പാവറട്ടി: ഏറ്റവും ഉയരം കൂടിയ വ്യക്തിയായി അറിയപ്പെട്ടിരുന്ന ‘ടോൾ മാൻ’ പണിക്കവീട്ടിൽ കമറുദ്ദീന് വിട. 65 വയസ്സായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയാണ് മരണം. ഏഴടി ഒരിഞ്ചാണ് ഇദ്ദേഹത്തിന്റെ ഉയരം.
മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലായി ഇരുപത്തഞ്ചോളം സിനിമകളിൽ കമറുദ്ദീൻ വേഷമിട്ടു. 1986-ൽ മദ്രാസിലേക്ക് പോയ കമറുദ്ദീൻ കമലഹാസൻ, രജനീകാന്ത്, റോജ തുടങ്ങിയവരോടൊപ്പം വേഷമിട്ടിട്ടുണ്ട്. കന്നഡ സിനിമയിൽ മുഴുനീളം റോബോട്ടായും തിരശ്ശീലയിൽ നിറഞ്ഞു. ‘അദ്ഭുതദ്വീപ്’ എന്ന വിനയൻ ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
ഉയരത്തിൽ ഒന്നാമനാണെന്നതിൽ അഭിമാനിക്കുമ്പോഴും അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളും പേറിയാണ് ജീവിച്ചത്. ഉയരക്കൂടുതൽമൂലം ബസ് യാത്രചെയ്യാൻപോലും സാധിക്കാറില്ല. ധരിക്കാൻ പാകത്തിലുള്ള വസ്ത്രങ്ങൾ ലഭിക്കാറില്ല.
സെക്യൂരിറ്റി ജീവനക്കാരനായും ലോട്ടറി വിറ്റുമാണ് ജീവിതം മുന്നോട്ടുനീക്കിയിരുന്നത്. നാട്ടുകാരുടെയും ടോൾമെൻ ഗ്രൂപ്പിന്റെയും വിവിധ സംഘടനകളുടെയും സഹായവും തുണയായിരുന്നു.