ന്യൂയോര്‍ക്ക്: ലെബനനെതിരായ കരയുദ്ധം കാണാന്‍ ഐക്യരാഷ്ട്ര സംഘടന ആഗ്രഹിക്കുന്നില്ലെന്ന് യു.എന്‍ വക്താവ്. ഇസ്രഈല്‍ സംയമനം പാലിക്കണമെന്നും യു.എന്‍ വക്താവായ സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.
ലെബനന് അതിര്‍ത്തികളില്‍ ഇസ്രഈല്‍ ഗ്രൗണ്ട് ഓപ്പറേഷന് തുടങ്ങിയെന്ന വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ കൂടിയാണ് യു.എന്നിന്റെ പ്രതികരണം.
ലെബനനെതിരായ ഇസ്രഈലിന്റെ ആക്രമണത്തെ യു.എന്‍ ശക്തമായി എതിര്‍ക്കുന്നു. ലെബനീസ് പൗരന്മാര് നേരിടുന്ന പ്രതിസന്ധികളില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആശങ്കാകുലനാണെന്നും സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.
അന്റോണിയോ ഗുട്ടറസ് യുദ്ധമുഖത്തുള്ളവരുമായി ബന്ധപ്പെടുന്നുണ്ടെന്നും നയതന്ത്രപരമായ പരിഹാരത്തിന് മുന്‍കൈ എടുക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. സംഘര്‍ഷം ഏറ്റവും കൂടുതല്‍ ബാധിക്കുക സാധാരണക്കാരായ മനുഷ്യരെ ആയിരിക്കുമെന്നും സ്റ്റെഫാന്‍ ചൂണ്ടിക്കാട്ടി.
യു.എന്‍ രക്ഷാസമിതി പ്രമേയം 1701 നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2006 ഓഗസ്റ്റ് 11ന് അംഗീക്കപ്പെട്ട പ്രമേയം, ലെബനനും ഇസ്രഈലും തമ്മിലുള്ള ശത്രുത പൂര്‍ണമായി അവസാനിപ്പിക്കാനും യഥാര്‍ത്ഥ ലെബനന്-ഇസ്രഈല്‍ അതിര്‍ത്തിക്കും ലിറ്റാനി നദിക്കും ഇടയില്‍ ഒരു സൈനികരഹിത മേഖല സ്ഥാപിക്കാനുമാണ് ആവശ്യപ്പെടുന്നത്.
എന്നാല്‍ ഈ അതിര്‍ത്തി പ്രദേശത്ത് ലെബനീസ് സൈന്യത്തിനും രാജ്യത്തെ താത്കാലിക യു.എന്‍ സേനയ്ക്കും ആയുധങ്ങള്‍ കൈവശം വെക്കാന്‍ പ്രമേയം അനുവദിക്കുന്നുമുണ്ട്.
അതേസമയം ഹിസ്ബുല്ലയെ അതിര്‍ത്തിയില്‍ നിന്ന് ലിറ്റാനി നദിപ്രദേശത്തേക്ക് മാറ്റണമെന്ന് ഇസ്രഈല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ മാത്രമേ ലെബനനില്‍ വെടിനിര്‍ത്തല്‍ അംഗീകരിക്കുകയുള്ളൂവെന്നും കാറ്റ്സ് പ്രഖ്യാപിച്ചിരുന്നു.
നിലവില്‍ ലെബനന് അതിര്‍ത്തിക്ക് സമീപത്തായി നിലയുറച്ചിരുന്ന ഇസ്രഈലി സൈനികരെ വധിച്ചതായി ഹിസ്ബുല്ല അറിയിച്ചു. ഇന്നലെ അര്‍ധരാത്രി മുതല്‍ ലെബനനിലുടനീളമായി ഒന്നിലധികം ആക്രമണമാണ് ഇസ്രഈല്‍ നടത്തിയത്.
‘നോര്‍ത്തേണ്‍ ആരോസ്’ എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷനിലൂയോടെയാണ് ഇസ്രഈല്‍ ലെബനനില്‍ ഗ്രൗണ്ട് ആക്രമണം തുടങ്ങിയിരിക്കുന്നത്. ഐ.ഡി.എഫ് തന്നെ ഇക്കാര്യം എക്സിലൂടെ അറിയിച്ചിട്ടുണ്ട്.