാസയിലും അതിരൂക്ഷമായ ആക്രമണമാണ് ഇസ്രയേൽ നടത്തുന്നത്. ഇതോടൊപ്പം ഇറാന്റെ മിസൈൽ ആക്രമണത്തിന് ഇസ്രയേൽ തിരിച്ചടി നൽകുമോയെന്നും ലോകം ഉറ്റുനോക്കുകയാണ്.
ഞായറാഴ്ച തെക്കൻ ഗാസ മുനമ്പിൽ അവശേഷിക്കുന്ന ആയിരക്കണക്കിന് സാധാരണക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളും ഇസ്രയേൽ ആരംഭിച്ചിട്ടുണ്ട്. ലെബനനിൽ ഇസ്രയേൽ നിരന്തരം ആക്രമണം അഴിച്ചു വിടുമ്പോഴും പ്രതിരോധം ശക്തമാക്കി പ്രത്യാക്രമണത്തിന് ഇറാനും സജ്ജമാണ്. ഇസ്രയേൽ നടത്തിയേക്കാവുന്ന ഏതു പ്രത്യാക്രമണവും നേരിടാൻ ഇറാൻ സജ്ജമാണെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ ‘തസ്നിം’ റിപ്പോർട്ടുചെയ്തു.
അതേസമയം കനത്ത ജാഗ്രതക്കിടയിലും ബീർഷെബയിലെ സെൻട്രൽ ബസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പ് ഇസ്രയേലിനെ ഞെട്ടിച്ചിരിക്കുകയാണ്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയെ പോലീസ് പിന്നീട് വെടിവെച്ചുകൊന്നു. ഒരാഴ്ചയ്ക്കിടെ ഇസ്രയേലിൽ സാധാരണക്കാർക്കുനേരെ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്.
കഴിഞ്ഞയാഴ്ചത്തെ ടെൽ അവീവ് ആക്രമണത്തിനുമറുപടിയായി ഇസ്രയേൽ നടത്തിയേക്കാവുന്ന ഏതു പ്രത്യാക്രമണവും നേരിടാൻ സജ്ജമാണെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേൽ ആക്രമണത്തിനു മുതിർന്നാൽ ആനുപാതികവും സമാനവുമായ പ്രത്യാക്രമണമുണ്ടാകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അർഗ്ഷി ശനിയാഴ്ച മുന്നറിയിപ്പുനൽകിയിരുന്നു.
ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ള, ഇറാൻ റെവലൂഷണറി ഗാർഡ് കോറിന്റെ കമാൻഡർ എന്നിവരുടെ കൊലപാതകങ്ങൾക്കുള്ള മറുപടിയായി ഒക്ടോബർ ഒന്നിനാണ് ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്ക് ഇറാൻ ഇരുനൂറോളം മിസൈലുകളയച്ചത്. ഇസ്രയേലിനോട് ഇറാന്റെ എണ്ണശാലകൾ ആക്രമിക്കരുതെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച നിർദേശിച്ചിരുന്നു.
ആണവനിലയങ്ങൾ അക്രമിക്കുന്നതിന് പിന്തിരിയണമെന്നും അമേരിക്കയുടെ പിന്തുണ ഉണ്ടാകില്ലെന്നും പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ യാതൊരു ഉറപ്പും ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ബൈഡൻ ഭരണകൂടത്തിന് ലഭിച്ചിട്ടില്ലെന്നാണ് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.എൻ.എൻ.റിപ്പോർട്ട് ചെയ്തത്. ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നതിനെ പിന്തുണയ്ക്കില്ലെന്ന കാര്യവും യു.എസ്. നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.