മാറനല്ലൂർ(തിരുവനന്തപുരം): വിവാഹദിവസം വീട്ടിൽനിന്ന് മോഷണംപോയ 18 പവൻ സ്വർണാഭരണങ്ങൾ അഞ്ച് ദിവസത്തിനുശേഷം വീടിന്റെ ഗേറ്റിന് സമീപത്ത് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി.
പുന്നാവൂർ കൈതയിലിൽ ഗിലിൻ ദാസിന്റെ വീട്ടിൽ നിന്നാണ് ഇക്കഴിഞ്ഞ 14-ന് സ്വർണം മോഷണം പോയത്. ഗിലിൻ ദാസിന്റെ വിവാഹമായിരുന്നു അന്ന്. രാത്രി ഒൻപത് മണിയോടുകൂടി വിവാഹസത്കാരം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഗിലിൻദാസ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാനില്ലെന്നറിയുന്നത്.
എന്നാൽ, മോഷണശ്രമങ്ങളോ ഒന്നും കണ്ടെത്താനായില്ല. മാറനല്ലൂർ പോലീസിൽ അന്നു തന്നെ പരാതി നൽകി. വീടുമായി അടുത്ത് ബന്ധമുള്ളവരാണ് മോഷണം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. മാറനല്ലൂർ എസ്.എച്ച്.ഒ. ഷിബുവും, എസ്.ഐ. കിരൺ ശ്യാമും 15-ഓളം ബന്ധുക്കളെ ചോദ്യം ചെയ്തു.
വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ ഗിലിൻ ദാസിന്റെ അച്ഛൻ മോഹൻദാസ് വീടിന്റെ ഗേറ്റിന്റെ സമീപത്തായി ഉപേക്ഷിച്ച നിലയിൽ കവർ കണ്ടു. തുറന്ന് പരിശോധിച്ചപ്പോൾ മോഷണംപോയ സ്വർണമാണ് കവറിലുണ്ടായിരുന്നത്. ഉടൻ തന്നെ മോഹൻദാസ് മാറനല്ലൂർ പോലീസിൽ വിവരമറിയിച്ചു.
വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടുകൂടി പോലീസ് നായയും, വിരലടയാള വിദഗ്ധരും പരിശോധന നടത്തി. മോഷണം നടത്തിയയാളെ സംബന്ധിച്ച് തുമ്പ് ലഭിച്ചില്ലെന്നാണ് പോലീസ് പറഞ്ഞത്.