ലണ്ടന്‍: യു.കെ. ആഭ്യന്തരയുദ്ധത്തിന്റെ വക്കിലാണെന്ന ആശങ്ക പ്രകടിപ്പിച്ച് ടെസ്ല – സ്പേസ് എക്സ് സി.ഇ.ഒ. എലോണ്‍ മസ്ക്. രാജ്യത്ത് കുടിയേറ്റ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായി മാറുന്നതിന് ഇടയിലാണ് മസ്ക് തന്റെ ആശങ്ക പ്രകടിപ്പിച്ചത്.
ഇംഗ്ലണ്ടിലെ സൗത്ത്പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന് പിന്നാലെ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ പൊട്ടിപുറപ്പെട്ടിരുന്നു. സൗത്ത്പോര്‍ട്ടില്‍ നടന്ന ടെയ്ലര് സ്വിഫ്റ്റിന്റെ ഡാന്‍സ് പാര്‍ട്ടിയില്‍ മൂന്ന് പെണ്‍കുട്ടികളെ 17കാരന് കത്തി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
റുവാണ്ടന്‍ മാതാപിതാക്കളുടെ മകനായി ബ്രിട്ടനില്‍ ജനിച്ച പതിനേഴുകാരനായ ആക്സല്‍ മുഗന്‍വ റുഡകുബാനയാണ് ഈ ക്രൂരമായ ആക്രമണം നടത്തിയത്. അതിനിടയില്‍ ബോട്ടില്‍ ബ്രിട്ടനിലേക്ക് പോയ സിറിയന്‍ കുടിയേറ്റക്കാരനാണ് ഈ ആക്രമണം നടത്തിയതെന്ന വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു.
പിന്നാലെ ലിവര്‍പൂള്‍, നോട്ടിങ്ഹാം, ലീഡ്സ്, ബെല്‍ഫാസ്റ്റ്, സ്റ്റോക്ക്-ഓണ്‍-ട്രെന്റ്, ബ്ലാക്ക്പൂള്‍, ഹള്‍ ഉള്‍പ്പെടെ നിരവധി നഗരങ്ങളില്‍ കുടിയേറ്റ വിരുദ്ധ പ്രതിഷേധം ആരംഭിക്കുകയും അത് അക്രമാസക്തമാകുകയുമായിരുന്നു.
ഇതിനിടയില്‍ എക്സില്‍ പങ്കിട്ട ഒരു വീഡിയോയ്ക്കുള്ള പ്രതികരണമെന്നോണമാണ് മസ്ക് യു.കെ. ആഭ്യന്തരയുദ്ധത്തിന്റെ വക്കിലാണെന്ന് അഭിപ്രായപ്പെട്ടത്. യു.കെയിലേക്കുള്ള കൂട്ടകുടിയേറ്റവും ഓപ്പണ്‍ ബോര്‍ഡര്‍ പോളിസികളും കാരണമാണ് രാജ്യത്ത് പ്രശ്നങ്ങള്‍ നടക്കുന്നത് എന്നായിരുന്നു ആ വീഡിയോയില്‍ പറഞ്ഞത്.
പ്രതിഷേധക്കാര്‍ കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങളും ഇസ്ലാം വിരുദ്ധ മുദ്രാവാക്യങ്ങളും വിളിക്കുന്നുണ്ട്. ചില പ്രതിഷേധങ്ങള്‍ സമാധാനപരമായി മുന്നോട്ട് പോകുമ്പോള്‍ ചിലത് ആക്രമസക്തമാകുകയാണ്. ചിലയിടങ്ങളില്‍ കാറുകള്‍ക്ക് തീയിടുകയും കെട്ടിടങ്ങള്‍ അക്രമിക്കുകയും ചെയ്യുന്നുണ്ട്. ചിലര്‍ പൊലീസുമായി ഏറ്റുമുട്ടിയതോടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേര് അറസ്റ്റിലാകുകയും ചെയ്തിരുന്നു.