കരുവന്നൂർ: കുടുംബാംഗങ്ങളുടെ പേരിലുള്ള നിക്ഷേപം തിരിച്ചുനൽകാത്ത കരുവന്നൂർ ബാങ്ക് നിലപാടിനെതിരേ മാപ്രാണം സ്വദേശി ജോഷി ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ ഷർട്ട് ഉപേക്ഷിച്ച് പ്രതിഷേധിച്ചു. ബാങ്കിന്റെ ഹെഡ് ഓഫീസിൽ വ്യാഴാഴ്ച രാവിലെയാണ് മാപ്രാണം കുറുപ്പം റോഡിൽ വടക്കേത്തല വീട്ടിൽ ജോഷി (53) പ്രതിഷേധം ആരംഭിച്ചത്. ഇതേവിഷയം ഉന്നയിച്ച് നേരത്തെയും ഇദ്ദേഹം സമരം ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ 11-ന് ബാങ്ക് ഓഫീസിലെത്തിയ ജോഷി ചീഫ് എക്സിക്യുട്ടിവ് ഓഫീസർ കെ.ആർ. രാകേഷും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളുമായി ചർച്ച നടത്തി.
ചർച്ച പരാജയപ്പെട്ടതോടെ പുറത്തിറങ്ങിയ ജോഷി ബാങ്കിന് മുൻപിൽ ഷർട്ടൂരി വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. ‘മൂന്നരവർഷമായി എന്റേയും കുടുംബാംഗങ്ങളുടേയും നിക്ഷേപം തിരിച്ചുചോദിക്കാൻ തുടങ്ങിയിട്ട്. രോഗിയായ താൻ ദയാവധത്തിന് അനുമതി ചോദിച്ച് മുഖ്യമന്ത്രിക്കും ചീഫ് ജസ്റ്റിസിനും പരാതി അയച്ചതിനെ തുടർന്ന് ജനുവരി 28-നാണ് സ്വന്തം പേരിലുള്ള നിക്ഷേപത്തിൽ 28 ലക്ഷം രൂപ തന്നത്.
ഭാര്യയുടെയും അവരുടെ അമ്മയുടെയും ചേച്ചിയുടേയും അവരുടെ മകളുടേയും പേരിലായി 60 ലക്ഷം രൂപ ബാക്കി കിട്ടാനുണ്ട്. ബാക്കിയുള്ള തുക മൂന്നുമാസത്തിനകം തിരിച്ചുനൽകാമെന്നായിരുന്നു അന്ന് ബാങ്ക് അറിയിച്ചിരുന്നത്.
എന്നാൽ ഇതുവരേയും പണം തന്നില്ല. പണം ചോദിക്കുമ്പോൾ പരിഹസിക്കുന്ന നിലപാടാണ് ബാങ്കിന്റേതെന്നും ജോഷി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിക്ഷേപത്തുക തിരികെ ആവശ്യപ്പെട്ട് 13 കത്ത് അയച്ചു. രണ്ടുമാസം മുൻപ് സ്ഥലം എം.എൽ.എ.യും മന്ത്രിയുമായ ആർ. ബിന്ദുവിനും മന്ത്രി വാസവനും കത്തയച്ചു.
അഞ്ചാംമാസത്തിൽ ബാങ്ക് അനുവദിച്ച അഞ്ചേകാൽ ലക്ഷം രൂപ കൈപ്പറ്റിയിരുന്നില്ലെന്നും ജോഷി കൂട്ടിച്ചേർത്തു.
60 ലക്ഷം ഒരുമിച്ച് നൽകാൻ നിർവാഹമില്ലെന്ന് ബാങ്ക്
ജോഷിയുടെ ബന്ധുക്കളുടെ പേരിലുള്ള 60 ലക്ഷം രൂപ ഒരുമിച്ച് നൽകാൻ ബാങ്കിന് നിർവാഹമില്ലെന്ന് ബാങ്ക് ചീഫ് എക്സിക്യുട്ടിവ് ഓഫീസർ കെ.ആർ. രാകേഷും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ശ്രീകാന്ത്, മോഹൻദാസ് എന്നിവരും പറഞ്ഞു.
ജോഷിയുടെ പേരിലുള്ള മുഴുവൻ തുകയും ജനുവരിയിൽ നൽകിയിരുന്നു. എന്നാൽ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും പേരിലുള്ള 60 ലക്ഷം ഗഡുക്കളായേ നൽകാൻ കഴിയൂ. ഇക്കാര്യം ജോഷിക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം അത് നിരാകരിക്കുകയായിരുന്നെന്നും ഇവർ വ്യക്തമാക്കി.