ന്യൂദല്‍ഹി: 2020 ലെ വടക്കുകിഴക്കന്‍ ദല്‍ഹി കലാപത്തില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് കലാപം നടത്തിയെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത പത്ത് പ്രതികളെ ദല്‍ഹി കോടതി വെറുതെ വിട്ടു. അന്വേഷണ ഉദ്യോഗസ്ഥന്റെ വാദങ്ങളിലെ കൃത്രിമത്വവും സാക്ഷിമൊഴികളിലെ വൈരുദ്ധ്യവും ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളായി ആരോപിക്കപ്പെട്ടവരില്‍ പത്ത് പേരെ വെറുതെ വിട്ടത്.
മുഹമ്മദ് ഷഹനവാസ്, മുഹമ്മദ് ഷൊയിബ്, ഷാരൂഖ്, റാഷിദ്, ആസാദ്, അഷ്റഫ് അലി, പര്‍വേസ്, മുഹമ്മദ് ഫൈസല്‍, മുഹമ്മദ് താഹിര്‍ എന്നിവര്‍ക്ക് ജാമ്യം ലഭിച്ചതെന്നാണ് ഇസ്ലാമിക സംഘടനയായ ജമിയത്ത് ഉലമ ഇ ഹിന്ദ് പത്രക്കുറിപ്പില്‍ അറിയിച്ചത്.
സാക്ഷി വിസ്താരത്തിലും എ.എസ്.ഐ, ഹെഡ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ വാദത്തിലും കോടതി വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ വെറുതെ വിടുകയായിരുന്നു.
കലാപത്തിന് ശേഷം സ്ഥലത്തുണ്ടായിരുന്ന തന്റെ കട കത്തിച്ചിട്ടില്ലെന്ന് സാക്ഷി പറഞ്ഞു. അതേസമയം സാക്ഷിയുടെ കട കലാപത്തിന് ശേഷം കത്തിച്ചിരുന്നുവെന്ന് പൊലീസും പറയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇവരുടെ വെളിപ്പെടുത്തലുകളില്‍ വിശ്വാസ്യതയില്ലെന്ന് കര്‍കര്‍ദൂമ കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമാചല ചൂണ്ടിക്കാട്ടുകയായിരുന്നു.
വെറുതെ വിട്ട പത്ത് പേരും കുറ്റം ചെയ്തവരിലുള്പ്പെടുന്നുവെന്ന് തെളിയിക്കുന്നതില്‍ പൊലീസിന് സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ സംഭവസ്ഥലത്ത് ഡ്യൂട്ടിക്ക് വിന്യസിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥനും മൊഴി നല്‍കിയിരുന്നു. അതേസമയം ഇയാളുടെ മൊഴി ഉള്‍പ്പെടെ തെളിവായി കാണാന്‍ വിശ്വാസ്യതയില്ലെന്നും കോടതി വ്യക്തമാക്കി.
കോടതിക്ക് നല്കിയ പൊലീസിന്റെ ഡ്യൂട്ടി റോസ്റ്ററില്‍ ഉള്‍പ്പെടെ കൃത്രിമത്വം നടന്നതായി സംശയിക്കുന്നതായും കോടതി പറഞ്ഞു. സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെയും മറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെയും മൊഴിയാണ് ഇതിന് ഇടയാക്കിയതെന്നും ജസ്റ്റിസ് പറഞ്ഞു.
കലാപത്തിനിടെ ശിവ് വിഹാര്‍ എന്ന പ്രദേശത്ത് കൊള്ളയടിച്ചു, ജനക്കൂട്ടത്തെ അക്രമിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളായിരുന്നു നിലവില്‍ വെറുതെ വിട്ടവര്‍ക്കുനേരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇവര്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് പ്രദേശത്തെ പല ഇടങ്ങളിലും തീകൊളുത്തുകയായിരുന്നുവെന്നും ആരോപിച്ചിരുന്നു.
2020 ഫെബ്രുവരിയില്‍ വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ നടന്ന കലാപത്തില്‍ 53 പേര് കൊല്ലപ്പെടുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ 38 പേരും മുസ്ലീങ്ങളായിരുന്നു.