ഉലാൽബാറ്റർ: അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐ. സി. സി) അറസ്റ്റ് വാറണ്ട് നിലനിൽക്കുന്നതിനിടയിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ മംഗോളിയയിൽ ഉജ്ജ്വല സ്വീകരണം. 2023 മാർച്ചിൽ വാറണ്ട് പുറപ്പെടുവിച്ചതിന് ശേഷം ആദ്യമായാണ് പുടിൻ ഐ.സി.സിയുടെ അംഗ രാജ്യത്തിൽ സന്ദർശനം നടത്തുന്നത്.
തലസ്ഥാന നഗരമായ ഉലാൻബാറ്ററിൽ മംഗോളിയൻ പ്രസിഡന്റ് ഉഖ്ന ഖുറേൽസുഖുമായുള്ള കൂടിക്കാഴ്ച്ചയ്ക്കാണ് പുടിൻ എത്തിയത്. ഔദ്യോഗിക സൈനിക ബഹുമതികളോടെയാണ് പുടിനെ സ്വീകരിച്ചത്.
ഉക്രൈനിലെ കുട്ടികളെ റഷ്യയിലേക്ക് കടത്തുന്നതുൾപ്പടെയുള്ള യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് കഴിഞ്ഞ വർഷമാണ് പുടിനെതിരെ ഐ.സി.സി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഈ വാറണ്ട് പ്രകാരം ഐ.സി.സിയുടെ ഭാഗമായ മംഗോളിയക്ക് പുടിനെ അറസ്റ്റ് ചെയ്യാവുന്നതാണ്. എന്നാൽ റഷ്യൻ നേതാവിന് ഗംഭീര സ്വീകരണം നൽകിയ മംഗോളിയ പുടിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം തള്ളികളയുകയും ചെയ്തു.
ഉലാൽബാറ്ററിലെ സെൻട്രൽ ചെങ്കിസ് ഖാൻ സ്ക്വയറിൽ മംഗോളിയയുടെയും റഷ്യയുടെയും കൂറ്റൻ പതാകകൾക്കിടയിൽ പരമ്പരാഗത ചുവപ്പും നീലയും യൂണിഫോം ധരിച്ചാണ് പുടിനെ മംഗോളിയ സ്വീകരിച്ചത്. അഞ്ചു വർഷത്തിനിടയിലുള്ള പുടിന്റെ ആദ്യ മംഗോളിയൻ സന്ദർശനം കൂടിയായിരുന്നു ഇത്. ഐ.സി.സി അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ചതിന് ശേഷം പുടിൻ വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടില്ല.
എന്നാൽ പുടിനെ അറസ്റ്റ് ചെയ്ത് ഹേഗിലെ ഐ.സി.സി കോടതിയിൽ ഹാജരക്കണമെന്ന ആവശ്യവുമായി ഉക്രൈൻ മുന്നോട്ട് വന്നിട്ടുണ്ട്. യുദ്ധക്കുറ്റവാളിയായ പുടിനെ മംഗോളിയയിൽ നിന്ന് പുറത്താക്കുക എന്നെഴുതിയ ബാനറുമായി ചെറിയ തോതിൽ പ്രതിഷേധങ്ങളും അരങ്ങേറി.
വാറണ്ട് പ്രകാരം അറസ്റ്റ് ഉറപ്പിക്കാനുള്ള സംവിധാനം ഐ.സി.സിക്കില്ലെങ്കിലും അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ചാൽ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ അന്താരാഷ്ട്ര കോടതിയിലെ അംഗ രാജ്യങ്ങൾ ബാധ്യസ്ഥരാണ്.
അതേസമയം പുടിനെ അറസ്റ്റ് ചെയ്യാനുള്ള ആഹ്വാനത്തെക്കുറിച്ച് മംഗോളിയൻ സർക്കാർ പ്രതികരിച്ചിട്ടില്ല. പുടിന്റെ സന്ദർശന വേളയിൽ വാറണ്ട് നടപ്പാക്കാൻ മംഗോളിയയോട് ആവശ്യപ്പെട്ട് ഐ.സി.സി കത്തയച്ചെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് പ്രസിഡന്റ് ഖുറേൽസുഖുവിന്റെ വക്താവ് നേരത്തെ രംഗത്തെത്തിയിരുന്നു.