ബയ്റുത്ത്: മിഡിൽ ഈസ്റ്റിൽ പുതിയ പോർമുഖം തുറന്നതായി പ്രഖ്യാപിച്ച് ഇസ്രയേൽ. ഗാസയിലെ ആക്രമണം ഒരു വർഷത്തോടടുക്കുന്ന സമയത്ത് യുദ്ധം പുതിയ ഘട്ടത്തിലേക്ക് കടന്നതായി ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ആണ് ഇക്കാര്യം പറഞ്ഞത്. ലെബനനിൽ വ്യാപകമായി ഉപകരണങ്ങൾ കേന്ദ്രീകരിച്ചുള്ള സ്ഫോടന പരമ്പര അരങ്ങേറുന്നതിനിടെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇസ്രയേൽ രംഗത്തെത്തിയത്.
‘നമ്മൾ പുതിയ പോർമുഖം തുറക്കുകയാണ്. ഇതിന് ധൈര്യവും ദൃഢനിശ്ചയവും കഠിനപ്രയത്നവും ആവശ്യമാണ്’, യോവ് ഗാലന്റ് സൈനികരോട് ആഹ്വാനം ചെയ്തു. പേജറുകൾക്ക് പുറമേ വോക്കി ടോക്കികൾ പൊട്ടിത്തെറിച്ച് ആക്രമണം രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നതോടെ ആകെ മരണം 32 ആയി. പേജറുകളും വോക്കി ടോക്കികളും മാത്രമല്ല, മറ്റുചില ഉപകരണങ്ങളും സ്ഫോടനത്തിന് ഉപയോഗിക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളൾ റിപ്പോർട്ട് ചെയ്യുന്നത്.
നീണ്ട മാസങ്ങളുടെ ആസൂത്രണത്തിന് പിന്നാലെയാണ് ഇസ്രയേൽ ഇത്തരത്തിൽ ഒരു ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ചൊവ്വാഴ്ചയാണ് പേജറുകൾ പൊട്ടിത്തെറിച്ച് ഇറാൻ പിന്തുണയുള്ള സായുധസംഘത്തിൽപ്പെട്ട 12 പേർ കൊല്ലപ്പെട്ടത്. 3000 പേജറുകളാണ് ലെബനനിലും സിറിയയിലും പലയിടങ്ങളിലായി ഒരേസമയം പൊട്ടിത്തെറിച്ചത്. മൂവായിരത്തിനടുത്താളുകൾക്ക് പരിക്കേറ്റു. പരിക്കുപറ്റിയ ഇറാന്റെ ലെബനനിലെ സ്ഥാനപതി മുജ്തബ അമീനിയുടെ ഒരു കണ്ണ് നഷ്ടപ്പെട്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടുചെയ്തു.
എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുമ്പേ ബുധനാഴ്ച ഹിസ്ബുള്ള അംഗങ്ങൾ ആശയവിനിമയത്തിന് വ്യാപകമായി ഉപയോഗിക്കുന്ന വോക്കി ടോക്കികളും വ്യാപകമായി പൊട്ടിത്തെറിക്കുകയായിരുന്നു. ഈ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടതായാണ് ലെബനൻ ഔദ്യോഗികമായി പുറത്തുവിട്ട കണക്ക്. 450-ലേറെ പേർക്ക് പരിക്കേറ്റതായും ലെബനൻ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
പേജർ, വോക്കി ടോക്കി ആക്രമണങ്ങളിൽ ഇതുവരെ ആകെ മരണം 32 ആയി. 3250 പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാക്കി ടോക്കി ആക്രമണത്തിൽ ഇനിയും കൂടുതൽ പേർ ഇരയായിട്ടുണ്ടാകാമെന്ന് ലെബനൻ ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. ഇതുകൂടാതെ റേഡിയോകൾ, ലാപ്ടോപ്പുകൾ, സോളാർ പവർ പാനലുകൾ അടക്കമുള്ള മറ്റുപകരണങ്ങളും പലയിടത്തും പൊട്ടിത്തെറിക്കുന്നുണ്ടെന്നും അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.
കുറ്റവാളികളായ ശത്രുരാജ്യം നടത്തിയ കൂട്ടക്കൊലയ്ക്കും വഞ്ചനാപരമായ ആക്രമണത്തിനും ദൈവസഹായത്താൽ കണക്കുചോദിക്കുമെന്ന് ഹിസ്ബുള്ള പ്രതികരിച്ചു. ഇതുകൊണ്ടൊന്നും ഗാസയിലെ ഹമാസിന്റെ ചെറുത്തുനിൽപ്പിനെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കില്ലെന്നും വ്യക്തമാക്കി. ആക്രമണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഇസ്രയേലിനാണെന്നും തീർച്ചയായും തിരിച്ചടിക്കുമെന്നും അവർ പറഞ്ഞു.
കോഡ് സന്ദേശം ലഭിച്ചാൽ പൊട്ടിത്തെറിക്കാൻ പാകത്തിലുള്ള സ്ഫോടകവസ്തുക്കൾ നിർമാണ ഘട്ടത്തിൽത്തന്നെ പകരണങ്ങളിൽ ഉൾപ്പെടുത്തിയിരുന്നതായാണ് കരുതുന്നത്. സ്കാനറുകളുപയോഗിച്ചുപോലും കണ്ടെത്താനാകാത്ത സൂക്ഷ്മഘടകങ്ങളായിരുന്നു ഇവ. കോഡ് സന്ദേശം ലഭിച്ചപ്പോഴാണ് പേജറുകളും വോക്കി ടോക്കികളും പൊട്ടിയതെന്ന് ലെബനീസ് രഹസ്യാന്വേഷണവിഭാഗം പറയുന്നു.
ഇസ്രയേൽ ചാരന്മാരാണ് ഉപകരണങ്ങളിൽ സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചുവെച്ചതെന്നാണ് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെത്തുന്നതിന് മുമ്പ് തന്നെ ഇസ്രയേൽ ചാരന്മാർ ഇത് ചെയ്തു കഴിഞ്ഞിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. പൊട്ടിത്തെറിക്കു സെക്കൻഡുകൾ മുൻപ് പേജറുകളിൽ സാധാരണ സന്ദേശങ്ങൾ വരുമ്പോഴുണ്ടാകാറുള്ള ബീപ് ശബ്ദം മുഴങ്ങിയിരുന്നു. അത് കേട്ട് മെസേജ് വായിക്കാനെടുത്തതിനാലാവാം മിക്കവർക്കും മുഖത്തും കണ്ണിനും പരിക്കേറ്റതെന്നുമാണ് കരുതുന്നത്.
ഇസ്രയേലിന്റെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ഹിസ്ബുള്ള അംഗങ്ങൾ ആശയവിനിമയത്തിനായി മൊബൈൽ ഫോണുകൾ ഒഴിവാക്കി പേജറുകളും മറ്റു ചെറു ഉപകരണങ്ങളും ഉപയോഗിക്കുന്നത്.