ലണ്ടൺ: യു.കെയിലെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം അഞ്ചാം ദിവസവും തുടരുന്നു. റോതെർഹാമിൽ കുടിയേറ്റക്കാരെ പാർപ്പിച്ചിരുന്നതായി ആരോപിക്കപ്പെട്ട ഹോട്ടൽ തീവ്ര വലതുപക്ഷ ജനക്കൂട്ടം ആക്രമിച്ചു. നിരവധി കലാപകാരികൾ റോതെർഹാമിലെ ഹോളിഡേ ഇൻ എക്സ്പ്രസ്സ് എന്ന ഹോട്ടലിലേക്ക് ഇരച്ച് കയറുകയും കെട്ടിടത്തിന്റെ ജനൽ അടിച്ച് തകർക്കുകയും തീയിടുകയും ചെയ്തു.
സംഘർഷത്തിൽ പത്ത് പൊലീസ് ഉദ്യോഗസ്ഥർക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഹോട്ടലിലെ ജീവനക്കാർക്കോ ഹോട്ടലിൽ താമസിക്കുന്നവർക്കോ പരിക്കേറ്റതായി റിപ്പോർട്ട് ഇല്ല. മാഞ്ചസ്റ്റർ ലിവർപൂൾ, ഹൾ എന്നിവിടങ്ങൾ ഉൾപ്പടെയുള്ള പ്രധാന നഗരങ്ങളിൽ നടന്ന കലാപത്തിനിടെ 90 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൾ പ്രചരിക്കുന്നുണ്ട്. ബി.ബി.സി ആണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. ആൾക്കൂട്ടം ഇംഗ്ലണ്ട് പതാകകളിൽ പൊതിഞ്ഞ് ഇഷ്ടികകളും ബിയർ കുപ്പികളും പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ എറിഞ്ഞു. ഡാൻസ് പാർട്ടിയിൽ നടന്ന ആക്രമണത്തിൽ മൂന്ന് പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവമാണ് പ്രക്ഷോഭങ്ങളുടെ മൂലകാരണം. കൊലപാതകി മുസ്ലിം ആണെന്ന അഭ്യൂഹമാണ് പ്രക്ഷോഭത്തിലേക്ക് നയിച്ചത്.
അക്രമി മുസ്ലിം ആണെന്ന തെറ്റായ പ്രചരണത്തെ തുടർന്ന് നൂറ് കണക്കിന് മുഖം മൂടി ധരിച്ച ആളുകൾ സൗത്ത് പോർട്ട് ഇസ്ലാമിക് സൊസൈറ്റി മസ്ജിദിന് നേരെ ഇഷ്ടികകളും ചെടിച്ചെട്ടികളും എറിഞ്ഞിരുന്നു. നിരവധി അറസ്റ്റുകളിലേക്ക് നയിച്ച ഈ സംഭവം ബ്രിട്ടനിലെ മുസ്ലിം സമൂഹത്തിന് നേരെ നിരവധി ആക്രമണങ്ങൾ ഉണ്ടാകുന്നതിന് കാരണമായി.
ബെർമിങ്ഹാം , റോതെർഹാം തുടങ്ങിയ നഗരങ്ങളിൽ അക്രമാസക്തമായ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടതോടുകൂടി യു.കെയിൽ വലിയ അനിശ്ചിതത്വമാണ് ഉണ്ടായിരിക്കുന്നത്. സൗത്ത്പോര്‍ട്ടില്‍ നടന്ന ടെയ്ലര് സ്വിഫ്റ്റിന്റെ ഡാന്‍സ് പാര്‍ട്ടിയില്‍ മൂന്ന് പെണ്‍കുട്ടികളെ 17കാരന് കുത്തിക്കൊല്ലുകയായിരുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പാർട്ടിയിൽ കുട്ടികളെ ആക്രമിച്ചത് തീവ്ര ഇസ്ലാമിക് കുടിയേറ്റക്കാരനാണെന്ന് വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.
എന്നാൽ കുറ്റവാളി ബ്രിട്ടീഷ് വംശജനാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. റുവാണ്ടന്‍ മാതാപിതാക്കളുടെ മകനായി ബ്രിട്ടനില്‍ ജനിച്ച പതിനേഴുകാരനായ ആക്സല്‍ മുഗന്‍വ റുഡകുബാനയാണ് ഈ ക്രൂരമായ ആക്രമണം നടത്തിയത്.