ടെല്‍ അവീവ്: ഹമാസ് ബന്ദികളാക്കിയ ആറ് ഇസ്രഈലികള്‍ റഫയില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ശക്തമാകുന്നു. രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ ഹിസ്ട്രഡിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ വെടിനിര്‍ത്തല്‍ വേണം എന്നാവശ്യപ്പെട്ട് പതിനായിരക്കണക്കിന് ഇസ്രഈല്‍ പൗരന്മാര് തെരുവിലിറങ്ങി. പ്രതിഷേധക്കാരും പൊലീസുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ഒക്ടോബര്‍ ഏഴിന് ഹമാസ് ബന്ദികളാക്കിയ ആറ് പേരുടെ മൃതദേഹം കണ്ടെത്തിയതായി ഇസ്രഈല്‍ പ്രതിരോധ സേന അറിയിച്ചിരുന്നു. അതിര്‍ത്തി നഗരമായ റാഫയിലെ ഒരു തുരങ്കത്തില്‍ നിന്നാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
മൃതദേഹങ്ങള്‍ ലഭിച്ചതിന് പിന്നാലെ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന് ഇസ്രഈല്‍ സര്‍ക്കാര്‍ സഹകരിക്കാത്തതാണ് ബന്ദികളുടെ മരണത്തിന് കാരണം എന്നാരോപിച്ച് നെതന്യാഹുവിനെതിരെ കൊല്ലപ്പെട്ട ബന്ദികളുടെ കുടുംബങ്ങളും രംഗത്തെത്തിയിരുന്നു. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര് ജൂലായില്‍ നടന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം മോചിപ്പിക്കപ്പെടേണ്ടവരായിരുന്നെങ്കിലും കരാര്‍ നീണ്ട് പോയതോടെ മോചനം അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഇനിയും നൂറോളം ബന്ദികള്‍ ഹമാസിന്റെ തടവിലുണ്ട്.
11 മാസമായി തുടരുന്ന ഇസ്രഈല്‍-ഫലസ്തീന് സംഘര്‍ഷത്തിനിടെ നെതന്യാഹു ഭരണകൂടത്തിനെതിരെ നടന്ന ഏറ്റവും വലിയ പ്രതിഷേധത്തിനാണ് കഴിഞ്ഞ ദിവസം ഇസ്രഈല്‍ സാക്ഷ്യം വഹിച്ചത്. ഹമാസുമായി ഉടന്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇവര്‍ കൊല്ലപ്പെട്ട ബന്ദികളുടെ ചിത്രവുമായി ടെല്‍ അവീവിലെ റോഡുകള്‍ തടയുകയും പടിഞ്ഞാറന്‍ ജെറുസലേമിലെ നെതന്യാഹുവിന്റെ ഓഫീസുകള്‍ ഉപരോധിക്കുകയും ചെയ്തു.
പ്രതിഷേധ പ്രകടനത്തില്‍ മരിച്ച ബന്ദികളുടെ കുടുംബം തയ്യാറാക്കിയ കുറിപ്പുകളും പ്രതിഷേധത്തിനിടെ പ്രദര്‍ശിപ്പിച്ചിരുന്നു. ഹമാസിന്റെ അടിമകളായി 11 മാസം താമസിച്ച അവര്‍ പട്ടിണി, പീഢനം തുടങ്ങിയ ചൂഷണങ്ങള്‍ അതിജീവിച്ചതിന് ശേഷം മണിക്കൂറുകള്‍ക്ക് മുമ്പാണ് കൊല്ലപ്പെട്ടത് എന്ന് പറയുന്ന ഫോറങ്ങളും പ്രതിഷേധത്തിനിടെ വായിക്കുകയുണ്ടായി.
കൊല്ലപ്പെട്ട ബന്ദികളിലൊരാളായ കാര്‍മല്‍ ഗാട്ടിന്റെ മൃതദേഹവുമായി റോഡുകള്‍ ഉപരോധിക്കുമെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ ബന്ധു ഇനി വിട്ട് കിട്ടാനുള്ള ബന്ദികള്‍ സ്വതന്ത്രരാവുന്നത് വരെ പ്രതിഷേധം തുടരുമെന്നും അഭിപ്രായപ്പെട്ടു.
അതേസമയം നെതന്യാഹുവിന്റെ മന്ത്രി സഭയിലെ ചില തീവ്ര ചിന്താഗതിക്കാരുടെ കടുംപിടുത്തമാണ് വെടിനിര്‍ത്തല്‍ കരാര്‍ നീളുന്നതിന് കാരണമെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രഈലിലെ പ്രധാന ട്രേഡ് യൂണിയനായ ഹിസ്ട്രഡ് ആഹ്വാനം ചെയ്ത പണിമുടക്കിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡും രംഗത്തെത്തി.
എന്നാല്‍ ഹമാസ് വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് അവര്‍ ബന്ദികളെ കൊലപ്പെടുത്തിയതെന്നുമാണ് ഈ വിഷയത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്. അതുകൊണ്ട് കൊലപാതകത്തിന് ഹമാസ് കണക്ക് പറയേണ്ടി വരുമെന്നും അവരുടെ അന്ത്യം കാണുന്നത് വരെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും നെതന്യാഹു പ്രതികരിച്ചു.
അമേരിക്കന്‍ വംശജനായ ഇസ്രഈല്‍ പൗരന് ഹെര്‍ഷ് ഗോള്‍ഡ്ബര്‍ഗ്-പോളിന്, കാര്‍മല്‍ ഗാറ്റ്, ഏദന്‍ യെരുശാല്‍മി, അലക്സാണ്ടര്‍ ലോബനോവ്, അല്‍മോഗ് സര്‍സുയി, ഓറി ഡോനിനോ എന്നിവരാണ് മരിച്ച ഇസ്രഈല്‍ പൗരന്മാര്. ഇവരെ രക്ഷിക്കാന്‍ സൈന്യം എത്തുന്നതിന് തൊട്ടുമുമ്പ് ഹമാസ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സൈനിക വക്താവ് റിയര്‍ ആഡം ഡോനിയല്‍ ഹരാരി അറിയിച്ചു.