രാജ്യത്ത് ഉടനീളം ഇന്ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ദശലക്ഷകണക്കിന് വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തും. പ്രാദേശിക സ്കൂളുകളിലും കമ്മ്യൂണിറ്റി ഹാളുകളിലുമാണ് പോളിംഗ് സ്റ്റേഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 7 മണി മുതൽ വൈകിട്ട് 9 മണി വരെയാണ് വോട്ടുകൾ രേഖപ്പെടുത്താനുള്ള സമയം.
ഏകദേശം 46 ദശലക്ഷം വോട്ടർമാർക്കാണ് വോട്ടവകാശം ഉള്ളത്. 650 എംപിമാർ ആണ് ഇന്ന് നടക്കുന്ന വോട്ടെടുപ്പിൽ പാർലമെൻറിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്. നാളെ രാവിലെ മുതൽ ഫലപ്രഖ്യാപനം നടക്കും. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷത്തിന് 326 സീറ്റുകൾ ആണ് നേടേണ്ടത്. വോട്ടർമാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിൽ 10 പാർലമെൻറ് മണ്ഡലങ്ങൾ കൂടിയിട്ടുണ്ട്. ഇതോടെ ഇംഗ്ലണ്ടിലെ മൊത്തം സീറ്റുകളുടെ എണ്ണം 543 ആയി .
വെയിൽസിലും സ്കോട്ട് ലൻഡിലും സീറ്റുകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. വോട്ടവകാശമുള്ള 18 വയസ്സ് പൂർത്തിയായ ആർക്കും വോട്ടെടുപ്പിൽ പങ്കെടുക്കാം. വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാനുള്ള അവസാന തീയതി ജൂൺ 18 -ാം തീയതി ആയിരുന്നു. പാസ്പോർട്ട് , ഡ്രൈവിംഗ് കാർഡ് ഉൾപ്പെടെ 22 സ്വീകാര്യമായ തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലുമായി വേണം വോട്ട് ചെയ്യാൻ പോളിംഗ് സ്റ്റേഷനിൽ എത്തേണ്ടത്.
പൊതു തെരഞ്ഞെടുപ്പുകൾക്കായുള്ള തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, സാമ്പത്തികം, ജീവിതച്ചെലവ്, ബ്രിട്ടൻ്റെ പൊതു സേവനങ്ങളുടെ അവസ്ഥ, നികുതി, കുടിയേറ്റം എന്നിവയെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ പ്രധാനമായും നടന്നത്.
കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ 1935 ന് ശേഷമുള്ള ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയ പ്രതിപക്ഷ ലേബർ പാർട്ടി 2024 ലെ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് സർവേകൾ പ്രവചിക്കുന്നു.