കാസർകോട്: എൻജിനിയറിങ്ങിന് പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണം കുറഞ്ഞതോടെ ബി.എസ്സി. നഴ്സിങ് കോഴ്സ് തുടങ്ങി തമിഴ്നാട്ടിലെ എൻജിനിയറിങ് കോളേജുകൾ. ജോലിസാധ്യതയുള്ളതിനാൽ നഴ്സിങ് കോഴ്സിന് ചേരാൻ വിദ്യാർഥികൾ തിക്കിത്തിരക്കുന്നതിനാലാണ് കോളേജുകളുടെ ഈ നടപടി.
എന്നാൽ, കോഴ്സ് തുടങ്ങിയ പല കോളേജുകളും ഇന്ത്യൻ നഴ്സിങ് കൗൺസിലി (ഐ.എൻ.സി.)ന്റെ മാർഗനിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് തമിഴ്നാട് നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ കണ്ടെത്തി. ഇതേത്തുടർന്ന് ഐ.എൻ.സി. മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ അംഗീകാരം പിൻവലിക്കുമെന്ന് കൗൺസിൽ മുന്നറിയിപ്പുനൽകി.
മലയാളികൾ ഉൾപ്പെടെ ഒട്ടേറെ വിദ്യാർഥികൾ തമിഴ്നാട്ടിലെ കോളേജുകളിൽ ബി.എസ്സി. നഴ്സിങ് കോഴ്സ് പഠിക്കുന്നുണ്ട്. അതിനാൽ അവരെയും ഇത് ബാധിക്കും. ഇത്തരം കോളേജുകൾ നഴ്സിങ് വിദ്യാർഥികളെ അനുബന്ധ ആരോഗ്യശാസ്ത്ര, എൻജിനിയറിങ് വിഷയങ്ങളും പഠിക്കാൻ നിർബന്ധിക്കുന്നതായി കൗൺസിലിന് വിവരം ലഭിച്ചു.
എൻജിനിയറിങ് കോളേജുകളുടെ അക്കാദമിക് കലണ്ടർ, ടൈംടേബിൾ, അവധിദിനങ്ങൾ തുടങ്ങിയവ നടപ്പാക്കാൻ ആവശ്യപ്പെടുകയും എൻജിനിയറിങ്, അടിസ്ഥാനശാസ്ത്ര ബ്ലോക്കുകളിലും മറ്റും ക്ലാസ് നടത്തുകയും ചെയ്യുന്നുണ്ട്. ഇത് നിയമവിരുദ്ധമാണെന്നും നഴ്സിങ് കോളേജ് ബ്ലോക്കിലാണ് ഇവരുടെ ക്ലാസ് നടത്തേണ്ടതെന്നും കൗൺസിൽ നിർദേശം നൽകി.
പ്രിൻസിപ്പൽ ഡയറക്ടർക്ക് കീഴിൽചില കോളേജുകൾ നഴ്സിങ് കോളേജ് പ്രിൻസിപ്പൽമാരെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്തതാണ് മറ്റൊരു വീഴ്ച. ഇത് മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും പ്രിൻസിപ്പൽമാർക്ക് ഭരണപരമായ പൂർണസ്വാതന്ത്ര്യം അനുവദിക്കണമെന്നും കൗൺസിൽ നിർദേശം നൽകി.
ഇൻസ്പെക്ഷൻ സമയത്തൊഴികെ അക്കാദമിക്, ഹോസ്റ്റൽസൗകര്യങ്ങൾ മറ്റ് കോഴ്സുകളിലുള്ളവരുമായി പങ്കുവെക്കുന്നതായും കണ്ടെത്തി.
നഴ്സിങ് അധ്യാപകരെ മറ്റ് കോഴ്സുകൾ പഠിപ്പിക്കാൻ നിർബന്ധിക്കുന്നതാണ് മറ്റൊരു നിയമലംഘനം. ചില കോളേജുകൾ അധ്യാപകരുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ നിയമവിരുദ്ധമായി പിടിച്ചുവെക്കുന്നതായും കണ്ടെത്തി. ഇത് അവസാനിപ്പിക്കാനും സർട്ടിഫിക്കറ്റുകൾ ഉടൻ വിട്ടുനൽകാനും കൗൺസിൽ രജിസ്ട്രാർ ഡോ. എസ്. ആനി ഗ്രേസ് കലൈമതി നിർദേശം നൽകി.