രാജ്യത്തെ സുപ്രീം കോടതി ഉത്തരവുകളെ ഇലോണ്‍ മസ്ക് ബഹുമാനിക്കണമെന്ന് ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡി സില്‍വ. ഉള്ളടക്ക നിയന്ത്രണവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ബ്രസീലില്‍ നിരോധന ഭീഷണി നേരിടുകയാണ് എക്സ്. ജഡ്ജ് അലക്സാന്ദ്രേ ഡി മൊറേസാണ് എക്സിന് താല്‍ക്കാലിക് വിലക്ക് പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ക്ക് എതിരെ നടപടി എടുക്കണമെന്ന ഉത്തരവ് പാലിക്കാത്തതും രാജ്യത്ത് പുതിയ നിയമകാര്യ പ്രതിനിധിയെ നിയമിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം അനുസരിക്കാതിരുന്നതുമാണ് നടപടിയിലേക്ക് നയിച്ചത്.
ലോകത്ത് എവിടെ നിന്നുള്ളവരായാലും ബ്രസീലില്‍ നിക്ഷേപമുള്ളവര്‍ ബ്രസീലിയന്‍ ഭരണ ഘടയ്ക്കും നിയമങ്ങള്‍ക്കും വിധേയരാണെന്നെന്നും ഒരു വ്യക്തിയ്ക്ക് ധാരാളം പണം ഉണ്ടെന്ന് വെച്ച് അയാള്‍ക്ക് നിയമങ്ങളെ അവഹേളിക്കാന്‍ സാധിക്കില്ലെന്നും ലുല പറഞ്ഞു.
ഏപ്രിലില്‍ വ്യാജ വാര്‍ത്ത പരത്തുന്ന എക്സ് അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെയാണ് കോടതിയും എക്സും തമ്മിലുള്ള പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ഈ ഉത്തരവ് എക്സ് പാലിച്ചില്ലെന്ന് മാത്രമല്ല. ‘അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും ബ്രസീലിലെ തിരഞ്ഞെടുക്കപ്പെടാത്ത ഒരു കപട ജഡ്ജി രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി അതിനെ നശിപ്പിക്കുകയാണെന്ന്’ എക്സ് മേധാവി ഇലോണ്‍ മസ്ക് എക്സില്‍ പോസ്റ്റിടുകയും ചെയ്തു.
അതേസമയം ബ്രസീലിന്റെ ഉത്തരവുകള്‍ പാലിക്കില്ലെന്ന നിലപാടിലാണ് എക്സ് എന്നാണ് വിവരം. അനക്സാന്ദ്രേ ഡി മൊറേസിന്റെ ഉത്തരവുകള്‍ നിയമവിരുദ്ധമാണെന്നും രാഷ്ട്രീയ എതിരാളികളെ സെന്‍സര്‍ ചെയ്യുന്നതിനും വേണ്ടിയുള്ളതാണെന്നാണ് കമ്പനി ആരോപിക്കുന്നത്.