ചെന്നൈ: 45 ദിവസത്തെ ഒരു നീണ്ട ഇടവേളയ്ക്കു ശേഷം മൈതാനത്തേക്ക് തിരിച്ചെത്തുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് 19-ാം തീയതി ചെന്നൈയില്‍ തുടക്കമാകുകയാണ്. മത്സരത്തിന് മുന്നോടിയായി രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം വെള്ളിയാഴ്ച ചെന്നൈയിലെത്തിച്ചേര്ന്നു. പരിശീലകന് ഗൗതം ഗംഭീര്‍ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ പരിശീലനത്തിന് നേതൃത്വം നല്കി. രാഹുല്‍ ദ്രാവിഡില്‍ നിന്ന് പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം ഗംഭീറിന്റെ ആദ്യ ടെസ്റ്റ് പരമ്പര പരീക്ഷണമാണിത്.
അതേസമയം ചെന്നൈ ടെസ്റ്റില്‍ ബംഗ്ലാദേശിനെ തോല്‍പ്പിക്കാനായാല്‍ ഇന്ത്യന്‍ ടീമിന് ടെസ്റ്റ് ചരിത്രത്തിലെ ഒരു നിര്‍ണായക നേട്ടം സ്വന്തമാക്കാം. 1932-ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഇന്ത്യ, ഇതുവരെ 579 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അതില്‍ ജയിച്ച കളികളുടെയും തോറ്റ കളികളുടെയും എണ്ണം 178 ആണ്. 222 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ബംഗ്ലാദേശിനെതിരേ ചെന്നൈയില്‍ ജയിക്കാനായാല്‍ ഇന്ത്യയുടെ ടെസ്റ്റ് ജയങ്ങളുടെ എണ്ണം 179 ആകും. അങ്ങനെ വന്നാല്‍ 1932-ല്‍ തുടങ്ങിയ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായി തോല്‍വികളേക്കാള്‍ ജയങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. 92 വര്‍ഷത്തിനിടെ ആദ്യമായാകും ഇന്ത്യ ഈ നേട്ടം സ്വന്തമാക്കുക.
ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന പരമ്പരയായിരുന്നു ടെസ്റ്റില്‍ ഇന്ത്യയുടെ അവസാനത്തേത്. ഇതില്‍ ഇന്ത്യ 4-1ന്റെ ജയവും സ്വന്തമാക്കിയിരുന്നു. ബംഗ്ലാദേശിനെതിരേ നാട്ടിലെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര കൂടാതെ ന്യൂസീലന്‍ഡിനെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയും ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍ ഗാവസ്ക്കര്‍ ട്രോഫിയുമാണ് ഇന്ത്യയെ കാത്തിരിക്കുന്ന ടെസ്റ്റ് പരീക്ഷണങ്ങള്‍.
നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 68.52 ശതമാനം പോയന്റുമായി ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. 62.50 ശതമാനം പോയന്റുമായി ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തുണ്ട്.