ന്യൂയോര്‍ക്ക്: പ്രശസ്ത ഓസ്ട്രിയന്‍-അമേരിക്കന്‍ എഴുത്തുകാരിയും വിവര്‍ത്തകയുമായ ലോര്‍ സെഗല്‍(96) അന്തരിച്ചു. യു.എസിലെ മാന്‍ഹാറ്റനിലുള്ള സ്വവസതിയിലായിരുന്നു അന്ത്യം.
ബാല്യത്തില്‍ നാസികളില്‍നിന്ന് രക്ഷപ്പെട്ട് യു.എസിലെത്തിയ ലോര്‍ ജൂത അഭയാര്‍ഥിയായും കുടിയേറ്റക്കാരിയുമായുള്ള തന്റെ ജീവിതാനുഭവങ്ങളെ അക്ഷരങ്ങളിലേക്ക് പകര്‍ത്തിയ ‘അദര്‍ പീപ്പിള്‍സ് ഹൗസ്’, ‘ഹെര്‍ ഫസ്റ്റ് അമേരിക്കന്‍’ എന്നീകൃതികളിലൂടെ സാഹിത്യലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. നോവലുകള്‍, ചെറുകഥകള്‍, ലേഖനങ്ങള്‍, ബാലസാഹിത്യം, എന്നിവ എഴുതിയിട്ടുണ്ട്.
ബൈബിളിന്റെയും ഗ്രിം നാടോടികഥകളുടെയും പരിഭാഷയും നിര്‍വഹിച്ചിട്ടുണ്ട്. ‘ഷേക്സ്പിയേര്‍സ് കിച്ചണ്‍’ എന്ന നോവല്‍ 2008-ലെ പുലിറ്റ്സര്‍ സമ്മാനത്തിന്റെ അന്തിമറൗണ്ടുവരെ എത്തിയിരുന്നു. 2023-ല്‍ ‘അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്ട്സ് ആന്‍ഡ് ലെറ്റേഴ്സില്‍’ ലോര്‍ അംഗമായി. കൊളംബിയ, പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലകളില്‍ അധ്യാപികയായിരുന്നു.