ഗസ: കഴിഞ്ഞ ദിവസം ഇസ്രഈല്‍ പൗരന്മാരായ ആറ് ബന്ദികള്‍ ഹമാസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഹമാസിനെ വെല്ലുവിളിച്ച നെതന്യാഹുവിന് മറുപടിയുമായി ഹമാസ്. ഇനിയും ഗസയില്‍ ആക്രമണം തുടര്‍ന്നാല്‍ ഹമാസിന്റെ പക്കലുള്ള നൂറോളം ബന്ദികള്‍ ശവപ്പെട്ടികളിലായിരിക്കും ഇസ്രഈലിലേക്ക് മടങ്ങുക എന്നാണ് പ്രസ്താവനയില്‍ ഹമാസ് അറിയിച്ചിരിക്കുന്നത്. ഹമാസിന്റെ സായുധ വിഭാഗമായ ഖസം ബ്രിഗേഡ് വക്താവ് അലബു ഒബൈദിന്റെ പേരില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഹമാസിന്റെ തടവിലുള്ള നൂറോളം തടവുകാരെ ജീവനോടെ തിരിച്ചെത്തിക്കുന്നതിനായി ഇസ്രഈല്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഇസ്രഈലില്‍ വ്യാപക പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഹമാസിന്റെ പ്രതികരണം.
‘ഒരു വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടുന്നതിന് പകരം സൈനിക സമര്‍ദ്ദത്തിലൂടെ ബന്ദികളെ മോചിപ്പിക്കാനാണ് നെതന്യാഹു ശ്രമിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ഈ നിര്‍ബന്ധം ബന്ദികളെ അവരുടെ കുടുംബങ്ങളിലേക്ക് ശവപ്പെട്ടിയില്‍ കൊണ്ടുപോകും എന്നാണ് അര്‍ത്ഥമാക്കുന്നത്.
അവരെ ജീവനോടെ സ്വീകരിക്കണോ അതോ മൃതദേഹമായി സ്വീകരിക്കണോ എന്ന കാര്യം അവരുടെ കുടുംബങ്ങള്‍ തീരുമാനിക്കണം. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബന്ദികളുടെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം നെതന്യാഹുവിനും സൈന്യത്തിനുമാണ്. കാരണം അവരാണ് തടവുകാരുടെ കൈമാറ്റക്കരാര്‍ മുടക്കിയത്,’ പ്രസ്താവനയില്‍ അബു ഒബൈദ അറിയിച്ചു.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ആറ് ബന്ദികളുടെ മരണത്തിന് ഹമാസ് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു. അവരെ ജീവനോടെ തിരികെ രാജ്യത്ത് എത്തിക്കാന്‍ സാധിക്കാത്തതില്‍ ജനങ്ങളോട് ക്ഷമ ചോദിച്ച നെതന്യാഹു ഫിലാഡല്‍ഫി ഇടനാഴിയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറണമെന്ന ഹമാസിന്റെ നിര്‍ദേശം നിരാകരിക്കുകയും ചെയ്തു.
എന്നാല്‍ ബന്ദികളെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇസ്രഈലിലെ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ രാജ്യവ്യാപക പണിമുടക്കില്‍ ഇസ്രഈലിലെ പൊതുമേഖല പൂര്‍ണമായും സ്തംഭിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന പണിമുടക്കില്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, സ്കൂളുകള്‍, തുറമുഖങ്ങള്‍ എന്നിവയടക്കമുള്ള വിവിധ മേഖലകളിലെ പ്രവര്‍ത്തനം തടസപ്പെട്ടു.
രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഹിസ്റ്റഡ്രറ്റ് ആഹ്വാനം ചെയ്ത പണിമുടക്കില്‍ ലക്ഷണക്കിന് ഇസ്രഈലികള്‍ പങ്കെടുത്തു. പ്രതിഷേധത്തില്‍ 29 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇസ്രഈല്‍ സമയം രാവിലെ ആറ് മണിക്ക് ആരംഭിച്ച പണിമുടക്കില്‍ ടെല്‍ അവീവിലും അയലോണ്‍ ഹൈവേയിലും പ്രതിഷേധക്കാര്‍ തടിച്ചുകൂടി. രാജ്യത്തെ പ്രധാന വിമാനത്താവളമായ ബെന്‍ ഗുറിയോണിന്റെ പ്രവര്‍ത്തനം രണ്ട് മണിക്കൂര്‍ തടസപ്പെട്ടതായും ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു.
പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ ടെല്‍ അവീവിലെ റോഡുകള്‍ ഉപരോധിക്കുകയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ പരിഗണിച്ച ടെല്‍ അവീവിലെ ലേബര്‍ കോടതി ഉച്ചയോടെ പണിമുടക്ക് അവസാനിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.
അതേസമയം രാജ്യവ്യാപക പണിമുടക്കിനെതിരെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വളരെ രൂക്ഷമായാണ് പ്രതികരിച്ചത്. ബന്ദിമോചനം ആവശ്യപ്പെട്ട് നടത്തിയ പണിമുടക്ക് രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്ന് പറഞ്ഞ പ്രധാനമന്ത്രി ബന്ദികളുടെ കൊലപാതകത്തില്‍ ഹമാസിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പ്രതിഷേധക്കാര്‍ സ്വീകരിച്ചതെന്ന് കുറ്റപ്പെടുത്തുകയുണ്ടായി.