ബർസാലോഖോ: ആഫ്രിക്കൻ രാജ്യമായ ബർക്കിനാഫാസോയിലെ ബർസാലോഖോയിൽ കൂട്ടക്കുരുതി നടത്തി ഭീകരസംഘടനയായ അൽ ഖ്വൈദയുമായി ബന്ധമുള്ള തീവ്രവാദ സംഘടന. സംഭവത്തിൽ അറുന്നൂറോളംപേർ കൊല്ലപ്പെട്ടതായാണ് മാധ്യമങ്ങൾ റിപ്പോർട്ടുകൾ. മണിക്കൂറുകൾകൊണ്ടാണ് ക്രൂരകൃത്യം ചെയ്തതെന്നും രക്ഷപ്പെട്ട നാട്ടുകാർ ചേർന്ന് മൂന്നു ദിവസമെടുത്താണ് കൊല്ലപ്പെട്ടവരുടെ മൃതശരീരങ്ങൾ ശേഖരിച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബർക്കിനാഫാസോയിൽ സജീവമായി പ്രവർത്തിക്കുന്ന ജെ.എൻ.ഐ.എം എന്ന തീവ്രവാദ സംഘടനയാണ് കൂട്ടക്കുരുതിക്ക് പിന്നിൽ. ഓഗസ്റ്റ് 24-നായിരുന്നു സംഭവം. ബർസാലോഖോയിൽ നാട്ടുകാർ സുരക്ഷയ്ക്കായുള്ള ട്രെഞ്ചുകൾ കുഴിക്കുന്നതിനിടെയായിരുന്നു ആക്രമണം. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും. 2015 മുതൽ കലാപങ്ങൾ വലച്ചുകൊണ്ടിരിക്കുന്ന ബർക്കിനാഫാസോയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ദുരന്തമായാണ് പുതിയ സംഭവവികാസം വിലയിരുത്തപ്പെടുന്നത്.
200 പേർ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞപ്പോൾ 300 പേരെന്നാണ് ജെ.എൻ.ഐ.എം അവകാശപ്പെട്ടത്. എന്നാൽ കൊല്ലപ്പെട്ടവരുടെ എണ്ണം 600-ഓളം വരുമെന്നാണ് ഫ്രഞ്ച് സർക്കാരിന്റെ സുരക്ഷാ വിലയിരുത്തൽ ടീമിനെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തത്. എവിടെ നോക്കിയാലും ചോരയും ആർത്തനാദങ്ങളുമായിരുന്നെന്ന് അക്രമികളിൽനിന്ന് രക്ഷപ്പെട്ടവരിൽ ഒരാൾ പറഞ്ഞു. ട്രെഞ്ചിനകത്ത് താൻ ഒളിച്ചിരിക്കുകയായിരുന്നെന്നും ഇയാൾ പറഞ്ഞു.
പ്രദേശത്ത് മൃതശരീരങ്ങൾ ചിന്നിച്ചിതറിക്കിടക്കുകയായിരുന്നെന്നാണ് ആക്രമണത്തിൽ കുടുംബത്തിലെ രണ്ടംഗങ്ങളെ നഷ്ടമായ നാട്ടുകാരൻ പറഞ്ഞത്. മൂന്നുദിവസങ്ങളെടുത്താണ് നാട്ടുകാർചേർന്ന് മൃതദേഹങ്ങൾ ശേഖരിച്ചത്. സംസ്കരിക്കാൻപോലും സാധിക്കാത്തവിധമുള്ള മൃതദേഹങ്ങളുമുണ്ടായിരുന്നെന്നും ഇയാൾ പറഞ്ഞു.
പ്രദേശത്തെ തീവ്രവാദികളിൽ നിന്ന് സംരക്ഷണംനേടാനായി പട്ടണത്തിന് ചുറ്റും വിശാലമായ കിടങ്ങ് കുഴിക്കാൻ സൈന്യം പ്രദേശവാസികളോട് നിർദ്ദേശിച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം കലാപം അമർച്ച ചെയ്യാൻ സൈന്യത്തെ സഹായിക്കരുതെന്ന് തീവ്രവാദ സംഘടന ജനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അനാലിസിസ് സംഘമായ എ.സി.എൽ.ഇ.ഡിയുടെ കണക്ക് പ്രകാരം ഈ വർഷം മാത്രം 3800 പേരാണ് തീവ്രവാദി ആക്രമണങ്ങളിൽ ബർക്കിനാഫാസോയിൽ കൊല്ലപ്പെട്ടത്.